Sections

പോസ്റ്റ് ഓഫീസ് ഭവന വായ്പാ പദ്ധതി ഉടന്‍ ആരംഭിക്കുന്നു

Sunday, Sep 12, 2021
Reported By Admin
post office

ഭവന വായ്പാ വിപണി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് (ഐപിപിബി)മായി കരാറിലെത്തിയിരിക്കുന്നത്


വീട് ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്. ആ സ്വപ്ന സാക്ഷാത്കാരത്തിനായി ഭവന വായ്പകളെ ആശ്രയിക്കുന്നവരുടെ എണ്ണവും കുറവല്ല. ഭവന വായ്പയെടുക്കുന്നത് ഇനി ഏറെ എളുപ്പം സാധിക്കാം. നിങ്ങളുടെ തൊട്ടടുത്തുള്ള പോസ്റ്റ് ഓഫീസില്‍ നിന്നും ഇനി ഭവന വായ്പ സ്വന്തമാക്കുവാന്‍ സാധിക്കും. ഇതുമായി ബന്ധപ്പെട്ടുള്ള കരാര്‍ എല്‍ഐസി ഹൗസിംഗ് ഫിനാന്‍സുമായി തയ്യാറാക്കിക്കഴിഞ്ഞു.

ഭവന വായ്പാ വിപണി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് (ഐപിപിബി)മായി കരാറിലെത്തിയിരിക്കുന്നത്. രാജ്യത്ത് ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്കിന് 650 ശാഖകളും 1.36 ലക്ഷം ബാങ്കിംഗ് ടച്ച് പോയിന്റുകളുമുണ്ട്. പോസ്റ്റ് ഓഫീസ് ബാങ്കിന്റെ 45 കോടി ഉപയോക്താക്കള്‍ക്ക് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് സേവനം ലഭിക്കും.

6.66 ശതമാനം പലിശ നിരക്കിലാണ് 50 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ എല്‍ഐസി ഹൗസിംഗ് നിലവില്‍ വാഗ്ദാനം ചെയ്യുന്നത്. ഇനി നിങ്ങള്‍ക്ക് മികച്ച സിബില്‍ സ്‌കോര്‍ അഥവാ ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടെങ്കില്‍ ഈ പലിശ നിരക്കില്‍ വളരെ എളുപ്പം തന്നെ നിങ്ങള്‍ക്ക് 50 ലക്ഷം രൂപ വരെ ഭവന വായ്പയായി ലഭിക്കും. കുറഞ്ഞ പലിശ നിരക്കില്‍ ഭവന വായ്പ ലഭിക്കുവാന്‍ ഇനി അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ എത്തിയാല്‍ മതിയെന്ന് ചുരുക്കം.

തപാല്‍ വകുപ്പിന് കീഴിലുള്ള ഐപിപിബി വാഗ്ദാനം ചെയ്യുന്ന പ്രധാനപ്പെട്ട സേവനങ്ങള്‍ സേവിംഗ്സ് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, മണി ട്രാന്‍സ്ഫര്‍, ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫറുകള്‍, ബില്‍ ആന്‍ഡ് യൂട്ടിലിറ്റി പേയ്മെന്റ്സ്, എന്റര്‍പ്രൈസ്, മര്‍ച്ചന്റ് പേയ്മെന്റുകള്‍ ഫണ്ട് കൈമാറ്റം ചെയ്യുന്നതിന് RTGS, IMPS, NEFT സേവനങ്ങള്‍ തുടങ്ങിയവയാണ്. മൂന്ന് തരം സേവിംഗ്സ് അക്കൗണ്ടുകളാണ് ഐപിപിബിയ്ക്ക് കീഴിലുള്ളത്. ഇവയ്ക്ക് മൂന്നിനും ഒരേ പലിശ നിരക്കുമാണ് നല്‍കുന്നത്. 4% ഇവയുടെ പലിശ നിരക്ക്. റെഗുലര്‍ സേവിംഗ്സ് അക്കൗണ്ട്, ഡിജിറ്റല്‍ സേവിംഗ്സ് അക്കൗണ്ട്, ബേസിക് സേവിംഗ്സ് അക്കൗണ്ട് എന്നിവയാണവ.

ഓണ്‍ലൈന്‍ പണമിടപാട് നടത്തുന്നവര്‍ക്ക് ഐപിപിബി ഡിജിറ്റല്‍ സേവിംഗ്സ് അക്കൗണ്ട് ഉപയോഗിക്കാവുന്നതാണ്. ഇതിനായി ഐപിപിബി മൊബൈല്‍ ആപ്ലിക്കേഷനും നിലവിലുണ്ട്. ആധാര്‍, പാന്‍ കാര്‍ഡ് എന്നിവ ഉപയോഗിച്ച് 18 വയസ്സിന് മുകളിലുള്ള ആര്‍ക്കും ഈ അക്കൗണ്ട് തുറക്കാന്‍ കഴിയും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.