- Trending Now:
ഉത്സവ കാല സീസണുകളില്‍ ഭവന വായ്പയ്ക്കായുള്ള ആവശ്യക്കാരുടെ എണ്ണം ഉയരുന്നത് കണക്കിലെടുത്താണ് ബാങ്കുകള്‍ ഭവന വായ്പാ പലിശ നിരക്കില്‍ കുറവ് വരുത്തിയിരിക്കുന്നത്
ഈ ഉത്സവ കാലത്ത് ഒരു ഭവന വായ്പ എടുക്കുവാന്‍ നിങ്ങള്‍ക്ക് പ്ലാന്‍ ഉണ്ടെങ്കില്‍ മടിച്ചു നില്‍ക്കേണ്ട, ഇതു തന്നെയാണ് ഏറ്റവും മികച്ച സമയം. ബാങ്കുകളും ഒപ്പം ഹൗസിംഗ് ഫിനാന്‍സ് കമ്പനികളും ഭവന വായ്പകളുടെ പലിശ നിരക്ക് കുറച്ചുകൊണ്ട് ഉപയോക്താക്കള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ ഭവന വായ്പ കൈവശമാക്കുവാനുള്ള അവസരമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
ബാങ്ക് ഓഫ് ബറോഡ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), യെസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി), ബാങ്ക് ഓഫ് ബറോഡ (ബിഒബി), കൊഡാക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഏറ്റവും കുറഞ്ഞ ഭവന വായ്പാ പലിശ നിരക്കുകളാണ് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത്. ഉത്സവ കാല സീസണുകളില്‍ ഭവന വായ്പയ്ക്കായുള്ള ആവശ്യക്കാരുടെ എണ്ണം ഉയരുന്നത് കണക്കിലെടുത്താണ് ബാങ്കുകള്‍ ഭവന വായ്പാ പലിശ നിരക്കില്‍ കുറവ് വരുത്തിയിരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിരക്കുകളിലാണ് നിലവിലെ ഭവന വായ്പാ പലിശ നിരക്കുകള്‍ എന്ന് പറയാം.
ബാങ്ക് ഓഫ് ബറോഡ
പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ (ബിഒബി) ഭവന വായ്പാ പലിശ നിരക്കില്‍ കുറവ് വരുത്തിയിട്ടുണ്ട്. 0.25 ശതമാനത്തിന്റെ കുറവാണ് ബിഒബി ഭവന വായ്പാ ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതോടെ നേരത്തേ 6.75 ശതമാനമായിരുന്ന പലിശ നിരക്ക് 6.50 ശതമാനമായി കുറഞ്ഞു. 2021 ഡിസംബര്‍ 31 വരെ ഈ പുതുക്കിയ പലിശ നിരക്കിന്റെ നേട്ടം ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് ബാങ്ക് അറിയിച്ചു.
കാനറ ബാങ്ക്
നേരത്തേ, പൊതുമേഖലാ ബാങ്കായി കാനറ ബാങ്ക് എംസിഎല്‍ആര്‍ ( മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ്) നിരക്കില്‍ 0.15 ശതമാനത്തിന്റെ കുറവ് വരുത്തിയിരുന്നു. ബാങ്ക് തങ്ങളുടെ ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ നിരക്ക് 0.10 ശതമാനം കുറച്ച് 7.25 ശതമാനമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ 7 മുതലാണ് കാനറ ബാങ്കിന്റെ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ഒരു ദിവസത്തെയും, ഒരു മാസത്തെയും എംസിഎല്‍ആര്‍ നിരക്ക് ബാങ്ക് 0.15 ശതമാനം കുറച്ച് 6.55 ശതമാനമാക്കി.
ഡിസിബി ബാങ്ക്
ഡിസിബി ബാങ്കും എംസിഎല്‍ആര്‍ നിരക്കില്‍ 0.05 ശതമാനത്തിന്റെ കുറവ് വരുത്തി. ഒക്ടോബര്‍ 6 മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിലെത്തിയിരിക്കുന്നത്.
യെസ് ബാങ്ക്
ഉത്സവ കാല സീസണിലെ ആവശ്യക്കാരുടെ വര്‍ധനവ് മുന്നില്‍ കണ്ടുകൊണ്ട് ഭവന വായ്പാ ഉപയോക്താക്കള്‍ക്കായി യെസ് ബാങ്ക് ഒരു പ്രത്യേക ഓഫര്‍ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ ഓഫര്‍ പ്രകാരം 6.7 ശതമാനം നിരക്കിലാണ് ബാങ്ക് ഉപയോക്താക്കള്‍ക്ക് ഭവന വായ്പ വാഗ്ദാനം ചെയ്യുന്നത്.
എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ്
ഉത്സവകാല സീസണില്‍ വീട് വാങ്ങിക്കുന്ന ഉപയോക്താക്കള്‍ക്കായി ഒരു പ്രത്യേക സമ്മാനമാണ് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് നല്‍കിയിരിക്കുന്നത്. 2 കോടി രൂപ വരെയുള്ള ഭവന വായ്പകളുടെ പലിശ നിരക്ക് കമ്പനി 6.66 ശതമാനമാക്കി കുറച്ചിരിക്കുകയാണ്. നേരത്തേ ജൂലൈ മാസത്തില്‍ 50 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകളുടെ പലിശ നിരക്ക് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് 6.66 ശതമാനമാക്കി കുറച്ചിരുന്നു. ഇപ്പോള്‍ വായ്പാ തുക 50 ലക്ഷത്തില്‍ നിന്നും 2 കോടി രൂപയായി ഉയര്‍ത്തുകയാണ് ചെയ്തിരിക്കുന്നത്. സെപ്തംബര്‍ 22 മുതല്‍ നവംബര്‍ 30 വരെയുള്ള എല്ലാ ഭവന വായ്പകള്‍ക്കുമാണ് ഈ പ്രത്യേക നിരക്കിന് അര്‍ഹതയുണ്ടാവുക.
എച്ച്ഡിഎഫ്സി
രാജ്യത്തെ മുന്‍നിര ഹൗസിംഗ് ഫിനാന്‍സ് കമ്പനിയായ എച്ച്ഡിഎഫ്സി ഭവന വായ്പാ പലിശ നിരക്കില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഇതുപ്രകാരം ഉപയോക്താക്കള്‍ക്ക് 6.70 ശതമാനം പലിശ നിരക്ക് മുതല്‍ ഭവന വായ്പ എടുക്കുവാന്‍ സാധിക്കും. 2021 സെപ്തംബര്‍ 20 മുതലാണ് കമ്പനിയുടെ പുതിയ നിരക്കുകള്‍ പ്രാബല്യത്തിലുള്ളത്. 2021 ഒക്ടോബര്‍ 31 വരെ ഈ പ്രത്യേക പദ്ധതി നിലവിലുണ്ടാകും.
പഞ്ചാബ് നാഷണല്‍ ബാങ്ക്
പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കും ഭവന വായ്പകളുടെ പലിശ നിരക്കില്‍ കുറവ് വരുത്തിയിട്ടുണ്ട്. 50 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഭവന വായ്പകളുടെ പലിശ നിരക്കില്‍ 0.50 ശതമാനം കുറവാണ് നടപ്പിലാക്കിയിരിക്കുന്നത്. ഇതോടെ പലിശ നിരക്ക് 6.60 ശതമാനമായി. ഇപ്പോള്‍ ഏത് തുകയുടെ ഭവന വായ്പകളും 6.60 ശതമാനം പലിശ നിരക്കില്‍ ലഭ്യമാകുമെന്ന് പിഎന്‍ബി അറിയിച്ചു.
കൊഡാക് മഹീന്ദ്ര ബാങ്ക്
കൊഡാക് മഹീന്ദ്ര ബാങ്ക് ഭവന വായ്പകളുടെ പലിശ നിരക്കില്‍ 0.15 ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. നിലവില്‍ 6.50 ശതമാനം പലിശ നിരക്കില്‍ ഉപയോക്താക്കള്‍ക്ക് ഭവന വായ്പ ലഭ്യമാകും. നേരത്തേ ഇത് 6.65 ശതമാനമായിരുന്നു. 2021 സെപ്തംബര്‍ 10 മുതല്‍ 2021 നവംബര്‍ 8 വരെ ബാങ്കിന്റെ പുതിയ നിരക്ക് നിലവിലുണ്ടാകും.
എസ്ബിഐ
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയും ഭവനാ വായ്പാ പലിശ നിരക്ക് കുറച്ചിട്ടുണ്ട്. ക്രെഡിറ്റ് സ്‌കോറുമായി ബന്ധിപ്പിച്ചിട്ടുള്ള ഭവന വായ്പ 6.70 ശതമാനം നിരക്കില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. വായ്പാ തുകയും പലിശ നിരക്കുമായി ബന്ധമില്ല. നേരത്തേ 75 ലക്ഷം രൂപയുടെ ഭവന വായ്പ 7.15 ശതമാനം പലിശ നിരക്കിലായിരുന്നു ഉപയോക്താക്കള്‍ക്ക് ലഭ്യമായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.