Sections

വിധവകള്‍ക്കും മക്കള്‍ക്കും അഭയകിരണമാകാന്‍ കേരള സര്‍ക്കാര്‍ പദ്ധതികള്‍

Sunday, Sep 12, 2021
Reported By Aswathi Nurichan
mother and child

വിധവകള്‍ക്കും അവരുടെ മക്കള്‍ക്കുമായി നടപ്പാക്കുന്ന ഇപ്പോള്‍ അപേക്ഷിക്കാവുന്ന ധനസഹായ പദ്ധതികള്‍

 

പൊതുജനങ്ങളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്യാറുണ്ട്. ജീവിത പ്രാരംബ്ധങ്ങള്‍ അനുഭവിക്കുന്ന വിധവകള്‍ക്ക് കൈത്താങ്ങായി പദ്ധതികള്‍ ആരംഭിച്ചിരിക്കുകയാണ് കേരള സംസ്ഥാന വനിതാ ശിശു വികസന വകുപ്പ്. വിധവകള്‍ക്കും അവരുടെ മക്കള്‍ക്കുമായി നടപ്പാക്കുന്ന ഇപ്പോള്‍ അപേക്ഷിക്കാവുന്ന ധനസഹായ പദ്ധതികളില്‍ എന്തൊക്കെയാണെന്ന് നോക്കാം.

അഭയകിരണം

50 വയസ്സിനു മുകളിലുള്ള അശരണരായ വിധവകള്‍ക്ക് സംരക്ഷണം നല്‍കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ ലഭിക്കുന്ന പദ്ധതി. വിധവകള്‍ സര്‍വീസ് പെന്‍ഷന്‍ / കുടുംബ പെന്‍ഷന്‍ കൈപ്പറ്റുന്നവരാകരുത്. പ്രായപൂര്‍ത്തിയായ മക്കള്‍ ഉള്ളവര്‍ സഹായത്തിന് അര്‍ഹരല്ല. ഏതെങ്കിലും സ്ഥാപനത്തില്‍ താമസക്കാരിയായി കഴിയുന്ന വിധവകള്‍ ഈ ധനസഹായത്തിന് അര്‍ഹരല്ല.

മംഗല്യ

സാധുക്കളായ വിധവകള്‍ നിയമപരമായി വിവാഹ മോചനം നേടിയവര്‍ എന്നിവരുടെ പുനര്‍വിവാഹത്തിന് 25,000 രൂപ ധനസഹായം നല്‍കുന്നു. അപേക്ഷക ബിപിഎല്‍/മുന്‍ഗണന വിഭാഗത്തില്‍ പെട്ടതായിരിക്കണം. പുനര്‍വിവാഹം നടന്ന് 6 മാസത്തിനകം അപേക്ഷ സമര്‍പ്പിക്കണം.

പടവുകള്‍ 

വിധവകളുടെ മക്കള്‍ക്ക് സര്‍ക്കാര്‍ / എയ്ഡഡ് സ്ഥാപനങ്ങളില്‍ പ്രൊഫഷണല്‍ കോഴ്‌സ് പഠനത്തിന് സഹായം ലഭിക്കും. ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ്,മെസ് ഫീസ് എന്നിവ നല്‍കും. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.

സഹായഹസ്തം 

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 55 വയസ്സിനു താഴെ പ്രായമുള്ള വിധവകള്‍ക്ക് അപേക്ഷിക്കാം. സംരംഭം തുടങ്ങുന്നതിനാണ് സഹായം. ഒറ്റയ്‌ക്കോ കൂട്ടായോ നടത്താം. ബി പി എല്‍ / പിന്നോക്ക വിഭാഗക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന ഉണ്ട്. 30000 രൂപയാണ് സഹായധനം. ഭിന്നശേഷിക്കാരായ മക്കളുള്ളവര്‍, പെണ്‍കുട്ടികള്‍ മാത്രം ഉള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.

അപേക്ഷിക്കേണ്ടത് എങ്ങനെ ?

വനിതാ ശിശു വികസന വകുപ്പിന്റെ www.schemes.wc d.kerala.gov.in എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ ICDS പ്രോജക്ട് ഓഫീസുകളില്‍ നിന്ന് ലഭിക്കും. അവസാന തീയതി :സെപ്റ്റംബര്‍ 15.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.