Sections

നഷ്ടപ്രതാപം വീണ്ടെടുത്ത് കേരളത്തില്‍ തേനീച്ചകൃഷി

Thursday, Sep 09, 2021
Reported By admin
Stingless Honey Bee

കിലോയ്ക്ക് 3000 രൂപ വരെ ചെറുതേനിന് വിലയുണ്ട് മാര്‍ക്കറ്റില്‍

 

കേരളത്തിന്റെ തദ്ദേശീയ ഉത്പന്നങ്ങളില്‍ വ്യവസായം ചെയ്ത് അതില്‍ നിന്ന് വലിയ ലാഭങ്ങള്‍ നേടുന്ന ധാരാളം സംരംഭകര്‍ നമ്മുടെ നാട്ടിലുണ്ട്.ഒരുകാലത്ത് വളരെ ലാഭകരമായിരിക്കുകയും ഇടക്കാലത്ത് ജനപ്രീതി നഷ്ടമാകുകയും ചെയ്ത തേനീച്ച കൃഷി വീണ്ടും തലയെടുപ്പോടെ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു.നഷ്ടപ്രതാപം വീണ്ടെടുത്ത തേനീച്ച കൃഷിക്ക് അടിമുടി മാറ്റങ്ങളും വന്നിട്ടുണ്ട്.അറിയാം മധുരമൂറുന്ന തേന്‍ വിശേഷങ്ങള്‍.

തേനിനും തേനീച്ച ഉത്പന്നങ്ങള്‍ക്കും വേണ്ടി മലയാളികള്‍ തേനീച്ച വളര്‍ത്താന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി.കേരളത്തിന്റെ കാര്‍ഷിക ഭൂപടത്തില്‍ വലിയ സ്ഥാനം തേനീച്ച കൃഷിക്ക് ഒരുകാലത്തുണ്ടായിരുന്നു.ഗുണത്തിന്റെയും തേനെടുക്കുന്ന ഈച്ചകളുടെയും അടിസ്ഥാനത്തില്‍ വലിയ തേന്‍,ചെറുതേന്‍ തുടങ്ങി രണ്ട് തരം കൃഷി രീതികളാണ് മലയാളക്കരയിലുള്ളത്.
കിലോയ്ക്ക് 3000 രൂപ വരെ ചെറുതേനിന് വിലയുണ്ട് മാര്‍ക്കറ്റില്‍.അതുകൊണ്ട് തന്നെ പുതിയ തേനീച്ച കര്‍ഷകരൊക്കെ ചെറുതേന്‍ വളര്‍ത്തലിലേക്ക് ആണ് തിരിഞ്ഞിരിക്കുന്നത്.

ഔഷധ ഗുണം ഏറെയുള്ളതിനാല്‍ ചെറുതേനിന് വിലയും ഡിമാന്റും വളരെ കൂടുതലാണ്.ക്യാന്‍സര്‍ പോലുള്ള രോഗങ്ങളുടെ ചികിത്സയില്‍ പോലും ആധുനിക ശാസ്ത്രം ഔഷധമായി സ്ഥിരീകരിച്ച ചെറുതേന്‍ ഉപയോഗിക്കുന്നുണ്ട്.തടിയിലും മതിലിലും ഭിത്തിയിലും ഒക്കെ പിടിച്ചിരുന്നു കൂടൊരുക്കുന്ന ചെറുതേനീച്ചയ്ക്ക്‌ വിപണി മൂല്യം ഇന്ന് വളരെ കൂടുതലാണ്.ഒരു കോളനിയില്‍ ലക്ഷക്കണക്കിന് അംഗങ്ങളുണ്ടാകും ഇതില്‍ വേലക്കാരി ഈച്ചകളും മടയിനീച്ചകളും ഒക്കെ കാണാം.


തേനീച്ച കോളനിയിലെ പ്രജനനശേഷിയുള്ള ഏക അംഗമാണ് റാണി ഈച്ച. റാണി ഈച്ചയെ ഉല്‍പാദിപ്പിക്കാനുള്ള മുട്ടകള്‍ പ്രത്യേകം നിര്‍മ്മിച്ച അറകളിലാണ് നിക്ഷേപിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ വിരിഞ്ഞിറങ്ങുന്ന പൂഴു ക്കളെ വേലക്കാരി ഈച്ചകള്‍ റോയല്‍ ജല്ലി എന്ന പ്രത്യേക തരം പദാര്‍ത്ഥം കൊടുത്തു കര്‍ഷകര്‍ വളര്‍ത്തുന്നു. അഞ്ചു ദിവസം കഴിയുമ്പോള്‍ പുഴുക്കള്‍ സമാധിയാകുന്നു. സമാധി ദശ ഏഴു ദിവസത്തോളം നീണ്ടു നില്‍ക്കും. അങ്ങനെ ഒരു റാണി ഈച്ചയെ വളര്‍ത്തി എടുക്കാന്‍ 1516 ദിവസം വേണം. ശ്രമകരമാണ് ഈ ദൗത്യം. തേനീച്ച കോളനിയിലെ ഉല്‍പാദന ശേഷിയുള്ള ആണ്‍ വര്‍ഗത്തിന്റെ ജോലി റാണി ഈച്ചയുമായി ഇണ ചേരുക എന്നത് മാത്രമാണ്. ഒരു തേനീച്ച കോളനിയിലെ ഭൂരിഭാഗവും വേലക്കാരികളാണ്. പ്രത്യുല്പാദന ശേഷി ഇല്ലാത്ത പെണ്‍ തേനീച്ചകളാണിവ.തേന്‍ ശേഖരിക്കുക, മെഴുക് ഉണ്ടാക്കുക ഇതാണ് ഇവയുടെ പ്രധാന ജോലി.

ഇനി തേനീച്ച വളര്‍ത്തല്‍ ആരംഭിക്കുന്നതിനും കുറച്ച് പരിപാടികള്‍ ഒരുക്കേണ്ടതുണ്ട്. ഏറ്റവും അടിസ്ഥാനപരമായി വേണ്ടത് തേനീച്ച പെട്ടികളാണ്.അടിപ്പലക,പുഴു അറ,  തേന്‍ അറ, ഉള്‍ മൂടി, മേല്‍ മൂടി, ചട്ടങ്ങള്‍ എന്നിവയാണ് ഒരു തേനീച്ചപ്പെട്ടിയുടെ ഭാഗങ്ങള്‍. തേനീച്ച കൃഷിയുമായി ബന്ധപ്പെട്ട ക്ളാസുകള്‍ നടത്തുമ്പോള്‍ കൃഷി വകുപ്പ് തന്നെ ഇത്തരം ഉപകരണങ്ങള്‍ വിതരണം ചെയ്യാറുണ്ട്.

 തേനീച്ചപ്പെട്ടി പോലെ തന്നെ പ്രധാനമാണ് സ്മോക്കര്‍. തേനീച്ചകളെ ശാന്തരാക്കാന്‍ പുകയ്ക്കാനുള്ള ഉപകരണം ആണ് സ്മോക്കര്‍. ഇതില്‍ ചകിരി വച്ച് തീ കൊളുത്തി പുകയുണ്ടാക്കാം.തേനീച്ചപ്പെട്ടിയുടെ അടിപ്പലക, ചട്ടങ്ങള്‍, തുടങ്ങിയവയിലെ മെഴുകും മറ്റും നീക്കാനും ചട്ടങ്ങള്‍ ഇളക്കി എടുക്കാനുംമറ്റുമായി ഉപയോഗിക്കുന്ന ഹൈവ് ടൂള്‍, തേനീച്ചകളെ പരിചരിക്കുമ്പോള്‍ മുഖത്തും മറ്റും കുത്തേല്‍ക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന ഹാറ്റ് & വെയില്‍.റാണി ഈച്ചയെ പിടിക്കാനും അതിനെ ഒരു സ്ഥലത്ത് നിന്ന് വേറൊരു സ്ഥലത്തേക്ക് കൊണ്ടു പോകാനും ഉപയോഗിക്കുന്ന റാണിക്കൂട്, തേനെടുക്കുന്നതിന് മുമ്പ് തേനറകളിലെ മെഴുക് മൂടി കനം കുറച്ച് ചെത്തി നീക്കാനുപയോഗിക്കുന്ന കത്തിയായ തേനടക്കത്തി,അടകള്‍ക്ക് യാതൊരു കേടും സംഭവിക്കാതെ തേനെടുക്കാനുള്ള യന്ത്രം എന്നിവയാണ് തേനീച്ചക്കൃഷിക്ക് അനിവാര്യമായ ഉപകരണങ്ങള്‍.

50100 കൂടുകള്‍ ഒരു സ്ഥലത്ത് വച്ചാണ് കൃഷി ചെയ്യുക. പെട്ടികള്‍ തമ്മില്‍ 23 മീറ്റര്‍ അകലം, വരികള്‍ തമ്മില്‍ 36 മീറ്റര്‍ അകലം. മാത്രമല്ല, തേനീച്ചപ്പെട്ടി വയ്ക്കുന്ന സ്റ്റാന്റിന്റെ രണ്ടുവശങ്ങളും ഒരേ നിരപ്പിലായിരിക്കണം. പെട്ടികള്‍ വയ്ക്കുന്ന സ്ഥലത്തിനും പ്രത്യേകതയുണ്ട്. ധാരാളം തേനും പൂമ്പൊടിയും കിട്ടുന്ന സ്ഥലമാവണം.ഒരിക്കലും വെള്ളക്കെട്ടുള്ള സ്ഥലത്ത് പെട്ടിവയ്ക്കരുത്.ശക്തമായി കാറ്റുവീശുന്ന സ്ഥലങ്ങള്‍ ഒഴിവാക്കണം.തണലുള്ള സ്ഥലം ഉപയോഗിക്കണം.അതുപോലെതന്നെ, കന്നുകാലികള്‍ മേയാന്‍ വരുന്ന സ്ഥലങ്ങളും കൃഷിക്ക് ചേരില്ല.

മൂന്നുമാസം കൂടുമ്പോഴാണ് ചെറുതേന്‍ വിളവെടുക്കുന്നത് . ലിറ്ററിന് 3000 രൂപ വരെ വില ലഭിക്കാറുണ്ട്.ഔഷധമൂല്യമുള്ളതിനാല്‍ മരുന്നിന്റെ ആവശ്യങ്ങള്‍ക്കാണ് കൂടുതലും വിറ്റുപോകുന്നത്. വിദേശത്ത് നിന്നുപോലും ആവശ്യക്കാര്‍ ധാരാളമായി എത്തുന്നുണ്ട്.

പടിപടിയായി കൈവിട്ടുപോയ മൂല്യങ്ങളും പാരമ്പര്യങ്ങളും കേരളീയര്‍ മടക്കി പിടിക്കുന്നതിന്റെ തുടക്കമായിട്ട് നമുക്ക് തേനീച്ച വളര്‍ത്തല്‍ പോലുള്ള കൃഷിമേഖലകള്‍ വീണ്ടും ഊര്‍ജ്ജസ്വലമാകുന്നത് വിലയിരുത്തേണ്ടിവരും.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.