- Trending Now:
കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി ഇപ്പോള്‍ പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന (പിഎം കിസാന്‍) യുമായി ബന്ധിപ്പിച്ച് പിഎം കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ആയി മാറിയിരിക്കുകയാണ്.
കര്‍ഷകര്‍ക്ക് വായ്പാ സൗകര്യങ്ങള്‍ ഉറപ്പാക്കാനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അഥവാ കെസിസി. സ്വന്തം ഭൂമിയിലോ പാട്ട ഭൂമിയിലോ കൃഷി ചെയ്യാന്‍ വായ്പ ആവശ്യമുളളവര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് തുണയേകും. നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആന്റ് റൂറല്‍ ഡവലപ്മെന്റ് (നബാര്‍ഡ്) ആണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി ആവിഷ്‌കരിച്ചത്. 1998 ല്‍ രാജ്യത്ത് നടപ്പിലാക്കിത്തുടങ്ങിയ ഈ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് ഹ്രസ്വകാല വായ്പകള്‍ ലഭ്യമാക്കുകയാണ് ചെയ്യുന്നത്.
കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി ഇപ്പോള്‍ പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന (പിഎം കിസാന്‍) യുമായി ബന്ധിപ്പിച്ച് പിഎം കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ആയി മാറിയിരിക്കുകയാണ്. പിഎം കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ മുഖേന കര്‍ഷകര്‍ക്ക് 3 ലക്ഷം രൂപ വരെ വായ്പാ സേവനം ലഭ്യമാകും. 4 ശതമാനമായിരിക്കും വായ്പാ പലിശ നിരക്ക്.
പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് ഇപ്പോള്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുവാനും ഏറെ എളുപ്പത്തില്‍ സാധിക്കും. കോവിഡ് കാലയളവില്‍ ഏകദേശം 2 കോടിയിലേറെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ പദ്ധതി ഗുണഭോക്താക്കള്‍ക്കായി നല്‍കിക്കഴിഞ്ഞു. അതില്‍ ഭൂരിഭാഗവും ചെറുകിട കര്‍ഷകരാണ്.
കൃഷി, മത്സ്യ വ്യവസായം, മൃഗ പരിപരിപാലനം എന്നീ മേഖലകളിലെ കര്‍ഷകര്‍ക്ക് വായ്പാ സൗകര്യം ഉറപ്പു വരുത്തുന്നതിനായാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സംവിധാനം നടപ്പിലാക്കിയത്. ഹ്രസ്വകാല വായ്പകള്‍ നല്‍കിയും, കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിനും മറ്റ് ചിലവുകള്‍ക്കും വായ്പാ പരിധി വാഗ്ദാനം ചെയ്തുകൊണ്ടും കെസിസി പദ്ധതി കര്‍ഷകര്‍ക്ക് സഹായകമായി. 18 വയസ്സ് മുതല്‍ 70 വയസ്സ് വരെയുളള എല്ലാ കര്‍ഷകര്‍ക്കും കെസിസി വായ്പ ലഭ്യമാണ്.
ഇതിനെല്ലാം പുറമേ, സാധാരണ ബാങ്ക് വായ്പകളിലെ ഉയര്‍ന്ന പലിശ നിരക്കുകളില്‍ നിന്ന് രക്ഷ നേടാനും കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ കര്‍ഷകരെ സഹായിക്കുന്നു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് 2 ശതമാനമാണ്. ശരാശരി പലിശ നിരക്ക് 4 ശതമാനവും. കാര്‍ഷികോത്പ്പന്നത്തിന്റെ വിളവെടുപ്പ് കാലത്തിന് അനുസരിച്ച് കര്‍ഷകര്‍ക്ക് വായ്പാ തിരിച്ചടവ് നടത്തിയാല്‍ മതിയെന്ന സൗകര്യവും കിസാന്‍ ക്രെഡിറ്റ് കാര്‍ഡകളിലുണ്ട്.
കൃഷി ചെയ്യുന്ന വിള, സ്ഥലത്തിന്റെ വിസ്തീര്‍ണം എന്നിവ അടിസ്ഥാനമാക്കിയാണ് വായ്പ ലഭിക്കുക. 10 ശതമാനം വിളവെടുപ്പിന് ശേഷമുളള മറ്റ് ചെലവുകള്‍, കര്‍ഷകരുടെ വ്യക്തിഗത ചെലവുകള്‍ എന്നിവയ്ക്കും വായ്പയുണ്ടാകും. അതോടൊപ്പം വായ്പാ പരിധിയുടെ 20 ശതമാനം വരെ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങാനും ലഭിക്കും. അതുപോലെ വിള ഇന്‍ഷുറന്‍സ്, അപകട ഇന്‍ഷുറന്‍സ് തുടങ്ങിയ ചെലവുകള്‍ക്കും വായ്പയുണ്ട്. വിളകള്‍ക്ക് ഓരോ ജില്ലയിലും പ്രത്യേക വായ്പാ തോതും നിശ്ചയിച്ചിട്ടുണ്ട്.
കൃത്യമായ തിരിച്ചടവുകള്‍ക്ക് പലിശ ആനുകൂല്യം ലഭിക്കും. അതേസമയം തിരിച്ചടവ് മുടങ്ങിയാല്‍ പിഴപ്പലിശ നല്‍കേണ്ടി വരും. മാത്രമല്ല ആനുകൂല്യവും ഇല്ലാതാകും.സഹകരണ ബാങ്ക്, സഹകരണ സൊസൈറ്റി, പൊതുമേഖല ബാങ്ക്, ഷെഡ്യൂള്‍ഡ് ബാങ്ക്, അര്‍ബന്‍ ബാങ്ക്, സ്വകാര്യ ബാങ്ക് എന്നിവയില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പയ്ക്കുളള സൗകര്യങ്ങളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.