Sections

ബിസിനസിലെ നഷ്ടങ്ങളെ മുന്‍കൂട്ടി കാണാനും അവ പരിഹരിക്കാനും എന്തൊക്കെ ചെയ്യണം?

Friday, Sep 03, 2021
Reported By Aswathi Nurichan
business loss

ബിസിനസില്‍ പ്രതിസന്ധികളെ മുന്‍കൂട്ടി കാണാനും പ്രതിസന്ധികള്‍ വന്നാല്‍ അവ തരണം ചെയ്യുവാനും അറിയണം. എങ്ങനെയാണ് പ്രതിസന്ധികളെ മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിക്കേണ്ടതെന്നും ബിസിനസില്‍ നഷ്ടം സംഭവിച്ചാല്‍ അത് എങ്ങനെ മറികടക്കാമെന്നും നോക്കാം.

 

കോവിഡ് മഹാമാരി ജനജീവിതത്തെ അതിഭീകരമായാണ് തകര്‍ത്തത്. ഇതുവരെ പരിചിതമല്ലാത്ത അനേകം സാഹചര്യങ്ങളിലൂടെ അത് നമ്മെ കൊണ്ടു പോയി. കോവിഡ് അത് രൂക്ഷമായി ബാധിച്ച മേഖലയാണ് ബിസിനസ്. ടൂറിസം, ഗതാഗതം തുടങ്ങിയ നിരവധി മേഖലകള്‍ നഷ്ടത്തിലായി. ബിസിനസില്‍ ഇത്തരം സാഹചര്യങ്ങളെ മറികടക്കണമെങ്കില്‍ പ്രതിസന്ധികളെ മുന്‍കൂട്ടി കാണാനും പ്രതിസന്ധികള്‍ വന്നാല്‍ അവ തരണം ചെയ്യുവാനും അറിയണം. എങ്ങനെയാണ് പ്രതിസന്ധികളെ മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിക്കേണ്ടതെന്നും ബിസിനസില്‍ നഷ്ടം സംഭവിച്ചാല്‍ അത് എങ്ങനെ മറികടക്കാമെന്നും നോക്കാം.

എങ്ങനെ പ്രതിസന്ധികളെ മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിക്കാം

ബിസിനസില്‍ വിജയം മാത്രമല്ല, പരാജയവും ഉണ്ടാകും. ബിസിനസ് ആരംഭിക്കുമ്പോള്‍ പരാജയങ്ങളെയും മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിക്കണം. ലാഭം വന്നാലും വന്നില്ലെങ്കിലും ബിസിനസ് മുന്നോട്ട് പോകും. എന്നാല്‍ വലിയ നഷ്ടം വന്നാല്‍ ബിസിനസ് തന്നെ ഇല്ലാതാകും. അതിനാല്‍ ഭാവിയില്‍ ബിസിനസില്‍ വരാന്‍ സാധ്യതയുള്ള നഷ്ടത്തെ മുന്‍കൂട്ടി കണ്ടു കൊണ്ട് അതിനായി മുന്‍കൂട്ടി തുക മാറ്റി വയ്ക്കുക.

ബിസിനസിന്റെ തുടക്കത്തില്‍ തന്നെ ലഭിക്കുന്ന ലാഭത്തില്‍ നിന്നുള്ള ചെറിയൊരു തുക വര്‍ഷവും മാറ്റി വയ്ക്കുക. ആ തുക നഷ്ടം സംഭവിക്കുമ്പോള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതിനാല്‍ നഷ്ടത്തെ നികത്താന്‍ സാധിക്കും. ഏറ്റവും വലിയ മോശം അവസ്ഥയെ മുന്‍കൂട്ടി കണ്ട് വേണം ബിസിനസ് ആരംഭിക്കാന്‍.

ഇത്തരത്തില്‍ ചിന്തിക്കുകയും അതിന് പ്രായോഗികമായ ഒരു പരിഹാരം കണ്ടെത്തുകയും ചെയ്യുന്ന ആളാണ് യഥാര്‍ത്ഥ സംരംഭകന്‍. ഒരു സംരംഭകന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട കഴിവുകളില്‍ ഒന്നാണ് അത്. സംരംഭം എന്നും റിസ്‌കിലൂടെ കടന്ന ്‌പോകുന്ന ഒന്നാണ്. വിജയങ്ങളില്‍ ഭ്രമക്കാതെയും പരാജയങ്ങളില്‍ തളരാതെയും ഇരിക്കാന്‍ സംരംഭകന് സാധിക്കണം.

വ്യത്യസ്തമായ ഒന്നില്‍ കൂടുതല്‍ ബിസിനസ് മേഖലകളില്‍ നിക്ഷേപിക്കുക എന്നത് മറ്റൊരു മാര്‍ഗമാണ്. ഏതെങ്കിലും ഒരു ബിസിനസ് തകരുകയാണെങ്കിലും കൂടുതല്‍ മേഖലകളില്‍ നിക്ഷേപം ഉള്ളതിനാല്‍ നിങ്ങള്‍ക്ക് അതിനെ അതിജീവിക്കാന്‍ സാധിക്കും. എല്ലാ ബിസിനസുകളും ഒരേ സമയം തകരില്ല. അതിനാല്‍ ഇത്തരത്തില്‍ നിക്ഷേപിക്കുന്നതിലൂടെ നഷ്ടത്തില്‍ നിന്ന് കരകയറാന്‍ സാധിക്കും.

സാങ്കേതിക വളര്‍ച്ചയായിരിക്കാം ചില ബിസിനസ് മേഖലകളുടെ തകര്‍ച്ചയ്ക്ക് കാരണം. പ്രിറ്റിങ് പ്രസുകളുടെ തകര്‍ച്ച ഇതിന് വലിയൊരു ഉദാഹരണമാണ്. കാലവും സാഹചര്യവും ജനങ്ങളും മാറുമ്പോള്‍ ബിസിനസും മാറണം.അല്ലെങ്കില്‍ നിങ്ങള്‍ ഔട്ട്‌ഡേറ്റായി മാറും. സാങ്കേതിക വിദ്യയ്ക്ക് അനുസരിച്ച് ബിസിനസില്‍ മാറ്റങ്ങള്‍ കൊണ്ടു വന്നില്ലെങ്കില്‍ തീര്‍ച്ചയായും നഷ്ടങ്ങള്‍ സംഭവിക്കാം. അതിനാല്‍ ഓരോ വര്‍ഷവും സംഭവിക്കുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ബിസിനസിനെ അപ്‌ഡേറ്റ് ചെയ്യുക.

നഷ്ടത്തെ എങ്ങനെ മറികടക്കാം

നിങ്ങളുടെ ബിസിനസ് നഷ്ടത്തിലാണ് പോയികൊണ്ടിരിക്കുന്നതെങ്കില്‍ പ്രധാനമായും നിങ്ങള്‍ മനസിലാക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. ബിസിനസിനെ ഒരിക്കലും വ്യക്തിപരമായി എടുക്കരുത്. ബിസിനസ് ഇല്ലെങ്കിലും മുന്നോട്ട് ജീവിച്ചേ മതിയാകൂ. അതിനാല്‍ മനസ് തകരാതെ നോക്കുകയാണ് പ്രധാനം. അതിന് ശേഷം മാത്രമാണ് പ്രതിവിധികളെ കുറിച്ച് ആലോചിക്കേണ്ടത്.

ബിസിനസില്‍ ഉണ്ടായ ബാധ്യതകളും ആസ്തിയും കൃത്യമായി എഴുതി വയ്ക്കുക. ആരില്‍ നിന്ന് വാങ്ങി, എത്ര വാങ്ങി, എത്ര പലിശയുണ്ട് എന്ന കാര്യങ്ങളെ കുറിച്ച് കൃത്യമായ വ്യക്തത വരുത്തുക. മിച്ചം ഉള്ള തുകയെയാണ് ആസ്തി എന്നു കൊണ്ട് ഉദ്ദേശിച്ചത്. പെട്ടെന്ന് തന്നെ കൊടുത്ത തീര്‍ക്കേണ്ട കടത്തെ പട്ടികപ്പെടുത്തി, അവ വേഗം കൊടുത്ത് തീര്‍ക്കുക. അതിനായി ചില ആസ്തികള്‍ വില്‍ക്കേണ്ടി വരും. അതിനായി മനസിനെ പാകപ്പെടുത്തുക.

ഇത്തരം കാര്യങ്ങള്‍ ചെയ്ത് തീര്‍ത്തിട്ട് മാത്രമേ നഷ്ടത്തെ വിശകലനം ചെയ്യാന്‍ പാടുള്ളൂ. മാര്‍ക്കറ്റ് ഇടിവ്, സാങ്കേതിക പ്രശ്‌നങ്ങള്‍, ധൂര്‍ത്ത് തുടങ്ങിയ ഏത് കാരണം മൂലമാണ് ബിസിനസ് തകര്‍ന്നതെന്ന് ആത്മാര്‍ത്ഥമായി വിശകലനം ചെയ്യുക. ശരിക്കുള്ള പരാജയ കാരണം മനസിലാക്കണമെങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് സ്വയം സാധിച്ചെന്ന് വരില്ല. അതിനാല്‍ ഒരു വിദഗ്ധന്റെ സഹായം തേടുന്നതാണ് ഏറ്റവും നല്ലത്.

ബിസിനസ് തുടരാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങളുടെ ബിസിനസ് ചെലവും വ്യക്തിപരമായ ചെലവും പരാമാവധി കുറയ്ക്കുക. കൂടുതല്‍ ഓര്‍ഡറുകള്‍ വര്‍ദ്ധിപ്പിക്കുകയും, ലാഭം കുറച്ച് കുറഞ്ഞാലും കൂടുതല്‍ ഉപഭോക്താക്കളിലേക്ക് ഉല്‍പന്നം എത്തിക്കുക ചെയ്യുക. ബിസിനസിനെ നിലനിര്‍ത്തി കൊണ്ടുപോകുക എന്നതാണ് പ്രധാന ലക്ഷ്യം. അതിനാല്‍ ആര്‍ഭാടം കുറച്ച് കൂടുതല്‍ വില്‍പന നടത്താന്‍ ശ്രമിക്കുക.

ബിസിനസ് നിര്‍ത്താനാണ് നിങ്ങളുടെ തീരുമാനമെങ്കില്‍ മാനസികമായി തകരാതെ ആ തീരുമാനവുമായി മുന്നോട്ട പോകുക. ആ ബിസിനസില്‍ നിന്ന് നിങ്ങള്‍ കുറേ കാര്യങ്ങള്‍ പഠിച്ചുട്ടുണ്ടാകും, അവയൊക്കെ വച്ച് ജീവിക്കാന്‍ സാധിക്കുന്ന മറ്റൊരു ചെറിയ ബിസിനസ് ആശയം ഉണ്ടാക്കുക. അതിനായി ഒരു വിദ്ഗധന്റെ സഹായം തേടി മുന്നോട്ട് പോകുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.