Sections

ബിസിനസിനെ ബിസിനസായി കണ്ടില്ലെങ്കില്‍ തകരാന്‍ വേറെ കാരണം വേണ്ട

Friday, Nov 19, 2021
Reported By Admin
business

ബിസിനസിന്റെ ധനകാര്യത്തെ ഉടമസ്ഥന്റെ ധനകാര്യവുമായി കൂട്ടിക്കുഴയ്ക്കാതെ പ്രത്യേകം പ്രത്യേകം സൂക്ഷിക്കുക


ബിസിനസ് ഒരു വ്യക്തി ആരംഭിക്കുന്നതാണെങ്കിലും പാര്‍ട്ട്‌നര്‍ഷിപ്പില്‍ ആരംഭിക്കുന്നതാണെങ്കിലും ബിസിനസിനെ ബിസിനസായി കാണാന്‍ ശ്രമിക്കണം. ബിസിനസും വ്യക്തിയും എപ്പോഴും വേറിട്ടു നില്‍ക്കുന്നു. അവ മനസിലാക്കിയാല്‍ മാത്രമേ നിങ്ങള്‍ക്ക് ബിസിനസില്‍ ഉയര്‍ച്ച ഉണ്ടാകുകയുള്ളൂ.

എല്ലാ കഴിവുകളും ഉണ്ടായാല്‍ മാത്രമേ ബിസിനസ് ആരംഭിക്കാവൂ എന്നു പറയുന്നത് തീര്‍ത്തും തെറ്റായ കാര്യമാണ്. എല്ലാവര്‍ക്കും എല്ലാ കാര്യങ്ങളിലും പ്രാവീണ്യം ഉണ്ടായിരിക്കില്ല. ഒരാള്‍ക്ക് ധനകാര്യത്തിലാണ് പ്രാവീണ്യമെങ്കില്‍ മറ്റേയാള്‍ക്ക് മാര്‍ക്കറ്റിംഗില്‍ ആയിരിക്കും പ്രാവീണ്യം. വേറൊയാള്‍ക്ക് ടെക്‌നോളജില്‍ ആയിരിക്കും പ്രാവീണ്യം. എന്നാല്‍ ഇവയെല്ലാം ആര്‍ജ്ജിക്കാന്‍ സംരംഭകന്‍ തയ്യാറാകേണം. എന്നാല്‍ മാത്രമേ ബിസിനസില്‍ വിജയം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. ധനകാര്യ മാനേജ്‌മെന്റില്‍ ആര്‍ജിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങള്‍ മനസിലാക്കാം.

ബിസിനസ് എന്ന വ്യക്തി

ബിസിനസിനെ ഒരു പ്രത്യേക വ്യക്തിയായി കണക്കാക്കുക. അതുകൊണ്ടുതന്നെ ബിസിനസിന്റെ ധനകാര്യത്തെ ഉടമസ്ഥന്റെ ധനകാര്യവുമായി കൂട്ടിക്കുഴയ്ക്കാതെ പ്രത്യേകം പ്രത്യേകം സൂക്ഷിക്കുക. ബിസിനസിനു മാത്രമായി സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകള്‍ തുറക്കുക. ഉടമസ്ഥന്‍ ബിസിനസില്‍ നിന്നു പണമെടുത്താല്‍ അതു കടമായി കണക്കാക്കുകയും തിരിച്ചു നല്‍കുകയും ചെയ്യുക. കമ്പനിയുടെ ചെലവുകള്‍ ട്രാക്ക് ചെയ്യാന്‍ ഇതു സഹായിക്കും. വ്യക്തിപരമായ ആവശ്യത്തിനു ബിസിനസില്‍ നിന്നു പണമെടുത്താല്‍ ആ സംരംഭം എപ്പോള്‍ തകരാന്‍ കാരണമെന്നും വേണ്ടി വരില്ല.

ധനകാര്യ അറിവ്

ധനകാര്യ മാനേജ്‌മെന്റിന്റെ വിവിധ വശങ്ങള്‍ പഠിച്ചെടുക്കുക. എങ്ങനെ ഒരു ധനകാര്യ റിപ്പോര്‍ട്ട് വായിക്കാമെന്ന് ആദ്യമേ പഠിക്കാം. കാരണം പണം എവിടെയുണ്ടായി എവിടേക്കു പോകുന്നുവെന്ന് ധനകാര്യ റിപ്പോര്‍ട്ട് നിങ്ങളോട് പറയും. ധനകാര്യ റിപ്പോര്‍ട്ടിന് നാല് പ്രധാന ഭാഗങ്ങളാണുള്ളത്. കാഷ് ഫ്‌ളോ സ്റ്റേറ്റ്‌മെന്റ്, ഇന്‍കം സ്റ്റേറ്റ്‌മെന്റ്, ബാലന്‍സ് ഷീറ്റ്, ഷെയര്‍ഹോള്‍ഡേഴ്‌സ് ഇക്വിറ്റി സ്റ്റേറ്റ്‌മെന്റ് എന്നിവയാണവ.

നിക്ഷേപം, പണത്തിന്റെ വരവ്, പോക്ക് തുടങ്ങി കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ അവലോകനം ചെയ്യുന്നതാണ് കാഷ് ഫ്‌ളോ സ്റ്റേറ്റ്‌മെന്റ്. കമ്പനിയുടെ ആസ്തി ബാധ്യതകളെക്കുറിച്ചുള്ള വിവരമാണ് ബാലന്‍സ് ഷീറ്റ് നല്‍കുന്നത്. നിശ്ചിത കാലയളവില്‍ കമ്പനി നേടുന്ന വരുമാനത്തിന്റെ ചിത്രമാണ് ഇന്‍കം സ്റ്റേറ്റ്‌മെന്റ് നല്‍കുന്നത്. കമ്പനിയുടെ പ്രവര്‍ത്തനത്തിനുള്ള മൂലധനം എങ്ങനെ ആര്‍ജിച്ചുവെന്ന് ഷെയര്‍ ഹോള്‍ഡേഴ്‌സ് ഇക്വിറ്റി വിശദീകരിക്കുന്നു.

ചെലവുകള്‍ ശ്രദ്ധിച്ച്

ഒരു രൂപ ചെലവില്‍ കുറച്ചാല്‍ ഒരു രൂപ സമ്പാദിച്ചതുപോലെയാണ്. പക്ഷേ ഇടപാടുകാരുടെ സംതൃപ്തിയില്‍ ഇടിവുണ്ടാകരുത്. ബിസിനസിന്റെ ചെലവുകള്‍ നിയന്ത്രിച്ചു നിര്‍ത്തുക. ചെറുകിട സംരംഭങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും പ്രധാനപ്പെട്ടതാണ്. പ്രധാനമായും രണ്ടു ചെലവുകളാണ് ബിസിനസിലുള്ളത്. ഫിക്‌സഡ് കോസ്റ്റും വേരിയബിള്‍ കോസ്റ്റും. നഷ്ടമാണെങ്കിലും ലാഭമാണെങ്കിലും ഫിക്‌സഡ് കോസ്റ്റ് ബിസിനസിന്റെ പ്രവര്‍ത്തനത്തിന് ഒഴിച്ചുകൂടാന്‍ സാധിക്കാത്തതാണ്. എന്നാല്‍ വേരിയബിള്‍ കോസ്റ്റ് നോക്കിയുംകണ്ടും കുറയ്ക്കുവാന്‍ സാധിക്കും.

നിരീക്ഷണവും വിലയിരുത്തലും

ബിസിനസ് ഉടമയെന്ന നിലയില്‍ ഏതൊരു സംരംഭം നടത്തുന്നവരും തങ്ങളുടെ പണം എങ്ങനെയാണ് നീങ്ങുന്നതെന്നു മനസിലാക്കിയിരിക്കണം. മുന്‍കാലങ്ങളിലെ പ്രകടനവുമായി നടപ്പുവര്‍ഷത്തെ പ്രകടനത്തെ താരതമ്യം ചെയ്യുകയും ഭാവിയിലെ വരുമാനവും ചെലവും കാഷ്ഫ്‌ളോയും അനുമാനിക്കുകയും ചെയ്യണം. ഇതു വഴി ശക്തമായ തീരുമാനങ്ങള്‍ എടുക്കുവാന്‍ ബിസിനസ് ഉടമയ്ക്കു സാധിക്കും. കൂടാതെ ശക്തമായ അക്കൗണ്ടിംഗ് ബിസിനസ് വിജയത്തിന് അത്യന്താപേക്ഷിതമാണ്. അതിനാല്‍ വെബ് ബേസ്ഡ് അക്കൗണ്ടിംഗ് സോഫ്‌റ്റ്വേര്‍ ഉപയോഗപ്പെടുത്തുക.

പ്രൊഫഷണല്‍ സഹായം

നികുതി, അക്കൗണ്ടിംഗ്, ഡേറ്റ് അനാലിസിസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിദഗ്ധ സഹായം തേടുക. പാര്‍ട്ടൈം അടിസ്ഥാനത്തിലായാലും മതിയാകും. ബിസിനസിന്റെ വലുപ്പമനുസരിച്ച് ഫുള്‍ടൈം വിദഗ്ധരെ നിയമിക്കാം. പക്ഷേ അവര്‍ വിശ്വസിക്കാവുന്നവരായിരിക്കണം. ഇവരുടെ വൈദഗ്ധ്യം സംരംഭകന് മാര്‍ഗനിര്‍ദ്ദേശമാകുകയും പ്രധാന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ സഹായിക്കുകയും ചെയ്യും.

മോശമായ ധനകാര്യ മാനേജ്‌മെന്റാണ് നല്ലൊരു പങ്ക് സ്റ്റാര്‍ട്ടപ്പുകളുടേയും പുതിയ സംരംഭങ്ങളുടേയും തകര്‍ച്ചയ്ക്ക് കാരണമെന്നാണ് പഠനം പറയുന്നത്. കൃത്യമായ പ്ലാനിങ് ഇല്ലാതെ സംരംഭം ആരംഭിക്കുന്നതാണ് ഇതിലെ പ്രധാന കാരണം. ധനകാര്യം ബിസിനസിന്റെ നട്ടെല്ലാണ്. അതിനാല്‍ ആവശ്യമായ അറിവുകള്‍ നേടാനും വിദഗ്ധരുടെ സഹായം തേടാനും മടിക്കരുത്.  


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.