Sections

ലിങ്ക്ഡ്ഇനില്‍ കഥകളെഴുതി ബിസിനസ് ബ്രാന്‍ഡിംഗ് നടത്താം

Tuesday, Nov 16, 2021
Reported By Admin
writing

ബിസിനസുകളെ മാത്രം ബ്രാന്‍ഡ് ചെയ്യുന്ന കാലമൊക്കെ കഴിഞ്ഞു. 

 

കുറച്ച് വര്‍ഷങ്ങളായി ബിസിനസ് മേഖല പ്രധാനമായും ഉപയോഗിക്കുന്ന സമൂഹ മാധ്യമമാണ് ലിങ്ക്ഡ്ഇന്‍. പ്രൊഫഷണല്‍സ് നെറ്റ്വര്‍ക്കിംഗിനും ഭാവി മെച്ചപ്പെടുത്താനും മാത്രമല്ല ഇപ്പോള്‍ ലിങ്ക്ഡ്ഇന്‍ ഉപയോഗിക്കപ്പെടുന്നത്. ആഗോള ബിസിനസിലെ ട്രെന്‍ഡുകളെ കുറിച്ചും മാറുന്ന അവസരങ്ങളെകുറിച്ചും മനസിലാക്കാന്‍ ഇത് ഉപയോഗിക്കുന്നു.

പ്രൊഫഷണലുകള്‍ ബ്രാന്‍ഡിംഗിനായി ഇന്ന് കൂടുതല്‍ ആശ്രയിക്കുന്നത് ലിങ്ക്ഡ്ഇന്‍ ആണ്. ഇവിടെ കൃത്യമായ ബ്രാന്‍ഡിംഗ് നടത്തണമെങ്കില്‍ വെറുതെ പോസ്റ്റ് ചെയ്താല്‍ മാത്രം പോര. കാരണം വെറുതെയുള്ള പോസ്റ്റിംഗുകള്‍ നിങ്ങളുടെ വിസിബിലിറ്റി ഉയര്‍ത്തില്ല. ഈ കോവിഡ് കാലത്ത് ലിങ്ക്ഡ്ഇന്നില്‍ പേഴ്സണല്‍ ബ്രാന്‍ഡിംഗ് നടത്തണമെങ്കില്‍ ചില പുതുവഴികള്‍ തേടേണ്ടതുണ്ട്.

ബിസിനസ് ബ്രാന്‍ഡിംഗ് എങ്ങനെ?  

ബിസിനസുകളെ മാത്രം ബ്രാന്‍ഡ് ചെയ്യുന്ന കാലമൊക്കെ കഴിഞ്ഞു. പേഴ്സണല്‍ ബ്രാന്‍ഡിംഗിലാണ് ഇന്ന് വിജയം. ഈ ആശയം ഇതിനോടകം തന്നെ സംരംഭ ലോകത്ത് ചലനങ്ങള്‍ സൃഷ്ടിച്ചു തുടങ്ങിക്കഴിഞ്ഞു. കേവലമൊരു ബിസിനസുകാരന്‍ എന്ന ചിന്തയ്ക്കപ്പുറം സംരംഭകനെക്കുറിച്ചും സംരംഭത്തെക്കുറിച്ചും കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ആളുകളുടെ മനസ് എത്തിച്ചേരേണ്ടത് സാധാരണക്കാരനായ ഒരു മനുഷ്യന്റെ വിജയ കഥകളിലേക്കാണ്.

ഇത് സംരംഭകന് തന്റെ ഉപഭോക്താക്കളെ സമീപിക്കാന്‍ കൂടുതല്‍ ആത്മ വിശ്വാസം നല്‍കും. കൂടുതല്‍ ബിസിനസും നിക്ഷേപ അവസരങ്ങളും നേടാന്‍ കമ്പനികളെ സഹായിക്കും. വളര്‍ച്ചയുടെ പുതിയ സാധ്യതകളാണ് ഇതുവഴി തുറന്നുകിട്ടുക. നിക്ഷേപങ്ങള്‍ തേടുന്ന പുതു തലമുറ സംരംഭങ്ങളാണെങ്കില്‍ പ്രത്യേകിച്ച്.

സംരംഭകന് ഒരു നല്ല കഥയുണ്ടാകുകയെന്നതാണ് പേഴ്സണല്‍ ബ്രാന്‍ഡിംഗിലുള്ള ആദ്യ കാര്യം. ഇതിനുശേഷം നിങ്ങള്‍ കഥപറച്ചിലില്‍ വൈദഗ്ധ്യം നേടണം. നിങ്ങളെ വിജയത്തിലേക്ക് നയിക്കുകയോ വിജയത്തിന് അടുത്തെത്തിക്കുകയോ ചെയ്ത സംഭവങ്ങളാകണം കഥ പറയുന്നതിനായി സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. തുടര്‍ന്ന് ഈ സംഭവങ്ങള്‍ ഉള്‍പ്പെടുത്തി കഥ വിപുലീകരിക്കണം.

ലിങ്ക്ഡ്ഇനില്‍ ആര്‍ട്ടിക്കിള്‍ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1,900 വാക്കുകളുള്ള നീണ്ട ലേഖനങ്ങള്‍ എഴുതുക. ഇത് എന്‍ഗേജ്മെന്റ് വര്‍ധിപ്പിക്കും.
എങ്ങനെ ചെയ്യാം എന്ന ഫോര്‍മാറ്റിലുള്ള ആര്‍ട്ടിക്കിളുകള്‍ പോസ്റ്റ് ചെയ്യുക. അവയ്ക്ക് കൂടുതല്‍ ഷെയറുകള്‍ ലഭിക്കും
ലേഖനത്തില്‍ 5, 7 അല്ലെങ്കില്‍ 9 സബ് ഹെഡിംഗുകള്‍ നല്‍കുക
ലേഖനത്തിന്റെ ഹെഡിംഗ് 40-49 അക്ഷരങ്ങളായിരിക്കണം.
ലേഖനത്തില്‍ ആവശ്യമില്ലാത്ത വീഡിയോകള്‍ ചേര്‍ക്കരുത്
കൃത്യം 8 ഫോട്ടോകളില്‍ ഒതുക്കുക.
ആളുകളുടെ മുഖമുള്ള യഥാര്‍ത്ഥ ചിത്രങ്ങള്‍ ആര്‍ട്ടിക്കിളില്‍ നല്‍കുക.
സ്പെഷ്യലൈസ് പ്ലാറ്റ്ഫോമില്‍ ജനറലാകുക

ആളുകള്‍ക്കു രസകരമാകുന്ന രീതിയില്‍ പുനരവലോകനം ചെയ്യുകയും കഥയുടെ സവിശേഷതകള്‍ തിരിച്ചറിഞ്ഞ് നിങ്ങള്‍ക്കു മാത്രമുള്ള പ്രത്യേകതകളെ അപഗ്രഥിക്കുകയും ചെയ്ത് വേണം ആര്‍ട്ടിക്കിള്‍ എഴുതാന്‍. കേള്‍വിക്കാര്‍ക്കായി കഥയുടെ ഹ്രസ്വമായ ഒരു പതിപ്പും നിങ്ങളുടെ ആശയത്തെക്കുറിച്ചുള്ള ഒരു ലഘു ആമുഖവും സൃഷ്ടിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കുകയും വേണം. ഇതിനായി നിങ്ങള്‍ക്കൊരു ബ്രാന്‍ഡിംഗ് അല്ലെങ്കില്‍ മീഡിയ കണ്‍സള്‍ട്ടന്റിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

ഒട്ടുമിക്ക ആളുകളും പരാജയകഥകള്‍ പറയാന്‍ മടിക്കുന്നു. അതില്‍നിന്നു വ്യത്യസ്തമായി പരാജയകഥകള്‍ പറയുന്നത് നിങ്ങളുടെ എന്‍ഗേജ്മെന്റ് വര്‍ധിപ്പിക്കും. ഇത്തരം കഥകള്‍ ആളുകളുമായി നേരിട്ടു ബന്ധപ്പെടുന്നവ ആയതിനാല്‍ നിങ്ങളുടെ ക്രെഡിബിലിറ്റിയും വര്‍ധിപ്പിക്കും. പ്രത്യേകിച്ച് നിങ്ങള്‍ തോല്‍വികള്‍ നേരിട്ട് വിജയിച്ച വ്യക്തിത്വമാണെങ്കില്‍.

വിവിധ മേഖലകളില്‍ ഉപയോഗിക്കാനും വ്യവസായത്തിലുപരി ആളുകളുമായി സംവദിക്കാനും കഴിയുന്ന കണ്ടന്റുകള്‍ ലിങ്ക്ഡ്ഇനില്‍ പോസ്റ്റുചെയ്യുന്നത് വലിയ ഫോളോവേഴ്സിനെ നേടുന്നതിനും കരുത്തുറ്റ പേഴ്സണല്‍ ബ്രാന്‍ഡ് സൃഷ്ടിക്കുന്നതിനും സഹായിക്കും. വ്യവസായങ്ങളിലുടനീളമുള്ള ആളുകളുമായി ബന്ധപ്പെടുന്നതിനും പുതിയ നെറ്റ്വര്‍ക്കുകള്‍ സൃഷ്ടിക്കുന്നതിനുമുള്ള ഒരു ഫലപ്രദമായ മാര്‍ഗം കൂടിയാണിത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.