Sections

സര്‍ക്കാരിന് പണം നല്‍കി പലിശ വാങ്ങാം; എഫ്ആര്‍എസ്ബി മികച്ച അവസരം

Monday, Sep 06, 2021
Reported By admin
FRCB

പൊതുജനങ്ങള്‍ക്ക് നിക്ഷേപിക്കാവുന്ന ഏറ്റവും ഉയര്‍ന്ന സുരക്ഷിതത്വമുള്ള അവസരം

 

എഫ്ആര്‍എസ്ബി എന്ന് കേട്ടിട്ടുണ്ടോ ?.പൊതുജനങ്ങള്‍ക്ക് നിക്ഷേപം നടത്താന്‍ സാധിക്കുന്ന രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടുന്ന കടപ്പത്രങ്ങള്‍ ആണ് ഈ എഫ്ആര്‍എസ്ബി അഥവ ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകള്‍.അതായത് സര്‍ക്കാരിന് കടം നല്‍കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുന്ന ഒരു ബോണ്ടാണ് ഇത്.

സര്‍ക്കാരിലേക്ക് നല്‍കുന്ന കടം ആയതുകൊണ്ട് തന്നെ മുതലും പലിശയും മുടക്കമില്ലാതെ ലഭിക്കും.100 ശതമാനം ഭീതിയില്ലാതെ നിക്ഷേപിക്കാവുന്ന ഒരു പദ്ധതിയാണ് ഇത്.നിരീക്ഷകരുടെ വാക്കുകള്‍ അനുസരിച്ച് പൊതുജനങ്ങള്‍ക്ക് നിക്ഷേപിക്കാവുന്ന ഏറ്റവും ഉയര്‍ന്ന സുരക്ഷിതത്വമുള്ള അവസരം ആണ് എഫ്ആര്‍എസ്ബി.

1000 രൂപയുടെ ഗുണിതങ്ങളായി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാവുന്ന എഫ്ആര്‍എസ്ബിയില്‍ 7.15 ശതമാനം വാര്‍ഷിക നിരക്കിലാണ് പലിശ ലഭിക്കുന്നത്.നിക്ഷേപം നടത്തി 7 വര്‍ഷം വരെ പിന്‍വലിക്കാനുള്ള അവസരം ലഭിക്കില്ലെന്ന നിബന്ധനയുണ്ട്.ആറ് മാസം കൂടുമ്പോഴാണ് പലിശ നല്‍കുന്നത് പക്ഷെ പലിശയ്ക്ക് ആദായനികുതിയടക്കമുള്ള കാര്യങ്ങളില്‍ കിഴിവ് ലഭിക്കും.വര്‍ഷത്തില്‍ രണ്ട് തവണ, അതായത് ജനുവരി ഒന്നാം തീയതിയും ജൂലൈ ഒന്നാം തീയതിയുമാണ് പലിശ വിതരണം ചെയ്യുക. പലിശ മുതലിനോടു കൂട്ടിച്ചേര്‍ത്ത് പലിശയ്ക്കു പലിശ നല്‍കുന്ന രീതിയില്ല. എന്നാല്‍ ഓരോ 6 മാസം കൂടുമ്പോഴും ലഭിക്കുന്ന പലിശ തുക 1000 രൂപയുടെ ഗുണിതങ്ങളായി വീണ്ടും ബോണ്ടുകള്‍ വാങ്ങാം. പുതുതായി നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് വീണ്ടും 7 വര്‍ഷത്തെ കാലാവധിയുണ്ടാകും.

വൃക്തികള്‍ക്ക് സ്വന്തം പേരിലോ കൂട്ടായ പേരികളിലും എഫ്ആര്‍എസ്ബി ബോണ്ടുകള്‍ വാങ്ങാം.മാതാപിതാക്കള്‍ക്കോ രക്ഷകര്‍ത്താക്കള്‍ക്കോ കുട്ടികള്‍ക്ക് വേണ്ടിയും കുടുംബാംഗങ്ങളുടെ പേരിലും നിക്ഷേപം നടത്താന്‍ സാധിക്കും.പക്ഷെ പ്രവാസികള്‍ക്ക് എപ്ആര്‍എസ്ബി ബോണ്ട് വാങ്ങാന്‍ കഴിയില്ല.

ഫ്ളോട്ടിങ് നിരക്കില്‍ പലിശ നിര്‍ണയിക്കുന്നതിനാല്‍ നിരക്ക് മാറിക്കൊണ്ടിരിക്കും. ഓരോ വര്‍ഷവും ജനുവരി ഒന്നിനും ജൂലൈ ഒന്നിനും തൊട്ടടുത്ത 6 മാസത്തേക്കു ലഭിക്കുന്ന പലിശ നിരക്ക് പ്രഖ്യാപിക്കും. നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റുകള്‍ക്കു നല്‍കുന്ന നിരക്കില്‍നിന്ന് 35 ബേസിസ് പോയിന്റ് അഥവാ 0.35 ശതമാനം ഉയര്‍ന്ന നിരക്കിലായിരിക്കും ബോണ്ടുകള്‍ക്ക് നല്‍കുന്ന പലിശ. നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റിന് ഇപ്പോള്‍ നല്‍കുന്ന 6.8 ശതമാനത്തിനു മുകളില്‍ 0.35 ശതമാനം ചേര്‍ത്ത് 7.15 ശതമാനമാണ് പലിശ.

എല്ലാ പൊതുമേഖലാ ബാങ്കുകളിലും ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ സ്വകാര്യ ബാങ്കുകളിലും നിന്ന് കേന്ദ്ര ധനമന്ത്രാലയം പുറപ്പെടുവിക്കുന്ന ബോണ്ടുകള്‍ വാങ്ങാം. ബോണ്ടുകള്‍ പേപ്പര്‍ രൂപത്തിലല്ലാതെ ഇലക്ട്രോണിക് രൂപത്തില്‍ ബോണ്ട് ലെഡ്ജര്‍ അക്കൗണ്ടുകളായാണ് ലഭിക്കുക. ബോണ്ട് ലെഡ്ജര്‍ അക്കൗണ്ടുകളുടെ ഹോള്‍ഡിങ് സര്‍ട്ടിഫിക്കറ്റുകള്‍ ഉടമയ്ക്കു ലഭിക്കും.

ബോണ്ടുകള്‍ ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നില്ല. ഇക്കാരണത്താല്‍ വില്‍ക്കാന്‍ സാധ്യമല്ല. കൂടാതെ ബോണ്ടുകള്‍ പണയപ്പെടുത്തിയോ ജാമ്യമായി നല്‍കിയോ വായ്പകള്‍ എടുക്കാനും അനുവാദമില്ല. ബോണ്ട് ലെഡ്ജര്‍ അക്കൗണ്ട് തുടങ്ങിയിട്ടുള്ളവര്‍ മരണമടഞ്ഞാല്‍ നോമിനിയ്ക്കോ അനന്തരാവകാശികള്‍ക്കോ പേര് മാറ്റി നല്‍കുകയാണ് ചെയ്യുന്നത്.


ഏതു പ്രായക്കാരുടേയും മിച്ച സമ്പാദ്യ നിക്ഷേപങ്ങളില്‍ ഒരു നിശ്ചിത ശതമാനം തുക നിശ്ചയമായും എഫ്ആര്‍എസ് ബോണ്ടുകളില്‍ നിക്ഷേപിക്കാം.വിപണിയിലും സ്ഥാപനങ്ങളിലും എന്തൊക്കെ തകര്‍ച്ച സംഭവിച്ചാലും ബോണ്ടുകളിലെ പണവും ലഭിക്കാനുള്ള പലിശയും സുരക്ഷിതമായിരിക്കും എന്നതു കൊണ്ട് തന്നെ എഫ്ആര്‍എസ്ബി ബോണ്ടുകള്‍ക്ക് വലിയ ജനപ്രീതിയുണ്ട്.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.