- Trending Now:
പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് മാത്രമല്ല നിലവില്‍ ചെറുകിട സംരംഭങ്ങള്‍ നടത്തുന്നവര്‍ക്ക് വിപുലീകരണത്തിനായും തുക വിനിയോഗിക്കാന്‍ സാധിക്കുന്നതാണ്
കോവിഡ് പ്രതിസന്ധി രാജ്യത്തെമ്പാടുമുള്ള ജനങ്ങള്‍ക്ക് വലിയ രീതിയിലുള്ള പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ജനങ്ങളുടെ സാമ്പത്തിക സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടി നിരവധി പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവര്‍ക്ക് വേണ്ടി സ്വീകരിച്ചിട്ടുള്ള ഒരു സാമ്പത്തിക സഹായ പദ്ധതിയാണ് റീലൈഫ് പദ്ധതി. ആര്‍ക്കെല്ലാം പദ്ധതിയുടെ ആനുകൂല്യം നേടാന്‍ സാധിക്കുമെന്നും ആവശ്യമായ കാര്യങ്ങള്‍ എന്തെല്ലാമാണെന്നും കൃത്യമായി മനസിലാക്കാം.
കോവിഡ് വ്യാപനത്തോടെ നിരവധിപേരാണ് ജോലി നഷ്ടപ്പെട്ടും മറ്റും സ്വന്തം നാടുകളിലേക്ക് തിരിച്ചെത്തിയിട്ടുള്ളത്, മാത്രമല്ല നാട്ടില്‍ ജോലി ഉള്ളവര്‍ക്ക് അതിനു പോകാന്‍ പറ്റാത്ത സാഹചര്യവും കുറവല്ല. ഈ കാരണങ്ങള്‍ കൊണ്ടൊക്കെ തന്നെ നിലവില്‍ എടുത്ത ലോണുകള്‍ തിരിച്ചടയ്ക്കാന്‍ പറ്റാത്ത അവസ്ഥയാണ് മിക്ക സാധാരണക്കാരും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. സാമ്പത്തികമായി ഇത്തരത്തില്‍ ബുദ്ധിമുട്ടുന്ന സാധാരണക്കാരായ ജനങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തുന്നതിനു വേണ്ടി കേരള സര്‍ക്കാറിന് കീഴിലുള്ള പിന്നോക്ക വികസന കോര്‍പ്പറേഷന്‍, പിന്നോക്ക വികസന വകുപ്പ് എന്നിവ സംയുക്തമായി ആരംഭിച്ചിട്ടുള്ള ഒരു പദ്ധതിയാണ് റീലൈഫ്.
റീലൈഫ് പദ്ധതി പ്രകാരം ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന പിന്നോക്ക വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് ഒരു കൈത്താങ്ങ് ആവുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വളരെ കുറഞ്ഞ മുതല്‍ മുടക്കില്‍ ആരംഭിക്കാവുന്ന സംരംഭങ്ങളായ പച്ചക്കറി കൃഷി, കച്ചവടങ്ങള്‍, ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍, മത്സ്യകൃഷി,കാറ്ററിംഗ്, പപ്പട നിര്‍മ്മാണ യൂണിറ്റുകള്‍, നോട്ട് ബുക്ക് നിര്‍മ്മിക്കല്‍, മെഴുകുതിരി നിര്‍മ്മാണം, ടൈലറിംഗ് യൂണിറ്റ്, കരകൗശല വസ്തു നിര്‍മ്മാണം ഇവയെല്ലാം പദ്ധതിയുടെ ഭാഗമായി തുടങ്ങാന്‍ സാധിക്കുന്നതാണ്.
മുകളില്‍ പറഞ്ഞ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി സര്‍ക്കാറില്‍ നിന്നും ഒരു ലക്ഷം രൂപ ധനസഹായമായി നേടാവുന്നതാണ്. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് മാത്രമല്ല നിലവില്‍ ചെറുകിട സംരംഭങ്ങള്‍ നടത്തുന്നവര്‍ക്ക് വിപുലീകരണത്തിനായും തുക വിനിയോഗിക്കാന്‍ സാധിക്കുന്നതാണ്. എന്നാല്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് മുന്‍കാലങ്ങളില്‍ ബാങ്കുകളില്‍ സമീപിച്ച് വായ്പ എടുത്തവര്‍ക്ക് പദ്ധതിയിലേക്ക് വീണ്ടും അപേക്ഷിക്കാന്‍ സാധിക്കുന്നതല്ല. പുതിയതായി സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് ലോണ്‍ എടുത്തിട്ടില്ല എന്ന് തെളിയിക്കുന്നതിന് ബാങ്കില്‍ നിന്നും ഒരു സത്യപ്രസ്താവന വാങ്ങേണ്ടതുണ്ട്. അപേക്ഷയോടൊപ്പം ഈ സത്യപ്രസ്താവന കൂടി സമര്‍പ്പിക്കേണ്ടതുണ്ട്.
സാമ്പത്തിക സഹായമായി ലഭിക്കുന്ന ഒരു ലക്ഷം രൂപയില്‍ അതിന്റെ 25% അതായത് 25000 രൂപ സര്‍ക്കാരില്‍ നിന്നും സബ്‌സിഡിയായി ലഭിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഈ തുക തിരിച്ചടയ്‌ക്കേണ്ടി വരുന്നില്ല. ബാക്കി തുകയ്ക്ക് വാര്‍ഷിക പലിശയായി 5 ശതമാനമാണ് ഈടാക്കുക. അതുകൊണ്ടുതന്നെ ഒരു വര്‍ഷത്തില്‍ പലിശയിനത്തില്‍ 5000 രൂപ മാത്രമാണ് നല്‍കേണ്ടി വരുന്നുള്ളൂ. 36 മാസമാണ് വായ്പയുടെ തിരിച്ചടവ് കാലാവധി.
വായപ് ലഭിക്കുന്നതിന് 25 വയസ്സിനും 55 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടാതെ കുടുംബ വാര്‍ഷിക വരുമാനം 120000 രൂപയില്‍ കവിയാന്‍ പാടുള്ളതല്ല. ഒബിസി വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്കാണ് പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുക.അപേക്ഷ സമര്‍പ്പിക്കുന്ന വ്യക്തിയുടെ ഐഡി കാര്‍ഡ് കോപ്പി, റേഷന്‍ കാര്‍ഡ് കോപ്പി, ആധാര്‍ കാര്‍ഡ് കോപ്പി, അപേക്ഷ സമര്‍പ്പിക്കുന്ന വനിതയുടെ വീട്, സ്ഥലം എന്നിവ യുടെ കരം അടച്ച രസീത് , വയസ്സ് തെളിയിക്കുന്നതിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റ്, കുടുംബ വാര്‍ഷിക വരുമാനം 120000 രൂപയ്ക്ക് താഴെ മാത്രമാണ് എന്ന് തെളിയിക്കുന്നതിന് ആവശ്യമായ സെര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് കോപ്പി,ജാതി തെളിയിക്കുന്നതിനു ആവശ്യമായ സര്‍ട്ടിഫിക്കറ്റ്, എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്.
അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത് കേരള പിന്നോക്ക വികസന കോര്‍പ്പറേഷന്‍ ജില്ലാ ഉപജില്ലാ ഓഫീസുകളിലാണ്. സ്വന്തമായി ഒരു സംരംഭം തുടങ്ങുന്നതിനു മുതല്‍മുടക്ക് കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ള പിന്നോക്കവികസന വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് തീര്‍ച്ചയായും റിലൈഫ്‌സാമ്പത്തിക സഹായ പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.