Sections

ഓഹരി വിപണിയിലെ തുടക്കക്കാര്‍ ഇക്കാര്യങ്ങള്‍ ഉറപ്പായും ശ്രദ്ധിക്കുക

Monday, Aug 30, 2021
Reported By Aswathi Nurichan
stock market beginers

ഒറ്റ രാത്രി കൊണ്ട് പണക്കാരാകാം എന്ന ധാരണയില്‍ സ്‌റ്റോക്ക് ട്രേഡിംഗ് ആരംഭിക്കാന്‍ ഇരിക്കുന്നവരാണെങ്കില്‍ അത്തരം ചിന്തകള്‍ മാറ്റിവച്ച് കൊണ്ട് ട്രേഡിംഗിലേക്ക് ഇറങ്ങുക. മികച്ച ട്രേഡിംഗ് ടെക്‌നിക്കും കരുത്തുറ്റ റിസ്‌ക് മാനേജ്‌മെന്റും നിരന്തര പരിശ്രമമവുമാണ് ട്രേഡിംഗിലെ വിജയത്തിന് അടിസ്ഥാനം

 

ഓഹരി വിപണിയില്‍ കോവിഡ് കാലത്ത് നിക്ഷേപകര്‍ വര്‍ദ്ധിച്ചിരുന്നു. എന്നാല്‍ പലരും ഓഹരി വിപണിയുടെ പ്രാഥമിക പാഠങ്ങള്‍ അറിയാതെയാണ് നിക്ഷേപിക്കുവാനും ട്രേഡിംഗ് നടത്തുവാനും തയ്യാറാകുന്നത്. ഓഹരി വിപണിയുടെ കൃത്യമായ വിവരങ്ങള്‍ മനസിലാക്കി മാത്രമേ നിക്ഷേപിക്കാന്‍ പാടുള്ളൂ. പുതിയതായി ഓഹരി വിപണിയില്‍ നിക്ഷേപിച്ചവരും നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവരും അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍ അറിയേണ്ടേ? 

കമ്പനിയെ കുറിച്ച് മനസിലാക്കുക

ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിനും ട്രേഡിംഗ് നടത്തുന്നതിനും മുമ്പ് തെരഞ്ഞെടുക്കുന്ന കമ്പനി എന്നാണ് തുടങ്ങിയത്, ആരാണ് പ്രൊമോട്ടര്‍മാര്‍, അവര്‍ക്ക് കമ്പനിയില്‍ എത്ര ഹോള്‍ഡിംഗ്‌സ് ഉണ്ട് തുടങ്ങിയ കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. ഇത്തരം കാര്യങ്ങള്‍ അറിയാനായി ഓണ്‍ലൈനില്‍ നിരവധി സാധ്യതകളുമുണ്ട്. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ മനസിലാക്കി മാത്രമേ ഓഹരി വിപണിയില്‍ അക്കൗണ്ട് തുടങ്ങാവൂ. സ്‌ക്രീനന്‍ ഡോട്ട് ഇന്‍, മണി കണ്‍ട്രോള്‍ തുടങ്ങിയ വെബ്‌സൈറ്റുകള്‍ ഇതിനായി ഉപയോഗിക്കാം.

നിക്ഷേപം വിപുലപ്പെടുത്തുക

നിക്ഷേപിക്കുമ്പോള്‍ ഒരു കമ്പനിയില്‍ മാത്രം നിക്ഷേപിക്കാതിരിക്കുക. ഓഹരി വിപണിയില്‍ ലാഭ സാധ്യതയ്‌ക്കൊപ്പം നഷ്ട സാധ്യതയുമുണ്ട്. അതിനാല്‍ തന്നെ ഒരു ഷെയറില്‍ മാത്രം നിക്ഷേപിക്കുന്നത് വലിയ റിസ്‌ക് ആയിരിക്കും. നിക്ഷേപിക്കുമ്പോള്‍ പല മേഖലകളും അതിലെ തന്നെ നല്ല കമ്പനികളും തിരഞ്ഞെടുക്കുക. എതെങ്കിലും ഒരു കമ്പനിക്കോ സെക്ടറിനോ എതിരായി ഒരു വാര്‍ത്ത വന്നാലോ അല്ലെങ്കില്‍ ആ കമ്പനിയുടെ വരുമാന ഇടിഞ്ഞാലോ മുഴുവന്‍ പണവും നഷ്ടമാകില്ല എന്നുള്ളതാണ് ഇത്തരത്തില്‍ നിക്ഷേപിച്ചാലുള്ള ഗുണം. ഒരു കമ്പനിയിലെ നഷ്ടം മറ്റൊരു കമ്പനി കൊണ്ട് നികത്താം.

അടിയന്തിര ആവശ്യമില്ലാത്ത പണം മാത്രം നിക്ഷേപിക്കുക

പെട്ടെന്ന് ആവശ്യമില്ലാത്ത പണം ഉപയോഗിച്ച് മാത്രം ഓഹരി വിപണിയില്‍ നിക്ഷേപിക്കുവാനോ ട്രേഡിംഗ് നടത്തുവാനോ ആരംഭിക്കുക. മറ്റുള്ളവരില്‍ നിന്ന് കടം വാങ്ങാതിരിക്കാനും സ്‌റ്റോക്ക് ബ്രോക്കര്‍മാര്‍ നല്‍കുന്ന ലിവറേജുകള്‍ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഓഹരി വിപണിയില്‍ സ്വന്തം കഴിവില്‍ വിശ്വാസം വന്നതിന് ശേഷമേ ഇത്തരം വഴികള്‍ സ്വീകരിക്കാവൂ. അതല്ലെങ്കില്‍ വലിയ ബാധ്യതകളിലേക്ക് എത്തിപ്പെടാന്‍ സാധ്യതയുണ്ട്.

വിലയിടിയുമ്പോള്‍ ഉടനെ വാങ്ങരുത്

സ്റ്റോക്കുകളുടെ വില എന്നെങ്കിലും ഇടിഞ്ഞാല്‍ ഉടനെ അത് കുറഞ്ഞ പണത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ച് വാങ്ങാന്‍ ശ്രമിക്കരുത്. സ്റ്റോക്ക് ഇടിഞ്ഞതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി വാങ്ങാന്‍ ശ്രമിക്കുക. ഇല്ലെങ്കില്‍ ചിലപ്പോള്‍ തിരിച്ച് സ്‌റ്റോക്ക് വാങ്ങിയ വിലയില്‍ പോലും എത്താതെ തുടര്‍ച്ചയായി താഴോട്ട് പോകാനുള്ള സാധ്യതയുണ്ട്. 

പെന്നി സ്റ്റോക്കുകള്‍ വാങ്ങുന്നത് ഒഴിവാക്കുക

വളരെ വില കുറഞ്ഞ ഓഹരികളാണ് പെന്നി സ്റ്റോക്കുകള്‍. വില കുറവാതായതിനാല്‍ തുടക്കക്കാര്‍ അത് തിരഞ്ഞെടുത്ത് വാങ്ങാന്‍ ശ്രമിക്കും. എന്നാല്‍ മോശം പ്രകടനവും വരുമാനത്തിലെ തുടര്‍ച്ചയായ ഇടിവും കാരണമാണ് ഇവ പെന്നി സ്‌റ്റോക്കുകളായി തുടരുന്നത്. അതുകൊണ്ട് ഇത്തരം സ്‌റ്റോക്കുകള്‍ ലാഭ സാധ്യത വളരെ കുറവുള്ളവയാണ്. കൂടാതെ ഇത്തരം സ്‌റ്റോക്കുകള്‍ സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ നിന്ന് ഡിലിസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതയും ഏറെയാണ്.

തുടക്കത്തില്‍ ഇന്‍ട്രാഡേ ട്രേഡിംഗ് ഒഴിവാക്കുക

ഓഹരി ഒരേ ദിവസം തന്നെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിനെയാണ് ഇന്‍ട്രാഡേ ട്രേഡിംഗ അല്ലെങ്കില്‍ ഡേ ട്രേഡിംഗ് എന്നു പറയുന്നത്. വലിയ മാനസിക സമ്മര്‍ദ്ദം തുടക്കക്കാര്‍ക്ക് ഇന്‍ട്രാഡേ ട്രേഡിംഗ് വരുത്താറുണ്ട്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ തുടക്കക്കാരുടെ പണം നഷ്ടമാകുന്നതിന്റെ പ്രധാന കാരണമാണ് ഇന്‍ട്രാഡേ. ട്രേഡിംഗിനെ കുറിച്ച് വളരെ നന്നായി അറിഞ്ഞതിന് ശേഷം മാത്രമേ ഇന്‍ട്രാഡേ ട്രേഡിംഗിലേക്ക് കടക്കാവൂ. കുറഞ്ഞ സമയം കൊണ്ട് വലിയ നേട്ടം ഉണ്ടാക്കാം എന്ന ധാരണയിലാണ് ഇന്‍ട്രാഡേ ആരംഭിക്കുന്നത്. എന്നാല്‍ കഠിനാധ്വാനവും വ്യക്തമായ അറിവും ട്രേഡിംഗിന് ആവശ്യമാണ്.

ട്രേഡിംഗിനെ ചൂതാട്ടമായി കണക്കാക്കരുത്

ഒറ്റ രാത്രി കൊണ്ട് പണക്കാരാകാം എന്ന ധാരണയില്‍ സ്‌റ്റോക്ക് ട്രേഡിംഗ് ആരംഭിക്കാന്‍ ഇരിക്കുന്നവരാണെങ്കില്‍ അത്തരം ചിന്തകള്‍ മാറ്റിവച്ച് കൊണ്ട് ട്രേഡിംഗിലേക്ക് ഇറങ്ങുക. മികച്ച ട്രേഡിംഗ് ടെക്‌നിക്കും കരുത്തുറ്റ റിസ്‌ക് മാനേജ്‌മെന്റും നിരന്തര പരിശ്രമമവുമാണ് ട്രേഡിംഗിലെ വിജയത്തിന് അടിസ്ഥാനം.

ഷെയര്‍ മാര്‍ക്കറ്റില്‍ നഷ്ടം സംഭവിക്കുന്നത് തെറ്റായ തീരുമാനങ്ങളും രീതികളും മൂലം തന്നെയാണ്. അത് കൃത്യമായി മനസിലാക്കിയും അത്തരം തെറ്റുകുറ്റങ്ങള്‍ കണ്ട് പരിഹരിച്ചും ട്രേഡിംഗ് അല്ലെങ്കില്‍ ഇന്‍വെസ്റ്റിംഗ് നടത്തിയാല്‍ നഷ്ടങ്ങള്‍ ഒഴിവാക്കാം എന്ന് ഉറപ്പാണ്. അതുപോലെ ട്രേഡിംഗ് നടത്തി ബാധ്യതയുണ്ടാക്കാതിരിക്കാനും ശ്രമിക്കണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.