- Trending Now:
സ്വര്‍ണ്ണം എപ്പോഴും ആഭരണം എന്നതിനെക്കാള്‍ സുരക്ഷിതമായ നിക്ഷേപം എന്ന നിലയില്‍ സൂക്ഷിക്കുന്നവരായിരിക്കും നമ്മളൊക്കെ.സ്വര്‍ണ്ണം വില്‍ക്കേണ്ടി വന്നാല്‍ ലഭിക്കുന്ന തുകയിലെ കുറവും,വീടുകളില്‍ സൂക്ഷിച്ചാലുള്ള സുരക്ഷിതത്വമില്ലായ്മയും കണക്കിലെടുത്ത് ഏതെങ്കിലും അടിയന്തര ഘട്ടത്തില്‍ പെട്ടെന്ന് ഉപയോഗിക്കാമെങ്കിലും സ്വര്‍ണം ആഭരണ രൂപത്തില്‍ വീടുകളില്‍ സൂക്ഷിക്കുന്നത് അത്ര പന്തിയല്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.പിന്നെ എങ്ങനെ നമുക്ക് സ്വര്‍ണ്ണം സൂക്ഷിക്കാനും പ്രയോജനപ്പെടുത്താനും സാധിക്കുമെന്ന് നോക്കിയാലോ ?
അധികം നമുക്ക് അറിയാത്ത ഒരു സ്വര്‍ണ്ണ നിക്ഷേപ മാര്‍ഗ്ഗമാണ് ഡിജിറ്റല്‍ രൂപത്തിലുള്ള സ്വര്‍ണ്ണ നിക്ഷേപം.ഡിജിറ്റല്‍ രൂപത്തില്‍ സ്വര്‍ണം എങ്ങനെ നിക്ഷേപിക്കാമെന്ന് നോക്കാം ?
1) എസ്.ജി.ബി(സോവറെന്‍ ഗോള്‍ഡ് ബോണ്ടുകള്‍ )
ഇന്ത്യന്‍ ഗവണ്‍മെന്റിന് വേണ്ടി ആര്‍ബിഐ പുറത്തിറക്കുന്ന എസ്.ജി.ബി ബോണ്ടുകളാണ് സ്വര്‍ണ നിക്ഷേപത്തിലെ വരുമാന സാധ്യതകളെ കുറിച്ചുള്ള ധാരണ പൊതുജനത്തിനുണ്ടാക്കി നല്‍കിയത്.നിലവില് സോവറെന്‍ ഗോള്‍ഡ് ബോണ്ടിന്റെ അഞ്ചാം സീരിസ് തുറന്നിട്ടുണ്ട്.ഇതിലേക്ക് നിക്ഷേപിക്കുമ്പോള്‍ മൂല്യത്തിന്റെ 2.50 ശതമാനം പലിശ ലഭിക്കുകയും ഈ തുക വര്‍ഷത്തില്‍ രണ്ട് തവണയായി ബാങ്കില്‍ ക്രെഡിറ്റ് ചെയ്യപ്പെടുകയും ചെയ്യും.വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും സ്വര്‍ണ്ണ കൈമാറ്റം നടക്കാത്തതുകൊണ്ട് സ്വര്‍ണ്ണത്തിന്റെ തൂക്കം നഷ്ടമാകുമെന്ന ഭീതിയും ഒഴിവാക്കാന്‍ സാധിക്കുന്നു.
999 ശുദ്ധതയുള്ള ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ പേരില്‍ വാങ്ങാവുന്ന സോവറെന്‍ ഗോള്‍ഡ് ബോണ്ടുകള്‍ക്ക് പണിക്കൂലിയോ ജിഎസ്ടിയോ പോലുള്ള അധിക ചെലവുകള്‍ വരുന്നില്ല.കുറഞ്ഞത് 1 ഗ്രാം മുതല്‍ കൂടിയത് 4 കിലോഗ്രാം വരെ സ്വര്‍ണ്ണം ഇത്തരം ബോണ്ടുകളിലൂടെ വാങ്ങാം.ട്രസ്റ്റ് പോലുള്ള സംവിധാനങ്ങളാണെങ്കില്‍ കൂടിയത് 20 കിലോ വരെ സ്വര്‍ണ്ണം ഈ രീതിയില്‍ വാങ്ങാനും സാധിക്കും.ബാങ്കുകള്‍,ഡീമാറ്റ് അക്കൗണ്ടുകള്‍ വഴിയും സ്വര്‍ണ്ണം വാങ്ങാന്‍ സാധിക്കും.8 വര്‍ഷമാണ് ബോണ്ടിന്റെ കാലാവധിയെങ്കിലും അഞ്ച്-ആറ്-ഏഴ് വര്‍ഷങ്ങളില്‍ നിക്ഷേപകര്‍ക്ക് ബോണ്ട് റിസര്‍വ് ബാങ്കിന് തന്നെ വില്‍ക്കാനുള്ള സാഹചര്യമുണ്ടെന്നതും സോവറെന്‍ ഗോള്‍ഡ് ബോണ്ടുകളുടെ പ്രധാന ആകര്‍ഷണമാണ്.
2) ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡട് ഫണ്ട് (ഗോള്‍ഡ് ഇ.റ്റി.എഫ്)
രാജ്യത്തിനുള്ളിലാണ് സോവറെന്‍ ഗോള്‍ഡ് ബോണ്ടുകളിലെ നിക്ഷേപമെങ്കില്‍ അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണ്ണം നിക്ഷേപിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഗോള്‍ഡ് ഇ.റ്റി.എഫുകള്‍.എസ്. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലൂടെ ട്രേഡിംഗ് സമയത്ത് എപ്പോള്‍ വേണമെങ്കിലും വാങ്ങാനും വില്‍ക്കാനും കഴിയുന്ന മ്യൂച്ചല്‍ ഫണ്ടുകളാണ് ഇ.റ്റി.എഫുകള്‍.ഗോള്‍ഡ് ഇ.റ്റി.എഫ് യൂണിറ്റുകള്‍ വാങ്ങുവാന്‍ ഒരു ഡീമാറ്റ് അക്കൗണ്ട് കൂടിയേ തീരു.ഇലക്ട്രോണിക് രൂപത്തില്‍ വാങ്ങുമ്പോള്‍ പണിക്കൂലിയോ ജിഎസ്ടിയോ പോലുള്ള കടമ്പകള്‍ ഉണ്ടാകുന്നില്ല.നിക്ഷേപകര്‍ വാങ്ങുന്ന യൂണിറ്റിന്റെ അടിസ്ഥാനത്തിലാകും ഇ.റ്റി.എഫുകള്‍ സൂക്ഷിക്കുന്ന സ്വര്‍ണ്ണത്തിന്റെ അളവ്.അതുകൊണ്ട് തന്നെ വാര്‍ഷിക ഫണ്ട് മാനേജ്‌മെന്റ് ഫീ എന്ന നിലയില്‍ അര ശതമാനം മുതല്‍ 0.8 ശതമാനം വരെ ഈടാക്കും.1 ഗ്രാം ഒരുഗ്രാമിന്റെ നൂറിലൊന്ന് എന്നിങ്ങനെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപകര്‍ക്ക് ഗോള്‍ഡ് ഇ.റ്റി.എഫുകള്‍ വാങ്ങാം.വില്‍പ്പന നടത്തുമ്പോള്‍ ലാഭം ഉണ്ടെങ്കില്‍ ക്യാപിറ്റല്‍ ഗെയിന്‍ ടാക്‌സ് കൂടി അടയ്‌ക്കേണ്ടിവരും.ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡ് ഫണ്ടുകളില്‍ ഏറ്റവും ജനപ്രിയമായവയാണ് 2004ല്‍ ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത എസ്.പി.ഡി.ആര്‍
3) ഗോള്‍ഡ് മ്യൂച്ചല്‍ ഫണ്ടുകള്‍
സ്വര്‍ണ്ണം ഡിജിറ്റല്‍ രൂപത്തില്‍ നിക്ഷേപിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഗോള്‍ഡ് മ്യൂച്ചല്‍ ഫണ്ടുകള്‍.പ്രധാനമായും ഗോള്‍ഡ് ഇ.റ്റി.എഫുകളിലാണ് നിക്ഷേപിക്കുന്നത്.100 രൂപ മുതല്‍ നിക്ഷേപം തുടങ്ങാന്‍ സാധിക്കുമെന്നത് ഗോള്‍ഡ് മ്യൂച്ചല്‍ ഫണ്ടുകളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നു.ഇത് ഒറ്റത്തവണയോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിലൂടെ പ്രതിമാസ കണക്കിലും ചെയ്യാന്‍ സാധിക്കും. ഫണ്ട് മാനേജ്‌മെന്റ് ഫീ പോലും അര ശതമാനമാത്രമാണ് ഈടാക്കുന്നത്.
4) ഡിജിറ്റല്‍ ഗോള്‍ഡ്
മുകളില്‍ പറഞ്ഞ മൂന്ന് രീതികളിലും സ്വര്‍ണ്ണ രൂപത്തില്‍ കൈയിലെടുക്കാന്‍ സാധിക്കില്ലെങ്കില്‍ ഡിജിറ്റല്‍ ഗോള്‍ഡ് വളരെ വ്യത്യസ്തമാണ്.ഡിജിറ്റല്‍ രൂപത്തില്‍ വാങ്ങുകയും ആവശ്യമുണ്ടെങ്കില്‍ സ്വര്‍ണ്ണ രൂപത്തില്‍ തന്നെ എടുക്കാവുന്നതുമായ നിക്ഷേപ പദ്ധതിയാണ് ഇത്.എംഎംടിസി,സേഫ് ഗോള്‍ഡ് തുടങ്ങിയ കമ്പനികള്‍ ഇന്ത്യയ്ക്കുള്ളില്‍ ഡിജിറ്റല്‍ ഗോള്‍ഡ് നിക്ഷേപത്തിന് നേതൃത്വം നല്‍കുന്നുണ്ട്.നിക്ഷേപകര്‍ വാങ്ങുന്ന യൂണിറ്റ് കണക്കാക്കി സ്വര്‍ണ്ണം ഈ പറഞ്ഞ ട്രേഡിംഗ് കമ്പനികള്‍ സേഫ് ഡെപ്പോസിറ്റ് വാലറ്റില്‍ സൂക്ഷിക്കുകയാണ് ചെയ്യുന്നത്.സ്വര്‍ണ കടയില്‍ പോകാതെ തന്നെ ബിസ്‌കറ്റ് രൂപത്തിലോ സ്വര്‍ണ്ണ കോയിന്‍ ആയിട്ടോ സ്വര്‍ണം ലഭിക്കുമെന്ന പ്രത്യേകതയും ഡിജിറ്റല്‍ ഗോള്‍ഡിനുണ്ട്.24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ഗോള്‍്ഡ് മാര്‍ക്കറ്റ് കൊറിയര്‍ വഴി ആവശ്യക്കാര്‍ക്ക് സ്വര്‍ണം എത്തിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.സ്വര്‍ണ്ണം സൂക്ഷിക്കുന്നതിനും സുരക്ഷിതമായി എത്തിത്തിക്കുന്നതിന്റെയും ചെലവുകള്‍ വില്‍പ്പന തുകയെ ആശ്രയിച്ചിരിക്കും.ഒപ്പം 3 ശതമാനം ജിഎസ്ടിയും അടയ്‌ക്കേണ്ടി വരുന്നു എന്നൊരു പ്രശ്‌നം കൂടി ഇത്തരം ഡിജിറ്റല്‍ ഗോള്‍ഡ് നിക്ഷേപത്തിനു പിന്നിലുണ്ട്.
അഞ്ച് വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപ പരിധിയാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഗോള്‍ഡ് ഇ.റ്റി.എഫുകളോ ഗോള്‍ഡ് മ്യൂച്ചല്‍ ഫണ്ടുകളോ ധൈര്യമായി തെരഞ്ഞെടുക്കാം.ഇനി 5 വര്‍ഷത്തില്‍ കൂടുതല്‍ ദൈര്‍ഘ്യമേറിയ നിക്ഷേപ കാലയളവ് ആഗ്രഹിക്കുന്നെങ്കില്‍ സോവറെന്‍ ഗോള്‍ഡ് ബോണ്ടുകള്‍ ആകും നല്ലത്.കൈയില്‍ തുകയുണ്ടെങ്കില്‍ അത് വിദഗ്ധനായ ഫിനാന്‍സ് അഡൈ്വസറുമായി ചര്‍ച്ച ചെയ്ത് ഏത് രീതിയില്‍ നിക്ഷേപിക്കണമെന്ന് തീരുമാനിക്കുന്നതാകും ഏറ്റവും മികച്ച മാര്‍ഗ്ഗം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.