Sections

കേന്ദ്രം നല്‍കും മാസം 3000 രൂപയുടെ പെന്‍ഷന്‍; 18 കഴിഞ്ഞാല്‍ അംഗങ്ങളാകാം

Saturday, Sep 11, 2021
Reported By admin
Pradhan Mantri Shram Yogi Maandhan Yojana

മറ്റ് ഏതെങ്കിലും പെന്‍ഷന്‍ പദ്ധതിയില്‍ അംഗമായിട്ടുള്ളവര്‍ക്ക് ഈ പദ്ധതിക്ക് അവസരമില്ല
 

 

രാജ്യത്ത് സാധാരണക്കാരായ ജനങ്ങളെ ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് കേന്ദ്രം നടപ്പിലാക്കുന്നത്.അക്കൂട്ടത്തില്‍ തന്നെ മുതിര്‍ന്ന പൗരന്മാര്‍ക്ക്,വനിതകള്‍ക്ക്,കര്‍ഷകര്‍ക്ക് തുടങ്ങി പല സാമൂഹിക സ്ഥിതിയിലുമുള്ള ജനങ്ങള്‍ക്ക് വേണ്ടി വ്യത്യസ്ത തരം പദ്ധതികള്‍ കേന്ദ്രം ആവിഷ്‌കരിച്ചിട്ടുണ്ട്.ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ള പുതിയ ഒരു പദ്ധതിയാണ് 'ശ്രം യോഗി മന്‍ധന്‍ യോജന'. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് രീതിയില്‍ രൂപീകരിച്ചിട്ടുള്ള ഈ ഒരു പദ്ധതിയില്‍ ആര്‍ക്കെല്ലാം ഭാഗമാകാന്‍ സാധിക്കുമെന്നും അതിന് ആവശ്യമായ കാര്യങ്ങള്‍ എന്തെല്ലാമാണെന്നും നോക്കിയാലോ ?

'ശ്രം യോഗി മന്‍ധന്‍' യോജന പദ്ധതി പ്രകാരം കര്‍ഷകര്‍,ചെറുകിട സംരംഭങ്ങള്‍ നടത്തുന്നവര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അംഗമാകാന്‍ സാധിക്കുന്നതാണ്. 15000 രൂപയ്ക്ക് താഴെ മാസ വരുമാനമുള്ള കുടുംബങ്ങള്‍ക്കാണ് ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ സാധിക്കുക. 18 വയസ്സ് മുതല്‍ 40 വയസ്സ് വരെയാണ് പദ്ധതിയുടെ ഭാഗമാകുന്നതിന് ആവശ്യമായ പ്രായപരിധി. അപേക്ഷ സമര്‍പ്പിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍,ആധാര്‍ കാര്‍ഡ് എന്നിവയൊക്കെ കൈയ്യില്‍ കരുതേണ്ടതുണ്ട്.

അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ മറ്റ് ഏതെങ്കിലും പെന്‍ഷന്‍ പദ്ധതിയില്‍ അംഗമായിട്ടുള്ളവര്‍ക്ക് ഈയൊരു പദ്ധതിയില്‍ അപേക്ഷിക്കാന്‍ സാധിക്കുന്നതല്ല. ഒരു വീട്ടിലെ തന്നെ ഭാര്യയ്ക്കും ഭര്‍ത്താവിനും ഇത്തരത്തില്‍ പദ്ധതിയില്‍ അംഗത്വം എടുക്കാന്‍ സാധിക്കുന്നതാണ്. ഒരാള്‍ക്ക് 3000 രൂപ എന്ന കണക്കിലാണ് മാസം തുക ലഭിക്കുക. ഇതിനായി 18 വയസ്സു മുതല്‍ 40 വയസ്സുവരെയുള്ള കാലഘട്ടത്തില്‍ ഒരു ചെറു നിക്ഷേപം നടത്തേണ്ടതുണ്ട്. വ്യക്തമായി പറഞ്ഞാല്‍ 18 വയസ്സില്‍ പദ്ധതിയില്‍ അംഗത്വം എടുക്കുന്ന ഒരു വ്യക്തിക്ക് പ്രതിമാസം 55 രൂപ നിരക്കിലാണ് നിക്ഷേപിക്കേണ്ടി വരിക. 40 വയസ്സില്‍ അംഗത്വം എടുക്കുന്ന ഒരു വ്യക്തി പ്രതിമാസം 200 രൂപ എന്ന കണക്കില്‍ ആണ് അടയ്‌ക്കേണ്ടി വരിക.തുക അടച്ച് 60 വയസ്സ് മുതലാണ് പെന്‍ഷന്‍ ലഭിക്കുക.

ഏത് പ്രായത്തിലാണോ പദ്ധതിയില്‍ അംഗമാകുന്നത് അതിന്റെ അടിസ്ഥാനത്തിലാകും നിക്ഷേപ തുകയില്‍ വ്യതിയാനം വരുന്നത്.നിങ്ങള്‍ അടയ്ക്കുന്ന ഈ ഒരു തുക തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ നിക്ഷേപമായി സ്വീകരിക്കുന്നത്. 29 വയസ്സില്‍ പദ്ധതിയില്‍ അംഗത്വം എടുക്കുന്ന ഒരു വ്യക്തിക്ക് പ്രതിമാസം 100 രൂപ എന്ന നിരക്കില്‍ ആയിരിക്കും നിക്ഷേപം നടത്തേണ്ടി വരിക. ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും ഓട്ടോ ഡെബിറ്റ് മെത്തേഡ് ഉപയോഗിച്ചും തുക അടയ്ക്കാവുന്നതാണ്.

ഒരു കുടുംബത്തിലെ തന്നെ ഒന്നിലധികം പേര്‍ക്ക് ആനുകൂല്യം നേടാന്‍ സാധിക്കും എന്നതിനാല്‍ തന്നെ രണ്ടുപേര്‍ക്കും കൂടി 6000 രൂപയുടെ ആനുകൂല്യമാണ് ഒരുമാസം ലഭിക്കുക. പെന്‍ഷന്‍ വാങ്ങുന്ന വ്യക്തി മരണപ്പെടുകയാണെങ്കില്‍ പങ്കാളിക്ക് പെന്‍ഷന്‍ തുകയുടെ 50% കുടുംബ പെന്‍ഷന്‍ കൂടി ഇതുവഴി ലഭിക്കുന്നതാണ്.കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ PMSYM തീര്‍ച്ചയായും സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് വളരെയധികം ഉപയോഗപ്രദമായ ഒരു പെന്‍ഷന്‍ പദ്ധതി തന്നെയായിരിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.