Sections

മീന്‍ വാങ്ങാന്‍ മീമീ ഫിഷുമായി സംസ്ഥാന സര്‍ക്കാര്‍; ഇനി മീനിനെ അറിഞ്ഞ് വാങ്ങാം

Tuesday, Aug 31, 2021
Reported By Aswathi Nurichan
fish

മീമീ ഫിഷുമായി സഹകരിക്കുന്ന എല്ലാ ബോട്ടുകളിലും റേഡിയോ ഫ്രീക്വന്‍സി ഉപയോഗിക്കുന്ന ഐസ് പെട്ടികള്‍ നല്‍കുമെന്നതാണ് ഇതിന്റെ പ്രധാന ഗുണം. രാസവസ്തുക്കള്‍ മീമീ ഫിഷിന്റെ ഉത്പന്നങ്ങളില്‍ പ്രയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയാണ് നല്‍കുന്നത്.

 

ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനുള്ള ഓണ്‍ലൈന്‍ ആപ്പ് നിരവധിയുണ്ട്. എന്നാല്‍ മീന്‍ വാങ്ങുന്നതിനു മാത്രമായി ഓണ്‍ലൈന്‍ സംവിധാനമൊരുക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഓണ്‍ലൈന്‍ മത്സ്യവില്പന പുതുമയുള്ളതല്ല, പിന്നെ ഇതില്‍ എന്താണ് പ്രത്യേകത എന്നാകും നിങ്ങള്‍ ചിന്തിക്കുന്നത് അല്ലേ? 

നിങ്ങള്‍ കഴിക്കുന്ന മീന്‍ കടലിന്റെ ഏതു ഭാഗത്തുനിന്ന് എപ്പോള്‍ പിടിച്ചതെന്ന് അടക്കമുള്ള എല്ലാ വിവരങ്ങളും അറിയാന്‍ കഴിഞ്ഞാലോ? ഫിഷറീസ് വകുപ്പ് ഏര്‍പ്പെടുത്തിയ മീമീ ഫിഷ് (MIMI Fish)ആപ്പിലൂടെ മീന്‍ വാങ്ങിയാല്‍ മത്സ്യം പിടിച്ച ദിവസം, സമയം, സ്ഥലം, വള്ളത്തിന്റെയും തൊഴിലാളികളുടെയും വിവരങ്ങള്‍ എന്നിവ ഉപഭോക്താക്കള്‍ക്ക് അറിയാനാകുന്നത്.

സംസ്ഥാന തീരദേശ വികസന കോര്‍പറേഷന് കീഴില്‍ കേന്ദ്ര ഫിഷറീസ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, സൊസൈറ്റി ഫോര്‍ അഡ്വാന്‍സ് ടെക്നോളജീസ് ആന്‍ഡ് മാനേജ്മന്റ് എന്നിവയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി. ഗൂഗിള്‍ പ്ലേസ്റ്റോര്‍ വഴി ആപ് ഡൗണ്‍ലോഡ് ചെയ്യാം. മത്സ്യത്തിനും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ക്കുമായി സംസ്ഥാനത്തുടനീളം വില്പനശാലകളും ഓണ്‍ലൈന്‍ ഹോം ഡെലിവറി സംവിധാനവും ആപ്പ് വഴി ലഭിക്കും.മീമീ സ്റ്റോര്‍ വഴിയും മത്സ്യം വാങ്ങാം. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഏതാനും സ്ഥലങ്ങളിലാണ് ആദ്യം മീമീ ഫിഷിന്റെ സേവനങ്ങള്‍ കിട്ടുക.

മീമീ ഫിഷുമായി സഹകരിക്കുന്ന എല്ലാ ബോട്ടുകളിലും റേഡിയോ ഫ്രീക്വന്‍സി ഉപയോഗിക്കുന്ന ഐസ് പെട്ടികള്‍ നല്‍കുമെന്നതാണ് ഇതിന്റെ പ്രധാന ഗുണം. കടലില്‍ വച്ച് തന്നെ മത്സ്യബന്ധന തൊഴിലാളികള്‍ക്ക് നിശ്ചിത വില ലഭിക്കുന്നതിനാല്‍ കരയിലെത്താന്‍ വേഗം കൂട്ടി ബോട്ട് ഓടിക്കേണ്ട അവസ്ഥ ഇല്ലാതാകുകയും ഇന്ധനച്ചെലവ് 70 ശതമാനംവരെ കുറയ്ക്കാനും കഴിയും.

രാസവസ്തുക്കള്‍ മീമീ ഫിഷിന്റെ ഉത്പന്നങ്ങളില്‍ പ്രയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയാണ് നല്‍കുന്നത്. യൂറോപ്യന്‍ യൂണിയന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള ഗുണമേന്മാ മാനദണ്ഡങ്ങളാണ് സംഭരണം, സംസ്‌കരണം, സൂക്ഷിക്കല്‍ തുടങ്ങിയവയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിഫ്റ്റ് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ച് പിടിച്ച മത്സ്യത്തെ ഉടനെ തന്നെ ശീതീകരണ സംവിധാനത്തിലേക്ക് മാറ്റും.

ഡിസി കറന്റ് മുഖേന ശീതീകരണ സംവിധാനം പ്രവര്‍ത്തിക്കുന്നതിനാല്‍ വൈദ്യുത തടസം ഉണ്ടായാലും മീന്‍ കേടുകൂടാതെയിരിക്കും. സൗരോര്‍ജ്ജ സംവിധാനവുമുണ്ട്. എലി, മറ്റ് ക്ഷുദ്രജീവികള്‍ മുതലായവയുടെ ശല്യം ഗോഡൗണിലും മീമീ സ്റ്റോറുകളിലും ഉണ്ടാകാതിരിക്കാനുള്ള സെന്‍സര്‍ സംവിധാനവുമുണ്ട്.

മീമീ ഉത്പന്നങ്ങള്‍ മാത്രമേ സ്റ്റോറുകള്‍ വഴി വില്‍ക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്താന്‍ സിസിടിവി സംവിധാനവും ഒരുക്കും. എല്ലാ കാലാവസ്ഥയിലും ഗുണമേന്‍മ കാത്തു സൂക്ഷിക്കാന്‍ ഒരുക്കിയ വാഹനങ്ങളിലാണ് ഹോം ഡെലിവറി. ഇടയ്ക്ക് വച്ച് പഠനം മുടങ്ങിയ ബിരുദവിദ്യാര്‍ത്ഥികളെയാണ് ഹോംഡെലിവറിക്കായി നിയോഗിക്കുന്നത്. അവര്‍ക്ക് വേണ്ട അക്കാദമിക പരിശീലനം നല്‍കും. ബിരുദപഠനം പൂര്‍ത്തിയാക്കുന്നതിന് സഹായിക്കുകയും ചെയ്യും.

മത്സ്യബന്ധനമേഖലയുടെ ഉന്നമനത്തിനു വേണ്ടി സംസ്ഥാന ഫിഷറീസ് വകുപ്പ് വിഭാവനം ചെയ്ത പരിവര്‍ത്തനം എന്ന ഈ പദ്ധതിയിലൂടെ അനുബന്ധ മേഖലകള്‍ക്കും ഏറെ ഗുണം കൈവരും. ഹരിത സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ പദ്ധതിയെന്നതിനാല്‍ പരമ്പരാഗത മത്സ്യബന്ധനമേഖലയ്ക്ക് സുസ്ഥിരമായ രീതികള്‍ തുടരാന്‍ സാധിക്കും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.