- Trending Now:
രണ്ടു ദിവസം കൊണ്ട് 400-ലേറെ പോയിന്റിന്റെ നേട്ടം നിഫ്റ്റി സ്വന്തമാക്കി
ഒമിക്രോണ്‍ ഇന്ത്യയിലും സ്ഥീരികരിച്ചെന്ന വാര്‍ത്തയെ തുര്‍ന്ന് നഷ്ടത്തോടെയാകും വ്യാപാരം ആരംഭിക്കുകയെന്നായിരുന്നു പൊതുവേയുള്ള നിഗമനമെങ്കിലും പ്രധാന സൂചികകള്‍ നേരിയ നേട്ടത്തോടെയാണ് വെള്ളിയാഴ്ചത്തെ വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയില്‍ 23 പോയിന്റ ഉയര്‍ന്ന് 17,424.90-ലും സെന്‍സെക്‌സ് 96 പോയിന്റ് ഉയര്‍ന്ന് 58,555.58-ലുമാണ് വ്യാപാരം ആരംഭിച്ചത്. തുടര്‍ന്നും മുന്നേറ്റം തുടരുന്ന സൂചികകള്‍ നിര്‍ണായക നിലവാരങ്ങള്‍ പിന്നിട്ടു.
ബാങ്കിംഗ് ഓഹരികളുടെ സൂചികയായ ബാങ്കി-നിഫ്റ്റി ഇന്നലെ അവസാനിപ്പിച്ചിടത്തു നിന്നാണ് വെള്ളിയാഴ്ച വ്യാപാരം തുടങ്ങിയതെങ്കിലും ആദ്യ നിമിഷങ്ങളില്‍ തന്നെ 200-ലേറെ പോയിന്റ് ഉയര്‍ന്ന് നിര്‍ണായകമായ 36,700 നിലവാരം പിന്നിട്ടു. തെരഞ്ഞെടുത്ത ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള മുന്നേറ്റം വിപണിയില്‍ പ്രകടമാണ്. ഇന്‍ഫോസിസ്, ലാര്‍സന്‍, ബിപിസിഎല്‍ ഓഹരികള്‍ ആദ്യ നിമിഷങ്ങളില്‍ തന്നെ ഒരു ശതമാനത്തിലേറെ നേട്ടം കൈവരിച്ചു. നിലവില്‍ എല്ലാ സെക്ടര്‍ സൂചികകളും നേട്ടത്തിലാണ് തുടരുന്നത്.
നിര്‍ണായകം
രണ്ടു ദിവസം കൊണ്ട് 400-ലേറെ പോയിന്റിന്റെ നേട്ടം നിഫ്റ്റി സ്വന്തമാക്കി. ഡെയ്ലി ചാര്‍ട്ടില്‍ ഭേദപ്പെട്ട ബുള്ളിഷ് കാന്‍ഡിലാണ് രൂപപ്പെട്ടിരിക്കുന്നത്. കൂടാതെ ഇന്നലെ ദിവസത്തെ ഉയര്‍ന്ന നിലയിലും കഴിഞ്ഞ 4 ദിവസങ്ങളിലെ ഉയര്‍ന്ന നിലവാരമായ 17,350-ഉം ദിനവ്യാപാരത്തിന്റെ ക്ലോസിങ് അടിസ്ഥാനത്തില്‍ മുകളിലാണെന്നത് അനുകൂല ഘടകമാണ്. 100-ഡേ മൂവിങ് ആവറേജായ 17,150 നിലവാരങ്ങളില്‍ വാങ്ങുന്നതിന് താത്പര്യം ദൃശ്യമാണെന്നതും പോസിറ്റീവ് ഘടകമാണ്.
17,450 നിലവാരങ്ങളുടെ മുകളില്‍ സൂചികകള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ 17,500- 17600 നിലവാരങ്ങളിലേക്ക് സൂചികകള്‍ എത്തിയേക്കാം. അതേസമയം, 17,300 നിലവാരമായിരിക്കും ഏറ്റവും സമീപത്തെ പ്രധാന സപ്പോര്‍ട്ട് മേഖല. ആഗോള വിപണികളിലെ ഗതിയും വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ വില്‍പ്പനയും ഇന്നും നിര്‍ണായകമായേക്കാം. വിപണിയില്‍ ചാഞ്ചാട്ടം രൂക്ഷമായതിനാല്‍ സുരക്ഷിതമായ തരത്തില്‍ ട്രേഡിങ് നടത്തുക.
ശ്രദ്ധിക്കേണ്ട ഓഹരികള്‍
ഒഎന്‍ജിസി (സോളാര്‍ എനര്‍ജി കോര്‍പ്പറേഷനുമായി ധാരണ), ടാറ്റ പവര്‍, ഭാരത് ഡൈനാമിക്സ് (471 കോടിയുടെ കരാര്‍), ബയോകോണ്‍ (ജനറിക് മരുന്നുകള്‍ക്ക് യുഎസ്എഫ്ഡിഎ അനുമതി), ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ്, എബിബി ഇന്ത്യ, കാനറ ബാങ്ക് (1500 കോടി രൂപ സമാഹരിക്കും), ഉജ്ജീവന്‍ ഫിനനാന്‍ഷ്യല്‍ സര്‍വീസസ്, ധനലക്ഷ്മി, പ്രതാപ് സ്നാക്സ്, ആരതി ഇന്‍ഡസ്ട്രീസ്, റുഷില്‍ ഡെകോര്‍, ടാന്റിയ കണ്‍സ്ട്രക്ഷന്‍സ് എന്നിവയുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ സംഭവിച്ചത്
ഈമാസം തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സംബന്ധിച്ച ആശങ്കകള്‍ ആഗോള വിപണികളെ ബാധിച്ചപ്പോഴാണ് ഇന്ത്യന്‍ സൂചികകള്‍ മികച്ച നേട്ടമുണ്ടാക്കിയത്. കൂടാതെ, ഇന്നലെ സൂചികകളിലുണ്ടായ നേട്ടം, കഴിഞ്ഞ ഒരു മാസത്തനിടെയിലെ ഏറ്റവും വലിയ പ്രതിദിനമാണ്. ധനകാര്യ, ഐടി ഓഹരികളിലെ മുന്നേറ്റമാണ് വിപണിയെ തുണച്ചത്. നിഫ്റ്റി 234.80 പോയിന്റ് നേട്ടത്തില്‍ 17,401-ലും സെന്‍സെക്‌സ് 776 പോയിന്റ് ഉയര്‍ന്ന് 58,461-ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്‍ഡക്സ് ഹെവി വെയിറ്റ് സ്റ്റോക്കായ എച്ച്ഡിഎഫ്‌സി നാലുശതമാനവും പവര്‍ഗ്രിഡ, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികളും നേട്ടത്തില്‍മുന്നിലെത്തി. മിഡ്കാപ്, സ്മോള്‍കാപ് വിഭാഗങ്ങളിലെ ഓഹരികളിലും നിക്ഷേപ താത്പര്യം പ്രകടമായിരുന്നു. അതേസമയം, വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്നലെയും വില്‍പ്പന നടത്തി. 909 കോടി രൂപയുടെ ഓഹരികളാണ് അവര്‍ വില്‍പ്പനയാണ് നടത്തിയത്. എന്നാല്‍ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ 1372 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.