Sections

മാര്‍ക്കറ്റിംഗ് ഒരു മേഖലയെ മാത്രം കേന്ദ്രീകരിച്ച് ആകരുത്

Saturday, Nov 20, 2021
Reported By admin
peso marketing

നിങ്ങള്‍ ഒരു ബ്രാന്‍ഡായി വളരണമെങ്കില്‍ പീസോ മാര്‍ക്കറ്റിംഗ് ഉചിതം

 

ഒരു ബിസിനസിലെ ഏറ്റവും നിര്‍ണായകമായ ഘടകം ഏതായിരിക്കും മാര്‍ക്കറ്റിംഗ് അല്ലെ ?.എങ്ങനെയാണ് മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ ഒരു ചെറുകിട സംരംഭം കൈകാര്യം ചെയ്യുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ ? 

നിങ്ങളില്‍ പലരും മിക്കവാറും ഏത് പ്ലാറ്റ്‌ഫോമിലൂടെയാണോ കൂടുതല്‍ വിപണനം നടക്കുന്നത് ആ ഭാഗത്ത് മാര്‍ക്കറ്റിംഗ് പദ്ധതികള്‍ ആവഷികരിച്ച് ശ്രദ്ധിച്ച് മുന്നേറാന്‍ ശ്രമിക്കാറാണ് പതിവ്.ഉദാഹരണത്തിന് നിങ്ങളുടെ സംരംഭത്തിന് ഏറ്റവും കൂടുതല്‍ റീച്ച് കിട്ടുന്നത് ഫെയ്‌സ്ബുക്ക് വഴിയുള്ള മാര്‍ക്കറ്റിംഗ് ആണെന്ന് മനസിലാക്കിയാല്‍ പിന്നെ ഫെയ്‌സ്ബുക്കില്‍ ശ്രദ്ധകേന്ദ്രീകരിച്ച് മാര്‍ക്കറ്റ് ചെയ്യാനാകും നിങ്ങള്‍ ശ്രമിക്കുക.ഇങ്ങനെ മതിയോ ?

ഒരു ബ്രാന്‍ഡായി നിങ്ങളുടെ സംരംഭം വളരണമെങ്കില്‍ ഇത്തരത്തില്‍ ഏകീകൃത മാര്‍ക്കറ്റിംഗ് കൊണ്ട് ഒരു ഉപയോഗവും ഉണ്ടാകില്ലെന്ന് വിദഗ്ധര്‍ പറയുന്നു.പ്രധാനമായും നിങ്ങളുടെ ബിസിനസിന് ഉദ്ദേശിക്കുന്ന വികാസം ലഭിക്കണമെങ്കില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തന്നെ
നാല് രീതിയില്‍ മാര്‍ക്കറ്റ് ചെയ്യേണ്ടതുണ്ട്.

പെയിഡ് മീഡിയ: പണം കൊടുത്ത് നിങ്ങളുടെ മാര്‍ക്കറ്റിംഗ് ക്യാമ്പെയ്ന്‍ ചെയ്യുന്നതാണ് ഈ ഗണത്തില്‍ വരുന്നത്.പോസ്റ്ററുകള്‍ ആകട്ടെ,വീഡിയോകള്‍ ആകട്ടെ പണം മുടക്കി മാര്‍ക്കറ്റിംഗ് ചെയ്യുന്നത് ഒക്കെ പെയിഡ് മീഡിയ വിഭാഗത്തില്‍പ്പെടുന്നു.കൂടുതല്‍ ആളുകളിലേക്ക് കുറഞ്ഞ സമയം കൊണ്ട് സാധിക്കുമെന്നതാണ് പെയിഡ് മീഡിയയുടെ ഏറ്റവും വലിയ പ്രത്യേകത.എന്നുകരുതി ഈ ഒരുമേഖലയിലേക്ക് മാത്രം ഇന്‍വെസ്റ്റ് ചെയ്ത് ബിസിനസ് വളര്‍ത്താം എന്ന് ചിന്തിക്കുന്നത് ശുദ്ധ അബദ്ധം തന്നെയാണ്.

ഏര്‍ണ്‍ഡ് മീഡിയ: പണം കൊടുത്ത് നിങ്ങളെ കുറിച്ച് നിങ്ങള്‍ തന്നെ പ്രചരിപ്പിക്കുന്ന വാര്‍ത്തകളല്ല ഈ ഗ്രൂപ്പില്‍ വരുന്നത്.പകരം നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് അത് മൂന്നാമതൊരാള്‍ പറയുന്നു അല്ലെങ്കില്‍ അനുമോദിക്കുന്നു ഇവയാണ് ഏര്‍ണ്‍ഡ് മീഡിയ കാറ്റഗറിയില്‍പ്പെടുന്നത്.ഉദാഹരണത്തിന് നിങ്ങള്‍ ഒരു സാമൂഹിക ബോധവത്കരണ ക്യാമ്പെയ്ന്‍ പ്രോഗ്രാം സംരംഭത്തില്‍ സംഘടിപ്പിച്ചു അതിനെ കുറിച്ച് പിറ്റേദിവസം പുറത്തിറങ്ങുന്ന പത്രങ്ങളില്‍ വാര്‍ത്ത വരുന്നു.ഇതിലൂടെ പബ്ലിസ്റ്റി വര്‍ദ്ധിക്കും വിശ്വാസത്യയും ആളുകളുടെ പ്രീതിയും വളരുകയും ചെയ്യും എന്ന ഗുണമുണ്ട്.ചുരുക്കി പറഞ്ഞാല്‍ നിങ്ങള്‍ വാര്‍ത്താപ്രാധാന്യമുള്ള ഏതെങ്കിലും കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിലൂടെ ഇത്തരം മാര്‍ക്കറ്റിംഗ് സുഗമായി നടത്താവുന്നതാണ്.

ഷെയേര്‍ഡ് മീഡിയ: ഇതെന്താണെന്ന് വെച്ചാല്‍ ഒരു ഉദാഹരണത്തിലൂടെ പറയാം.നിങ്ങള്‍ ഒരു പോസ്റ്റ് ചെയ്തു അത് കണ്ട ആളുകള്‍ ഷെയര്‍ ചെയ്ത് മറ്റുള്‌ളവരിലേക്ക് എത്തിക്കുന്നു.ജനങ്ങള്‍ സ്വയം അത് വൈറലാക്കുന്നു എന്നതാണ് ഈ ഷെയേര്‍ഡ് മീഡിയയുടെ പ്രത്യേകത.നിങ്ങളുടെ ഉത്പന്നം അല്ലെങ്കില്‍ സേവനം ലഭിച്ചശേഷം കസ്റ്റമര്‍ നല്‍കുന്ന റിവ്യു അടക്കം എല്ലാം ഈ ഗ്രൂപ്പില്‍പ്പെടുന്നു.

ഓണ്‍ഡ് മീഡിയ: നിങ്ങളുടെ സ്വന്തം പ്ലാറ്റ്‌ഫോം രൂപപ്പെടുത്താന്‍ ശ്രദ്ധിക്കുക.വെബ്‌സൈറ്റ്,പോഡ്കാസ്റ്റുകള്‍,ബ്ലോഗുകള്‍ തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ സംരംഭത്തെ വളര്‍ത്താന്‍ ശ്രദ്ധിക്കുക.പലരും ഇപ്പോള്‍ യൂട്യൂബ് വഴിയും,ഫെയ്‌സ്ബുക്ക് വഴിയും ഒക്കെയാണ് സംരംഭത്തിന്റെ മാര്‍ക്കറ്റിംഗ് നടത്തുന്നത്.പക്ഷെ ഇതൊരു നിമിഷം കൊണ്ട് യൂട്യൂബ് അതോറിറ്റിക്കോ,ഫെയ്‌സ്ബുക്കിനോ ഇല്ലാതാക്കാന്‍ കഴിയുന്നവയാണ്.നിങ്ങളുടെ യൂട്യൂബ് ചാനല്‍ യൂട്യൂബ് ഒരു ദിവസം ബാന്‍ചെയ്താല്‍ പരാതി ഉന്നയിക്കാനുളള അവസരം പോലും ലഭിക്കില്ലെന്ന് ഓര്‍ക്കണം.

ഈ മുകളില്‍ പറഞ്ഞ രീതിയെ പീസോ മാര്‍ക്കറ്റിംഗ് എന്നാണ് വിദഗ്ധര്‍ പേരിട്ടു വിളിക്കുന്നത്.വ്യക്തമായ പ്ലാനും പദ്ധതി രൂപരേഖയും തയ്യാറാക്കി മുകളില്‍ പറഞ്ഞ നാല് മാര്‍ഗ്ഗത്തിലൂടെയും ഒരെ സമയം മാര്‍ക്കറ്റിംഗ് ചെയ്താല്‍ മികച്ച പ്രയോജനം സംരംഭത്തിന് ലഭിക്കും എന്നുറപ്പാണ്.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.