- Trending Now:
ഒക്ടോബര്‍ 24 ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ബാങ്ക് പുതിയ തീരുമാനം പ്രഖ്യാപിച്ചത്
രാജ്യത്തുടനീളം എടിഎം തട്ടിപ്പുകള്‍ സര്‍വസാധാരണമായിരിക്കുകയാണ്. വിവിധ ബാങ്കുകള്‍ എടിഎം തട്ടിപ്പിന്റെ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഈ സമയത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ എടിഎം കാര്‍ഡ് ഉപയോക്താക്കളെ തട്ടിപ്പിനിരയാകാതെ സംരക്ഷിക്കാന്‍ പുതിയ ചുവടുവെയ്പുമായി മുന്നോട്ട് വന്നിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഇത്തരം കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തി.
ഉപഭോക്താക്കളെ അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്നതിനും ഒപ്പം ഓണ്‍ലൈന്‍ ബാങ്കിങുമായോ എടിഎമ്മുമായോ ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പുകളില്‍ സംരക്ഷിക്കുന്നതിനുമായി സുരക്ഷിതവും സൗകര്യപ്രദവുമായ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന ബാങ്കിന്റെ സംരംഭത്തിന്റെ ഭാഗമാണ് ഈ പുതിയ നീക്കം.
എസ്ബിഐയുടെ എടിഎമ്മുകളില്‍ നിന്നും ഇനി ഒടിപി സംവിധാനത്തിലൂടെ മാത്രമായിരിക്കും പണം പിന്‍വലിക്കാന്‍ സാധിക്കുക. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്ന അക്കൗണ്ട് ഉടമകള്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകളില്‍ ഒടിപി നമ്പര്‍ ലഭിക്കുന്നതായിരിക്കും. ഈ ഒടിപി നല്‍കിയാല്‍ മാത്രമേ ഇനി പണം പിന്‍വലിക്കാന്‍ കഴിയു.
ഒക്ടോബര്‍ 24 ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ബാങ്ക് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. 'തട്ടിപ്പില്‍ നിന്നും വഞ്ചനകളില്‍ നിന്നും ബാങ്കിന്റെ ഉപഭോക്താക്കളെ സംരക്ഷിക്കാന്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ സംവിധാനം ഏര്‍പ്പെടുത്തുകയാണ്. ഇത് തട്ടിപ്പുകാര്‍ക്കെതിരെയുള്ള പ്രതിരോധ വാക്സിന്‍ ആണ്. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് ബാങ്ക് മുന്‍ഗണന നല്‍കുന്നത്', എസ്ബിഐ ട്വീറ്റ് ചെയ്തു. ട്വീറ്റിനൊപ്പം ഓടിപി ഉപയോഗിച്ച് പണം പിന്‍വലിക്കുന്നത് എങ്ങനെയെന്നും എസ്ബിഐ ലളിതമായി വിശദീകരിച്ചിട്ടുണ്ട്.
എങ്ങനെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക?
ഒടിപിയുടെ സ്ഥിരീകരണത്തിലൂടെ എടിഎമ്മില്‍ പണമിടപാട് നടത്താനുള്ള സംവിധാനം 2020 ല്‍ തന്നെ എസ്ബിഐ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ഒടിപി അധിഷ്ഠിത പണം പിന്‍വലിക്കല്‍ സൗകര്യം കൂടി ഏര്‍പ്പെടുത്തിക്കൊണ്ട് ബാങ്ക് ആ സംവിധാനം വിപുലീകരിക്കുകയാണ്. ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി നല്‍കിയാല്‍ മാത്രമേ ഇനി ഉപഭോക്താക്കള്‍ക്ക് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനാകൂ. ഒടിപി തെറ്റായി നല്‍കിയാല്‍ പണം പിന്‍വലിക്കാനാകില്ല.
ആര്‍ക്കൊക്കെ ഈ സേവനം ഉപയോഗിക്കാം?
എസ്ബിഐ എടിഎം കാര്‍ഡ് ഉപയോഗിച്ച് എസ്ബിഐയുടെ എടിഎമ്മില്‍ നിന്ന് തന്നെ പണം പിന്‍വലിക്കുകയാണെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ഈ സേവനം ലഭ്യമാകൂ. മറ്റ് ബാങ്കുകളുടെ എടിഎമ്മുകള്‍ ആണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ഈ സൗകര്യം ലഭിക്കില്ല.
ഒടിപി നല്‍കി എങ്ങനെ പണം പിന്‍വലിക്കാം?
നിങ്ങള്‍ പണം പിന്‍വലിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ എസ്ബിഐയില്‍ രജിസ്റ്റര്‍ ചെയ്ത നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ബാങ്ക് നാലക്ക ഒടിപി അയയ്ക്കും. ഒരൊറ്റ ഇടപാടിനായി മാത്രം ബാങ്ക് നല്‍കുന്ന നമ്പറാണ് ഇത്. എടിഎം മെഷീനില്‍ നിങ്ങള്‍ പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന പണം എത്രയെന്നു ടൈപ്പ് ചെയ്ത് നല്‍കിയാല്‍, ഒടിപി കോഡ് നല്‍കേണ്ട ഒരു വിന്‍ഡോ സ്‌ക്രീന്‍ തുറക്കും. അവിടെ ഈ ഒടിപി ടൈപ് ചെയ്ത് നല്‍കിയാല്‍ മാത്രമേ നിങ്ങള്‍ക്ക് പണം ലഭിക്കുകയുള്ളു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.