Sections

ഇനി സര്‍ക്കാര്‍ ബോണ്ടുകള്‍ നേരിട്ട് വാങ്ങാം; ഓണ്‍ലൈനിലൂടെ അക്കൗണ്ടും തുടങ്ങാം

Saturday, Nov 13, 2021
Reported By Admin
rbi

ഓണ്‍ലൈനിലൂടെ ആര്‍ഡിജി അക്കൗണ്ട് തുടങ്ങാന്‍ നിക്ഷേപകര്‍ക്ക് കഴിയും


ഇനി മുതല്‍ പുതിയ 'ആര്‍ബിഐ റീടെയില്‍ ഡയറക്ട് സ്‌കീം' മുഖേന നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ ബോണ്ടുകള്‍ നേരിട്ട് വാങ്ങാം. റീടെയില്‍ നിക്ഷേപകര്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ കടപ്പത്രങ്ങള്‍ (സെക്യുരിറ്റികള്‍) വാങ്ങാന്‍ അവസരമൊരുക്കുന്ന റിസര്‍വ് ബാങ്കിന്റെ പുതിയ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച്ച തുടക്കമിട്ടു.

ആര്‍ബിഐ റീടെയില്‍ ഡയറക്ട് സ്‌കീമിനൊപ്പം 'ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന്‍ സ്‌കീമിനും' ഇന്ന് തുടക്കമായി. കേന്ദ്ര ബാങ്കിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായ സ്ഥാപനങ്ങളില്‍ ഉപഭോക്തൃപരാതി പരിഹാര സംവിധാനം കൂടുതല്‍ മികവുറ്റതാക്കുകയാണ് ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന്‍ പദ്ധതിയുടെ ലക്ഷ്യം.

റിസര്‍വ് ബാങ്ക് നടപ്പാക്കുന്ന റീടെയില്‍ ഡയറക്ട് പദ്ധതി മുഖേന സര്‍ക്കാര്‍ സെക്യുരിറ്റീസ് അക്കൗണ്ട് സൗജന്യമായി തുറന്ന് കൈകാര്യം ചെയ്യാന്‍ റീടെയില്‍ നിക്ഷേപകര്‍ക്ക് സാധിക്കും. ഇത്തരത്തില്‍ ഉപഭോക്തൃ കേന്ദ്രീകൃത സൗകര്യം ലഭ്യമാക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇപ്പോള്‍ ഇന്ത്യ. പുതിയ പദ്ധതി വഴി നിക്ഷേപകര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ കടപ്പത്രങ്ങള്‍, ട്രഷറി ബില്ലുകള്‍, സംസ്ഥാന വികസന വായ്പകള്‍, സ്വര്‍ണ ബോണ്ടുകള്‍ (സോവറീന്‍ ഗോള്‍ഡ് ബോണ്ട്) തുടങ്ങിയവയില്‍ ചില്ലറ നിക്ഷേപം നടത്താനുള്ള അവസരമാണ് ലഭിക്കുന്നത്. ഇതേസമയം, റിസര്‍വ് ബാങ്കിന്റെ റീടെയില്‍ ഡയറക്ട് ഗില്‍റ്റ് അക്കൗണ്ടിലൂടെയാണ് (ആര്‍ഡിജി അക്കൗണ്ട്) സര്‍ക്കാര്‍ സെക്യുരിറ്റികളിലുള്ള നിക്ഷേപങ്ങള്‍ സാധ്യമാവുക.

ഓണ്‍ലൈനിലൂടെ ആര്‍ഡിജി അക്കൗണ്ട് തുടങ്ങാന്‍ നിക്ഷേപകര്‍ക്ക് കഴിയും. ഇതിനായി റിസര്‍വ് ബാങ്ക് വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ഫോം പൂരിപ്പിച്ച് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലും ഇമെയില്‍ ഐഡിയിലും എത്തുന്ന ഒടിപി (ഒറ്റത്തവണ പാസ്വേഡ്) വഴി അക്കൗണ്ട് തുറക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാം. ആര്‍ജിഡി അക്കൗണ്ടുമായി ബന്ധപ്പെടുത്തുന്ന ബാങ്ക് അക്കൗണ്ട് മുഖാന്തരമാണ് ഇടപാടുകള്‍ക്ക് പണമടയ്ക്കാന്‍ സാധിക്കുക. ഇന്റര്‍നെറ്റ് ബാങ്കിങ്, യുപിഐ സൗകര്യങ്ങള്‍ ഇതില്‍ ലഭ്യമാണ്. ഇനി റീഫണ്ട് സാഹചര്യങ്ങളില്‍ പണം നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് നേരിട്ടെത്തുക.

അപകടസാധ്യത കുറഞ്ഞ നിക്ഷേപ മാര്‍ഗങ്ങളില്‍ ഒന്നാണ് സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ അഥവാ കടപ്പത്രങ്ങള്‍. നിക്ഷേപകര്‍ക്ക് സുരക്ഷിതവും ഉറപ്പായതുമായ വരുമാനമാണ് ഇതുവഴി കൈവരുന്നത്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ വാഗ്ദാനം ചെയ്ത റിട്ടേണ്‍ നിക്ഷേപകന് ലഭിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തും. ഇതേസമയം, അപകടസാധ്യത കുറവായതുകൊണ്ടുതന്നെ സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ മികവാര്‍ന്ന റിട്ടേണ്‍ തിരിച്ചുനല്‍കാറില്ല.

 

ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന്‍ സ്‌കീം

കേന്ദ്ര സര്‍ക്കാരിന്റെ 'വണ്‍ നേഷന്‍, വണ്‍ ഓംബുഡ്സ്മാന്‍' കാംപയിന് കീഴില്‍ വരുന്ന പുതിയ പദ്ധതിയാണ് ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന്‍ സ്‌കീം. ഏകീകൃത വെബ്സ്റ്റിലൂടെ ഒരു ഇമെയിലോ തപാല്‍ വിലാസമോ വഴി പരാതികള്‍ സമര്‍പ്പിക്കാവുന്ന സംവിധാനമാണിത്.

ഇപ്പോഴുള്ള ബാങ്കിങ് ഓംബുഡ്സ്മാന്‍, എന്‍ബിഎഫ്സി ഓംബുഡ്സ്മാന്‍, ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ ഓംബുഡ്സ്മാന്‍ എന്നിവയുടെ സംയോജിത രൂപമാണ് പുതിയ ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന്‍ സീകം. രേഖകള്‍ സഹിതം പരാതികള്‍ നല്‍കാനും ഇവയുടെ പുരോഗതി ട്രാക്ക് ചെയ്യാനും ഉപഭോക്താക്കള്‍ക്ക് ഇനി സാധിക്കും. സഹായങ്ങള്‍ക്കായി ബഹുഭാഷാ ടോള്‍ഫ്രീ നമ്പറും സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്. 2019-2020 സാമ്പത്തിക വര്‍ഷം മൂന്നു ലക്ഷത്തില്‍പ്പരം പരാതികള്‍ വിവിധ ഓംബുഡ്സ്മാന്‍ സംവിധാനങ്ങളില്‍ എത്തിയ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നടപടി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.