Sections

പലിശ നിരക്കുകള്‍ പുതുക്കില്ല; വായ്പാനയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്

Friday, Oct 08, 2021
Reported By Admin
RBI

2020 മാര്‍ച്ചിലാണ് റീപ്പോ നിരക്ക് 4 ശതമാനമായി റിസര്‍വ് ബാങ്ക് വെട്ടിക്കുറച്ചത്

 

പുതിയ വായ്പാ നയത്തിലും പലിശ നിരക്കുകള്‍ പുതുക്കേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ഇതോടെ റീപ്പോ നിരക്ക് 4 ശതമാനത്തില്‍ തുടരും. റീവേഴ്സ് റീപ്പോ നിരക്ക് 3.35 ശതമാനമായും നിലകൊള്ളും. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കാണ് റീപ്പോ നിരക്ക്. 

വാണിജ്യ ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന നിക്ഷേപത്തിനുള്ള പലിശ നിരക്കാണ് റിവേഴ്സ് റീപ്പോയും. തുടര്‍ച്ചയായി എട്ടാം തവണയാണ് റീപ്പോ, റിവേഴ്സ് റീപ്പോ നിരക്കുകള്‍ മാറ്റേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ നേതൃത്വത്തിലുള്ള ധനനയ സമിതി തീരുമാനിക്കുന്നത്. 2020 മാര്‍ച്ചിലാണ് റീപ്പോ നിരക്ക് 4 ശതമാനമായി റിസര്‍വ് ബാങ്ക് വെട്ടിക്കുറച്ചതും.

സമ്പദ്ഘടനയുടെ ഇപ്പോഴത്തെ വളര്‍ച്ചയും പണപ്പെരുപ്പവും തമ്മിലെ അന്തരം ധനനയ സമിതി വിശദമായി വിലയിരുത്തി. മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി (എംഎസ്എഫ്) നിരക്കിലും ഇത്തവണ മാറ്റമില്ല. 4.25 ശതമാനത്തില്‍ എംഎസ്എഫ് നിരക്ക് തുടരുകയാണ്. ജൂലായ് - സെപ്തംബര്‍ കാലയളവില്‍ ഉപഭോക്തൃ വിലസൂചിക അിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും താഴെയാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വെള്ളിയാഴ്ച്ച അറിയിച്ചു. നിക്ഷേപ മേഖലകളില്‍ ചെറിയ ഉണര്‍വ് കാണുന്നുണ്ട്. വരാനിരിക്കുന്ന ഉത്സവകാലം നഗര മേഖലകളില്‍ ഡിമാന്‍ഡ് വര്‍ധിപ്പിക്കും, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സൂചിപ്പിച്ചു.

നടപ്പു സാമ്പത്തിക വര്‍ഷം 9.5 ശതമാനം വളര്‍ച്ച കുറിക്കുമെന്ന പ്രവചനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് റിസര്‍വ് ബാങ്ക്. 2022-23 സാമ്പത്തിക വര്‍ഷത്തെ ആദ്യ ത്രൈമാസപാദം 17.1 ശതമാനം ജിഡിപി വളര്‍ച്ചാ നിരക്കാണ് കേന്ദ്ര ബാങ്ക് ലക്ഷ്യമിടുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 7.9 ശതമാനം വളര്‍ച്ച റിസര്‍വ് ബാങ്ക് കാണുന്നുണ്ട്. നേരത്തെ, 7.3 ശതമാനമായിരുന്നു ബാങ്ക് പ്രവചിച്ചിരുന്നതും. മൂന്നാം പാദത്തില്‍ വളര്‍ച്ചാ നിരക്ക് 6.3 ശതമാനത്തില്‍ നിന്ന് 6.8 ശതമാനമായി ഉയരുമെന്നും റിസര്‍വ് ബാങ്ക് കണക്കുകൂട്ടുന്നുണ്ട്. അവസാന പാദത്തില്‍ ഇന്ത്യന്‍ സമ്പദ്ഘടന 6.1 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന പ്രതീക്ഷയും ധനനയ സമിതി വെള്ളിയാഴ്ച്ച പങ്കുവെച്ചു.

'രാജ്യത്ത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൈവന്നുവെന്നാണ് ലഭ്യമായ സൂചകങ്ങള്‍ വെളിപ്പെടുത്തുന്നത്. അടിസ്ഥാന പണപ്പെരുപ്പത്തില്‍ വലിയ മാറ്റമില്ല. ജൂലായ് - സെപ്തംബര്‍ കാലത്ത് ഉപഭോക്തൃ വിലസൂചിക ആധാരമാക്കിയുള്ള പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും താഴെയാണ്. ധനനയ യോഗം കഴിഞ്ഞതവണ ചേരുമ്പോഴുള്ള സാമ്പത്തിക സ്ഥിതിയില്‍ നിന്നും ഇന്ത്യ ഏറെ മുന്നോട്ടുവന്നു', ശക്തികാന്ത ദാസ് പറഞ്ഞു.

'ഓഗസ്റ്റ് - സെപ്തംബര്‍ കാലത്ത് ഡിമാന്‍ഡും സാവധാനം ഉയര്‍ന്നിട്ടുണ്ട്. ഇനിയുള്ള ഉത്സവകാലം വിപണിയിലെ ഡിമാന്‍ഡിനെ സ്വാധീനിക്കും. ക്യാപിറ്റല്‍ ചരക്കുകളുടെ ഇറക്കുമതി പതിയെ വര്‍ധിക്കുന്നത് സമ്പദ്ഘടനയുടെ ഉണര്‍വിന് ആവേശം പകരുന്നുണ്ട്', റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. നടപ്പു സാമ്പത്തിക വര്‍ഷം ഉപഭോക്തൃ വിലസൂചിക അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം 5.3 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താനാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നത്. കഴിഞ്ഞ യോഗത്തില്‍ 5.7 ശതമാനത്തില്‍ പണപ്പെരുപ്പം ചെറുത്തുനില്‍ക്കാനായിരുന്നു റിസര്‍വ് ബാങ്ക് നടപടികള്‍ എടുത്തിരുന്നതും. ജൂലായ് - സെപ്തംബര്‍ കാലത്ത് പണപ്പെരുപ്പ നിരക്ക് 5.1 ശതമാനമാണ് രേഖപ്പെടുത്തുന്നത്. ഈ പാദത്തില്‍ 5.9 ശതമാനം പണപ്പെരുപ്പമായിരുന്നു റിസര്‍വ് ബാങ്ക് കരുതിയിരുന്നതും. എന്തായാലും ഒക്ടോബര്‍ - ഡിസംബര്‍ കാലഘട്ടത്തില്‍ 4.5 ശതമാനം പണപ്പെരുപ്പം ഇപ്പോള്‍ റിസര്‍വ് ബാങ്ക് പ്രവചിക്കുന്നുണ്ട്. കഴിഞ്ഞതവണത്തെ പ്രവചനം 5.3 ശതമാനമായിരുന്നു.

 


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.