- Trending Now:
ബാങ്ക് നിക്ഷേപത്തേക്കാളും ഉയര്‍ന്ന പലിശ ലഭിക്കുമെന്നതാണ് ഈ നിക്ഷേപ പദ്ധതിയുടെ പ്രത്യേകത. പെണ്‍മക്കളുള്ള മാതാപിതാക്കള്‍ക്കാണ് അക്കൗണ്ട് തുറക്കാന്‍ യോഗ്യത
ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും മക്കളുടെ ഉയര്‍ച്ചയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മാതാപിതാക്കളാണ് ഇപ്പോഴത്തെ കാലത്തുള്ളത്. എന്നാല്‍ ഇന്ത്യയുടെ മുഴുവന്‍ സാഹചര്യം നോക്കുകയാണെങ്കില്‍ ഇപ്പോഴും ആണ്‍കുട്ടികളുടെ അത്ര വിദ്യാഭ്യാസം പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്നില്ല. അതിനാല്‍ പെണ്‍കുട്ടികളുടെ ശോഭനമായ ഭാവിക്കായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ചെറു നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന.
പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 ലാണ് രാജ്യത്ത് 'സുകന്യ സമൃദ്ധി യോജന' ആരംഭിച്ചത്. പോസ്റ്റ് ഓഫീസുകളിലോ വാണിജ്യ ബാങ്കുകളിലോ സുകന്യ സമൃദ്ധി യോജന (എസ് എസ് വൈ) അക്കൗണ്ട് തുറക്കാന്‍ കഴിയും. സാധാരണയായി, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) അക്കൗണ്ട് തുറക്കാന്‍ സാധിക്കുന്ന എല്ലാ ബാങ്കുകളിലും അക്കൗണ്ട് തുറക്കാനുള്ള സൗകര്യമുണ്ടായിരിക്കും.
ബാങ്ക് നിക്ഷേപത്തേക്കാളും ഉയര്‍ന്ന പലിശ ലഭിക്കുമെന്നതാണ് ഈ നിക്ഷേപ പദ്ധതിയുടെ പ്രത്യേകത. പെണ്‍മക്കളുള്ള മാതാപിതാക്കള്‍ക്കാണ് അക്കൗണ്ട് തുറക്കാന്‍ യോഗ്യത. പെണ്‍കുട്ടിക്ക് 10 വയസാകുന്നതിന് മുമ്പ് അക്കൗണ്ട് ആരംഭിക്കാം. കുട്ടി പ്രായപൂര്‍ത്തിയാകുന്നതോടെ അക്കൗണ്ട് അവളുടെ പേരിലാകും. 15 വര്‍ഷത്തേതാണ് നിക്ഷേപ പദ്ധതി. പെണ്‍കുട്ടിക്ക് 21 വയസാകുമ്പോള്‍ കാലാവധി പൂര്‍ത്തിയാകും. ഒരു കുടുംബത്തിന് രണ്ടു അക്കൗണ്ടുകള്‍ മാത്രമേ ആരംഭിക്കാനാകൂ. രണ്ടാമത്തേത് ഇരട്ടകളോ മൂന്നു കുട്ടികളോ ആണെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോടെ അക്കൗണ്ട് ആരംഭിക്കാം.
ആദ്യഗഡുവായി 250 രൂപ മുടക്കിയാല്‍ സുകന്യ സമൃദ്ധി യോജനയില്‍ അക്കൗണ്ട് തുടങ്ങാം. മിനിമം നിക്ഷേപമായി 250 രൂപ നിലനിര്‍ത്തണം. അല്ലെങ്കില്‍ 50 രൂപ പിഴ ഈടാക്കും. അക്കൗണ്ടില്‍ 250 രൂപ നിക്ഷേപമില്ലെങ്കില്‍ മരവിപ്പിക്കും. എന്നാല്‍ ഏതു നിമിഷവും പണമടച്ച് സാധാരണ നിലയിലാക്കാനും സാധിക്കും. ഒന്നരലക്ഷം രൂപ വരെയാണ് പരമാവധി നിക്ഷേപം. ഒരു വര്‍ഷം എത്ര തവണ വേണമെങ്കിലും ഇതില്‍ നിക്ഷേപിക്കാം. എന്നാല്‍ ഒന്നരലക്ഷം രൂപക്ക് മുകളിലെത്തിയാല്‍ ഉടന്‍ തന്നെ അധികമുള്ള പണം അക്കൗണ്ട് ഉടമക്ക് തിരിച്ചുനല്‍കും.
സുകന്യ സമൃദ്ധി യോജന അക്കൗണ്ടുകളിലെ നിക്ഷേപത്തിന് നിലവില്‍ 7.6 ശതമാനം പലിശ ലഭിക്കും. സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ പലിശ അക്കൗണ്ടില്‍ നിക്ഷേപിക്കും. ഓരോ സാമ്പത്തിക വര്‍ഷവും പലിശയില്‍ ഏറ്റക്കുറിച്ചിലുകള്‍ ഉണ്ടാകും. കൂടാതെ ഈ അക്കൗണ്ട് നികുതി പരിധിക്ക് പുറത്തായിരിക്കും.
അക്കൗണ്ട് ആരംഭിച്ച് അഞ്ചുവര്‍ഷത്തിന് ശേഷം അക്കൗണ്ട് ഉടമയുടെ ഗുരുതര രോഗം, പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ മരണം തുടങ്ങിയവ സംഭവിക്കുകയാണെങ്കില്‍ പണം പിന്‍വലിക്കാം. കാലാവധി അവസാനിക്കാതെ പണം പിന്‍വലിക്കുമ്പോള്‍ മതിയായ രേഖകള്‍ ഹാജരാക്കാന്‍ അക്കൗണ്ട് ഉടമക്ക് സാധിക്കണം.
പെണ്‍കുട്ടിക്ക് 18 വയസാകുമ്പോഴോ, 10 ാം ക്ലാസിന് ശേഷമോ അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാം. ഇതില്‍ 50 ശതമാനം തുക മാത്രമേ പിന്‍വലിക്കാന്‍ സാധിക്കൂ. 21 വയസാകുമ്പോള്‍ മുഴുവന്‍ തുകയും അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാം. പണം പിന്‍വലിച്ചില്ലെങ്കില്‍ പലിശ തുടര്‍ന്നും ലഭിക്കും.
സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കുന്നതിന് നിങ്ങള്‍ക്ക് ഒരു അപേക്ഷ ഫോം ആവശ്യമാണ്. മകളുടെ അല്ലെങ്കില്‍ പെണ്‍മക്കളുടെ ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. മാതാപിതാക്കളുടെ തിരിച്ചറിയല്‍ കാര്‍ഡ് കൈവശമുണ്ടായിരിക്കണം. പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട് എന്നിവ ഉപയോഗിക്കാവുന്നതാണ്. വിലാസ തെളിവിനായി മാതാപിതാക്കള്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട്, വൈദ്യുതി ബില്‍ അല്ലെങ്കില്‍ റേഷന്‍ കാര്‍ഡ് ഇതിനായി ഉപയോഗിക്കാം.
ബാങ്ക് അല്ലെങ്കില്‍ പോസ്റ്റോഫീസ് അധികൃതര്‍ നിങ്ങളുടെ രേഖകള്‍ പരിശോധിച്ച ശേഷം അക്കൗണ്ട് തുറക്കും. അക്കൗണ്ട് തുറന്ന ശേഷം, പാസ്ബുക്ക് അക്കൗണ്ട് ഉടമയ്ക്ക് നല്‍കും. നിങ്ങളുടെ അക്കൗണ്ട് തുറന്ന സ്ഥലത്ത് നിന്ന് മറ്റെവിടേക്കെങ്കിലും നിങ്ങള്‍ താമസം മാറിയാല്‍ വിഷമിക്കേണ്ട കാര്യമില്ല. കാരണം ഈ അക്കൗണ്ട് രാജ്യത്ത് എവിടേയ്ക്ക് വേണമെങ്കിലും ട്രാന്‍സ്ഫര്‍ ചെയ്യാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.