Sections

മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയുടെ കാലാവധി എസ്ബിഐ വീണ്ടും നീട്ടി

Wednesday, Sep 29, 2021
Reported By Admin
SBI

ആദ്യ ഘട്ടത്തില്‍ 2020 സെപ്തംബര്‍ വരെയായിരുന്നു പ്രത്യേക പദ്ധതിയുടെ കാലയളവ്

 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മുതിര്‍ന്ന പൗരന്മാര്‍ക്കായുളള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയുടെ കാലാവധി വീണ്ടും ദീര്‍ഘിപ്പിച്ചു. രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ എസ്ബിഐ 2020 മെയ് മാസത്തിലാണ് മുതിര്‍ന്ന പൗരന്മാര്‍ക്കായി എസ്ബിഐ വികെയര്‍ സീനിയര്‍ സിറ്റിസണ്‍സ് ടേം ഡെപ്പോസിറ്റ് പദ്ധതി നടപ്പിലാക്കുവാന്‍ ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 2020 സെപ്തംബര്‍ വരെയായിരുന്നു പ്രത്യേക പദ്ധതിയുടെ കാലയളവ്.

എന്നാല്‍ രാജ്യമെമ്പാടും പടര്‍ന്നു പിടിച്ച കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പിന്നീട് പല തവണ പദ്ധതി കാലയളവ് നീട്ടുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും അടുത്ത വര്‍ഷം മാര്‍ച്ച് മാസം വരെയാണ് ഈ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയുടെ കാലയളവ് എസ്ബിഐ ദീര്‍ഘിപ്പിച്ചിരിക്കുന്നത്.

മുതിര്‍ന്ന പൗരന്മാര്‍ക്കായി ഒരു പ്രത്യേക എസ്ബിഐ വി കെയര്‍ നിക്ഷേപം റീട്ടെയില്‍ ടേം ഡെപ്പോസിറ്റ് വിഭാഗത്തില്‍ ബാങ്ക് അവതരിപ്പിച്ചിരിക്കുകയാണ്. ഈ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി പ്രകാരം 5 വര്‍ഷമോ അതിന് മുകളിലേക്കോ ഉള്ള മുതിര്‍ന്ന പൗരന്മാരുടെ റീട്ടെയില്‍ ടേം ഡെപ്പോസിറ്റുകള്‍ക്ക് 30 ബേസിസ് പോയിന്റ് ഉയര്‍ന്ന നേട്ടം ലഭിക്കും. നിലവിലുള്ള 50 ബേസിസ് പോയിന്റ് അധിക പലിശ നിരക്കിന് പുറമേയാണിത്. 2022 മാര്‍ച്ച് വരെ എസ്ബിഐ വി കെയര്‍ നിക്ഷേപ പദ്ധതി ഉപയോക്താക്കള്‍ക്ക് ലഭ്യമാകും - എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു.

എസ്ബിഐയുടെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി പ്രകാരം 5 വര്‍ഷത്തിനും അതിനു മുകളിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 30 ബേസിസ് പോയിന്റ് അധിക പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു.നിലവില്‍ സാധാരണ നിക്ഷേപകര്‍ക്ക് സ്ഥിര നിക്ഷേപത്തിന്മേല്‍ എസ്ബിഐ നല്‍കുന്ന പലിശ നിരക്ക് 5.4 ശതമാനമാണ്.

പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയക്ക് കീഴില്‍ മുതിര്‍ന്ന പൗരന്മാരായ വ്യക്തികള്‍ എസ്ബിഐയില്‍ നിക്ഷേപം നടത്തിയാല്‍ ലഭിക്കുന്ന പലിശ നിരക്ക് 6.20 ശതമാനമായിരിക്കും. 2021 ജനുവരി 8 മുതലാണ് ബാങ്കിന്റെ പുതുക്കിയ സ്ഥിര നിക്ഷേപ നിരക്കുകള്‍ പ്രാബല്യത്തിലെയത്തിയത്.

എസ്ബിഐയ്ക്ക് പുറമേ, എച്ച്ഡിഎഫ്സി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ (ബിഒബി), ആക്സിസ് ബാങ്ക് എന്നീ ബാങ്കുകളും മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. ഇതുവരെ പലപ്പോഴും അവയുടെ കാലാവധി ബാങ്കുകള്‍ ദീര്‍ഘിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

എച്ച്ഡിഎഫ്സി ബാങ്കിന്റെയും ബാങ്ക് ഓഫ് ബറോഡയുടെയും ഔദ്യോഗിക വെബ്സൈറ്റുകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം 2021 സെപ്തംബര്‍ 30 വരെയാണ് ഈ പദ്ധതികളുടെ കാലാവധി. എന്നാല്‍ ഐസിഐസിഐ ബാങ്കിന്റെ വെബ്സൈറ്റ് പ്രകാരം 2021 ഒക്ടോബര്‍ 7 വരെ ഗോള്‍ഡന്‍ ഇയര്‍ സ്ഥിര നിക്ഷേപ പദ്ധതി മുതിര്‍ന്ന പൗരന്മാരായ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.