- Trending Now:
XUV700 വാങ്ങാന്‍ സഹായിക്കുന്നതിനായി മഹീന്ദ്ര ഒരു പുതിയ ഫിന്‍എക്സ് എന്നൊരു പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്
പുതുതായി പുറത്തിറക്കിയ XUV700 മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. എസ്യുവി സ്വന്തമാക്കാന്‍ താത്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് മഹീന്ദ്രയുടെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായോ അല്ലെങ്കില്‍ അടുത്തുള്ള ഡീലര്‍ഷിപ്പിലോ വാഹനം ബുക്ക് ചെയ്യാം.
ബുക്കിംഗ് വേളയില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടപ്രകാരം XUV700 എസ്യുവി മുന്‍കൂട്ടി കസ്റ്റമൈസ് ചെയ്യാന്‍ കഴിയുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. നിലവില്‍ 11.99 ലക്ഷം മുതല്‍ 22.89 ലക്ഷം രൂപ വരെയാണ് വാഹനത്തിനായി മുടക്കേണ്ടി വരുന്ന വില.
എന്നാല്‍ ആദ്യ 25,000 ബുക്കിംഗുകള്‍ക്കുള്ള ആമുഖ വിലകള്‍ മാത്രമാണിത് എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. ഇതിനു ശേഷം വിലയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. അതായത് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നതെ വെറും ആമുഖ വിലകള്‍ മാത്രമാണെന്ന് സാരം.
XUV700 വാങ്ങാന്‍ സഹായിക്കുന്നതിനായി മഹീന്ദ്ര ഒരു പുതിയ ഫിന്‍എക്സ് എന്നൊരു പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ 20 ഓളം എക്‌സ്‌ക്ലൂസീവ് ലോഞ്ച് ഫിനാന്‍സ് ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നത്. ഇതിനു കീഴില്‍ രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ്, ആക്സസറികള്‍, ഷീല്‍ഫ്, എഎംസി, ലോണ്‍ പരിരക്ഷ എന്നിവയ്ക്കും സീറോ ഡൗണ്‍ പേയ്മെന്റിനൊപ്പം 100 ശതമാനം ഓണ്‍-റോഡ് ഫണ്ടിംഗ് വരെ ലഭിക്കും.
മഹീന്ദ്ര ഫിനാന്‍സ്, ഒറിക്സ് എന്നീ കമ്പനികളുമായി സഹകരിച്ച് ലീസിംഗ് പദ്ധതിയിലും XUV700 വാഗ്ദാനം ചെയ്യും. എന്നാല്‍ മഹീന്ദ്ര അവരുടെ റീട്ടെയില്‍, കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്ക് മാത്രമായാണ് ഈ സംവിധാനം തുടക്കഘട്ടത്തില്‍ ലഭ്യമാക്കുക. MX, AX3, AX5, AX7 എന്നിങ്ങനെ നാല് വേരിയന്റുകളിലായി 32 ഓളം വകഭേദങ്ങളാണ് മിഡ്-സൈസ് എസ്യുവിയില്‍ ലഭ്യമാവുക. അതോടൊപ്പം ഓപ്ഷണല്‍ ലക്ഷ്വറി പായ്ക്കും ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവും (ഡീസലില്‍ മാത്രം) ഉപയോഗിച്ച് ടോപ്പ് എന്‍ഡ് AX7 വ്യക്തമാക്കാം.
പുത്തന്‍ സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകളും അത്യാധുനിക ഡ്രൈവര്‍ സഹായ സംവിധാനങ്ങളും സുരക്ഷാ സന്നാഹങ്ങളുടെ നീണ്ടനിരയുമായാണ് മഹീന്ദ്ര XUV700 വിപണിയില്‍ പേരെടുക്കാന്‍ ഒരുങ്ങുന്നത്. ബേസ് MX വേരിയന്റിനെ പോലും അതിശയകരമാം വിധമാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്.
അഞ്ച്, ഏഴ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത സീറ്റിംഗ് ഓപ്ഷനും വാഹനത്തിന്റെ പ്രത്യേകതയാണ്. വാഹനത്തിന്റെ എല്ലാ വേരിയന്റുകളും പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യും. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ അല്ലെങ്കില്‍ 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് എസ്യുവിക്ക് തുടിപ്പേകുന്നത്.
ഡീസല്‍ എഞ്ചിന്‍ വേരിയന്റ് അനുസരിച്ച് രണ്ട് ട്യൂണുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ഓള്‍-വീല്‍ ഡ്രൈവ്ട്രെയിനുമായി സംയോജിപ്പിക്കാന്‍ കഴിയുന്ന ഒരേയൊരു ഓപ്ഷനും ഇതാണ്. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ 200 bhp കരുത്തില്‍ 380 Nm torque ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്.
2021 ഒക്ടോബര്‍ പത്തിനായിരിക്കും XUV700 എസ്യുവിക്കായുള്ള ഡെലിവറി തീയതി മഹീന്ദ്ര പുറത്തുവിടുകയുള്ളൂ. ഡീസല്‍ വേരിയന്റുകള്‍ക്ക് മുമ്പ് പെട്രോള്‍ മോഡലുകളുടെ വില്‍പ്പന ആയിരിക്കും ആരംഭിക്കുകയെന്നാണ് സൂചനയും.
മഹീന്ദ്ര XUV700 എസ്യുവിയുടെ അഞ്ച് സീറ്റര്‍ വകഭേദം ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, സ്‌കോഡ കുഷാഖ്, ഫോക്സ്വാഗണ്‍ ടൈഗൂണ്‍, ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍ എന്നിവയ്ക്കെതിരായി മത്സരിക്കുമ്പോള്‍. മറുവശത്ത്, XUV700 ഏഴ് സീറ്റര്‍ ടാറ്റ സഫാരി, എംജി ഹെക്ടര്‍ പ്ലസ്, ഹ്യുണ്ടായി അല്‍കാസര്‍ തുടങ്ങിയ വമ്പന്‍മാരുമായാകും ഏറ്റുമുട്ടുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.