Sections

ലോകത്തെ ഏറ്റവും മികച്ച തൊഴില്‍ ദാതാക്കളുടെ ഫോബ്‌സ് പട്ടികയില്‍ റിലയന്‍സും

Monday, Oct 18, 2021
Reported By Admin
reliance

ഇന്ത്യയില്‍ നിന്ന് മറ്റ് കമ്പനികളും ഈ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്


2021ലെ ലോകത്തിലെ ഏറ്റവും മികച്ച തൊഴില്‍ ദാതാക്കളുടെ ഫോബ്‌സ് പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ഇടം നേടി. വരുമാനം, ലാഭം, വിപണി മൂല്യം തുടങ്ങിയ കാര്യങ്ങളില്‍ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയന്‍സാണ് ഇന്ത്യയില്‍ നിന്നുള്ള കമ്പനികളില്‍ ആദ്യ സ്ഥാനം കൈയടക്കിയിരിക്കുന്നത്.

ഫോര്‍ബ്സ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ആഗോളതലത്തിലെ കോര്‍പ്പറേറ്റ് ഭീമന്മാരായ ഫിലിപ്സ്, സനോഫി, ഫൈസര്‍, ഇന്റല്‍ തുടങ്ങി 750 ഓളം കമ്പനികളില്‍ 52-ാം സ്ഥാനമാണ് റിലയന്‍സ് നേടിയിരിക്കുന്നത്.

ഇന്ത്യയില്‍ നിന്ന് മറ്റ് കമ്പനികളും ഈ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 65-ാം സ്ഥാനമാണ് സ്വകാര്യ ബാങ്കായ ഐസിഐസിഐയ്ക്ക് ലഭിച്ചിരിക്കുന്നത്. 77-ാം സ്ഥാനത്ത് എച്ച്ഡിഎഫ്സിയും, 90-ാം സ്ഥാനം എച്ച്സിഎല്‍ ടെക്നോളജീസും പട്ടികയില്‍ ഇടം നേടി. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. 119-ാം സ്ഥാനമാണ് എസ്ബിഐ.

127ആം സ്ഥാനം നേടിയിരിക്കുന്നത് ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോയാണ്. ടെക്ഭീമനായ ഇന്‍ഫോസിസ് പട്ടികയില്‍ 588-ാം സ്ഥാനമാണ് നേടിയിരിക്കുന്നത്. അതേസമയം, ടാറ്റാ ഗ്രൂപ്പ് ഓഫ് കമ്പനീസ് പട്ടികയില്‍ 746-ാം സ്ഥാനത്ത് എത്തി. അതേസമയം, ഈ ആഗോള പട്ടികയില്‍ 504-ാം സ്ഥാനം നേടാന്‍ ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന് സാധിച്ചിട്ടുണ്ട്.

ആഗോള തലത്തില്‍ നടത്തിയ ഈ മികച്ച തൊഴില്‍ദാതാക്കളുടെ പട്ടികയില്‍ ആദ്യ സ്ഥാനം നേടിയത് സൗത്ത് കൊറിയന്‍ ടെക് ഭീമനായ സാംസങ് ആണ്. സാംസങ്ങിന് തൊട്ടു പിന്നിലായി, അമേരിക്കന്‍ കമ്പനികളായ ഐബിഎം, മൈക്രോസോഫ്റ്റ്, ആമസോണ്‍, ആപ്പിള്‍, ആല്‍ഫബെറ്റ്, ഡെല്‍ ടെക്നോളജീസ് തുടങ്ങിയവയാണുള്ളത്. എട്ടാം സ്ഥാനം നേടിയിരിക്കുന്ന തൊഴില്‍ ദാതാവ് ചൈനയുടെ ഹുവാവേയാണ്.

58 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി നാഷണല്‍ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കിടയിലാണ് സര്‍വ്വേ നടത്തിയത്. ഇവിടെങ്ങളില്‍ നിന്നുള്ള 1,50,000 മുഴുവന്‍ സമയ ജീവനക്കാരിലും പാര്‍ട്ട് ടൈം ജീവനക്കാര്‍ക്കുമിടയിലാണ് സര്‍വ്വേ നടത്തിയത്. വിപണി ഗവേഷക കമ്പനിയായ സ്റ്റാറ്റിസ്‌കയാണ് പട്ടിക തയ്യാറാക്കാനുള്ള വിവരങ്ങള്‍ ശേഖരിച്ചതെന്ന് ഫോര്‍ബ്സ് വ്യക്തമാക്കി.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.