- Trending Now:
ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിനായി യാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള കരാര്‍ സംബന്ധിച്ചു ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്
കോവിഡും കടലിരമ്പവും തുടങ്ങിയ പ്രതിസന്ധികള്‍ക്കിടയിലും കോടികളുടെ നേട്ടവുമായി കൊച്ചി ഷിപ്യാഡ്. പ്രതിരോധ വകുപ്പില്‍ നിന്നു മാത്രം നേടിയത് 16,000 കോടി രൂപയുടെ കരാറുകള്‍. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്കായി യാത്രാ യാനങ്ങള്‍ നിര്‍മിക്കുന്നത് ഉള്‍പ്പെടെയുള്ള കരാറുകള്‍ കൂടി ഉള്‍പ്പെടുമ്പോള്‍ 18,000 കോടി രൂപയായി ഉയരും. ഇതിനു പുറമേ, ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിനായി യാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള കരാര്‍ സംബന്ധിച്ചു ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കരാര്‍ ലഭിക്കുകയാണെങ്കില്‍ ഓര്‍ഡര്‍ ബുക്കിന്റെ വലുപ്പം 20,000 കോടി രൂപയോളമെത്തും.
രാജ്യത്തിനു സമുദ്ര സുരക്ഷയൊരുക്കാന്‍
നാവിക സേനയ്ക്കു വേണ്ടി 8 ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റുകള്‍ (എഎസ്ഡബ്ല്യു എസ്ഡബ്ല്യുസി) നിര്‍മിക്കുന്നതിനായി 6,000 കോടി രൂപയുടെ കരാറാണു ലഭിച്ചത്. തീരമേഖലകളില്‍ സമുദ്രാന്തര്‍ഭാഗത്തെ സുരക്ഷാ നിരീക്ഷണമാണ് ഈ അത്യാധുനിക യാനങ്ങളുടെ ദൗത്യം. ശത്രുസേനയുടെ അന്തര്‍വാഹിനികളെ നശിപ്പിക്കാനും രാത്രിയും പകലും രക്ഷാ ദുരിതാശ്വാസ ദൗത്യങ്ങള്‍ നിര്‍വഹിക്കാനും അവയ്ക്കു കഴിയും. നാവികസേനയ്ക്കായി 6 നെക്സ്റ്റ് ജെനറേഷന്‍ മിസൈല്‍ വാഹിനിക്കപ്പലുകള്‍ കൂടി (എന്‍ജിഎംവി) നിര്‍മിക്കുന്നതിനുള്ള അന്തിമ കരാര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. പ്രഹരശേഷി കൂടിയ ബ്രഹ്മോസ്, നിര്‍ഭയ് മിസൈലുകള്‍ വഹിക്കാന്‍ എന്‍ജിഎംവികള്‍ക്കു കഴിയും. ഷിപ്യാഡ് നിര്‍മിച്ച ആദ്യ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് അടുത്ത വര്‍ഷം നാവിക സേനയ്ക്കു കൈമാറും. മറ്റൊരു വിമാനവാഹിനിക്കപ്പല്‍ നിര്‍മിക്കാനുള്ള കരാറും ലഭിക്കുമെന്നാണു പ്രതീക്ഷ.
പുതിയ ഡ്രൈ ഡോക് 2023 ല്‍
3000 കോടിയോളം രൂപ ചെലവു പ്രതീക്ഷിക്കുന്ന പുതിയ ഡ്രൈ ഡോക്കിന്റെയും ഷിപ് റിപ്പയര്‍ യാഡിന്റെയും (ഇന്റര്‍നാഷനല്‍ ഷിപ് റിപ്പയര്‍ ഫെസിലിറ്റി) നിര്‍മാണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. കോവിഡ് ലോക്ഡൗണ്‍ ജോലികള്‍ വൈകിപ്പിച്ചുവെങ്കിലും അടുത്ത വര്‍ഷം അവസാനമോ 2023 തുടക്കത്തിലോ കമ്മിഷന്‍ ചെയ്യാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്ന് ഷിപ്യാഡ് സിഎംഡി മധു എസ്.നായര്‍ പറഞ്ഞു. ഉപകമ്പനികളായ തെബ്മ ഷിപ്യാഡ് ലിമിറ്റഡ് (മാല്‍പെ, കര്‍ണാടക), ഹൂഗ്ലി കൊച്ചിന്‍ ഷിപ്യാഡ് ലിമിറ്റഡ് (കൊല്‍ക്കത്ത) എന്നിവയുടെ പ്രവര്‍ത്തനം വൈകാതെ ആരംഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.