- Trending Now:
ഹരിത കർമ സേനയ്ക്ക് യൂസർ ഫീ നൽകാൻ എല്ലാവരും ബാധ്യസ്ഥരാണ്
വീട്ടിലെ മാലിന്യം നിർമ്മാർജ്ജനം ചെയ്യുന്നത് സ്വന്തം ഉത്തരവാദിത്വമായി കാണണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. മാലിന്യ മുക്ത മാവേലിക്കര പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചാരുംമൂട് വിപഞ്ചിക ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എം.എസ്. അരുൺ കുമാർ എം.എൽ.എ. അധ്യക്ഷത വഹിച്ചു. മാവേലിക്കര നിയോജകമണ്ഡലത്തിലെ മാലിന്യങ്ങൾ ശാസ്ത്രീയമായി നിർമാർജനം ചെയ്യുന്നതിനും ശുചിത്വ സുന്ദര മാവേലിക്കര കെട്ടിപ്പടുക്കുന്നതിനുമായി ആവിഷ്‌കരിച്ച പദ്ധതിയാണ് മാലിന്യ മുക്ത മാവേലിക്കര.
ജൈവ മാലിന്യങ്ങൾ വീടുകളിൽ തന്നെ നിർമാർജനം ചെയ്യാൻ ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി കമ്പോസ്റ്റുകളും ബയോഗ്യാസ് പ്ലാന്റുകളും സ്ഥാപിക്കുന്നത് സഹായകമാണ്. അജൈവ മാലിന്യങ്ങൾ ഹരിത കർമ സേനയ്ക്ക് കൃത്യമായ ഇടവേളകളിൽ കൈമാറണം. ഹരിത കർമ സേനയ്ക്ക് മാലിന്യങ്ങൾ കൈമാറാത്തതും യൂസർ ഫീ നൽകുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ കെട്ടിട നികുതിയോടൊപ്പം പിഴ ചുമത്താൻ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരമുണ്ട്. ഹരിത കർമ സേനയ്ക്ക് യൂസർ ഫീ നൽകാൻ എല്ലാവരും ബാധ്യസ്ഥരാണ്.
വീടുകളിൽ നിന്നുള്ള യൂസർ ഫീ കളക്ഷൻ, വീടുകളിലുള്ള ജൈവ മാലിന്യ നിർമാർജനം എന്നിവ ഗ്രാമപഞ്ചായത്ത് അംഗങ്ങളടക്കമുള്ള ജനപ്രതിനിധികൾ ഉറപ്പുവരുത്തണം. വിവാഹം പോലുള്ള ചടങ്ങുകളിൽ ജൈവ മാലിന്യങ്ങൾ സംസ്‌കരിക്കാൻ വേണ്ട സൗകര്യങ്ങൾ സജ്ജമാക്കണം. മാലിന്യ സംസ്‌കരണത്തോടൊപ്പം പ്ലാസ്റ്റിക്, ഡിസ്‌പോസിബിൾ ഗ്ലാസുകൾ, പ്ലേറ്റുകൾ തുടങ്ങിയവ ഉപയോഗിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുമ്പോൾ പ്രദേശവാസികളിൽ നിന്നും എതിർപ്പുകൾ ഉയരുന്ന പ്രവണതയക്ക് മാറ്റം വരണം. എല്ലാ പ്രദേശങ്ങളിലും മാലിന്യ നിർമാർജന പ്ലാന്റുകൾ സ്ഥാപിക്കാനായി ജനങ്ങളുടെ സഹകരണമുണ്ടാവണം. മാലിന്യം റോഡുകളിലും ജലാശയങ്ങളിലും വലിച്ചെറിയുന്നത് തടയാനും ഉത്തരവാദിത്വ മാലിന്യ സംസ്‌കരണം വളർത്തിയെടുക്കുന്നതിനായി തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ബോധവത്കരണവും നിയമവും ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
ത്രിതല പഞ്ചായത്തുകളുടെയും വിവിധ വകുപ്പുകളുടെയും പങ്കാളിത്തത്തോടെയാണ് മാലിന്യ മുക്ത മാവേലിക്കര പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാൻ പ്രത്യേക സക്വാഡുകൾ രൂപീകരിക്കും. കഴിഞ്ഞ വർഷം ആരംഭിച്ച ക്ലീൻ മാവേലിക്കര പദ്ധതിയുടെ തുടർച്ചയായാണ് പദ്ധതി നടപ്പിലാക്കുക. സ്‌കൂളുകൾ, കോളജുകൾ, പൊതുസ്ഥലങ്ങൾ, ഹോട്ടലുകൾ കേന്ദ്രീകരിച്ച് മാലിന്യ നിർമാർജനം ഉറപ്പാക്കി മണ്ഡലത്തിനെ സമ്പൂർണ മാലിന്യ മുക്തമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.