Sections

ഈ പ്രായത്തിന് മുകളിലുള്ളവര്‍ ആദായ നികുതി റിട്ടേണ്‍ നല്‍കേണ്ട

Tuesday, Sep 07, 2021
Reported By Aswathi Nurichan
INCOME TAX

ആദായ നികുതി നിയമ പ്രകാരം നിശ്ചിത വരുമാന പരിധിയ്ക്ക് മുകളില്‍ വരുമാനമുള്ള എല്ലാ വ്യക്തികളും അവരുടെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്.

 

ആദായ നികുതി നിയമത്തിലെ പുതിയ വകുപ്പ് പ്രകാരം 75 വയസ്സോ അതിനുമുകളിലോ ഉള്ളവര്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതില്ല. 2021-22 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ നിന്നും 75 വയസ്സിനും അതിന് മുകളിലും പ്രായമുള്ള മുതിര്‍ന്ന പൗരന്മാരെ ഒഴിവാക്കിക്കൊണ്ടുള്ള ഡിക്ലറേഷന്‍ ഫോറങ്ങള്‍ ആദായ നികുതി വകുപ്പ് പുറത്തിറക്കി.

ഇന്ത്യയില്‍ താമസക്കാരായ മുതിര്‍ന്ന പൗരന്മാര്‍ക്കാണ് ഇളവിന് അര്‍ഹതയുള്ളത്. അതായത് എന്‍ആര്‍ഐക്കാര്‍ക്ക് ഇളവ് ലഭിക്കില്ലെന്ന് ചുരുക്കം. പെന്‍ഷന്‍, പലിശ എന്നീ വരുമാനക്കാര്‍ക്കുമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. ഇളവ് ലഭിക്കാന്‍ 12 ബിബിഎ എന്നഫോം പൂരിപ്പിച്ച് അക്കൗണ്ടുള്ള ബാങ്കില്‍ നല്‍കണം. പേര്, വിലാസം, പാന്‍ അല്ലെങ്കില്‍ ആധാര്‍, പെന്‍ഷന്‍ പെയ്മെന്റ് ഓര്‍ഡര്‍ നമ്പര്‍(പി.പി.ഒ) എന്നിവയും പ്രസ്താവനയുമാണ് ഫോമില്‍ നല്‍കേണ്ടത്. 

മുതിര്‍ന്ന പൗരന്‍ നല്‍കുന്ന വിവരങ്ങള്‍ ആദായനികുതി വകുപ്പിനെ അറിയിക്കേണ്ട ചുമതല ബാങ്കുകള്‍ക്കാണ്. ഒരുകാര്യം പ്രത്യേകം ഓര്‍ക്കുക, ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുള്ള 75 വയസ്സുകഴിഞ്ഞവര്‍ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടിവരും. മാത്രമല്ല, റീഫണ്ട് ലഭിക്കാനുണ്ടെങ്കിലും റിട്ടേണ്‍ നല്‍കണം. 

ആദായ നികുതി നിയമ പ്രകാരം നിശ്ചിത വരുമാന പരിധിയ്ക്ക് മുകളില്‍ വരുമാനമുള്ള എല്ലാ വ്യക്തികളും അവരുടെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. ഓരോ വര്‍ഷത്തിലെയും ഏറ്റവും സുപ്രധാനമായ സാമ്പത്തീക കാര്യങ്ങളിലൊന്ന് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുക എന്നതാണ്.

സാധരണ ഗതിയില്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുവാനുള്ള അവസാന തീയ്യതി ജൂലൈ 31 ആണെങ്കിലും 2020-21 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയ പരിധി 2021 സെപ്തംബര്‍ 30 വരെ നീട്ടി നല്‍കിയിട്ടുണ്ട്. കോവിഡ് വ്യാപനം മൂലമുണ്ടായ പ്രയാസങ്ങള്‍ പരിഗണിച്ചാണ് ഈ അധിക സമയം നികുതിദായകര്‍ക്ക് നല്‍കിയിരിക്കുന്നത്.

ഇനി 2020 -21 സാമ്പത്തീക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനായി നികുതി ദായകര്‍ക്ക് മുന്നില്‍ ശേഷിക്കുന്നത് ചുരുക്കം ആഴ്ചകള്‍ മാത്രമാണ്. അവസാന നിമിഷത്തേക്ക് മാറ്റി വയ്ക്കാതെ കഴിയുന്നതും നേരത്തേ തന്നെ ഫയലിംഗ് പ്രക്രിയകള്‍ പൂര്‍ത്തിയാക്കുവാനാണ് നികുതിദായകരോട് വിദഗ്ധര്‍ എപ്പോഴും നിര്‍ദേശിക്കുന്നത്. ആദായ നികുതി റിട്ടേണ്‍ ഫയലിംഗ് പ്രക്രിയകള്‍ വേഗത്തിലാക്കുന്നതിനായി ആദായ നികുതി വകുപ്പ് ജൂലൈ മാസത്തില്‍ www.incometax.gov.in എന്ന പുതിയ ഇ ഫയലിംഗ് പോര്‍ട്ടല്‍ അവതരിപ്പിച്ചിട്ടുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.