Sections

വലിയ മൂലധന നിക്ഷേപം വേണ്ട; അലക്കിവെളുപ്പിച്ച് കീശ നിറയ്ക്കാം

Saturday, Oct 02, 2021
Reported By admin
Laundry Business

വീടുകളില്‍ നിന്നും ലഭിക്കുന്ന തുണിത്തരങ്ങള്‍ക്ക് താരതമ്യേന ഉയര്‍ന്ന പ്രതിഫലം

 

കേരളത്തിലെ ആളുകളുടെ ജീവിത സാഹചര്യവും നിലവാരവും വികസിച്ചതോടെ വിദേശരാജ്യങ്ങളിലും രാജ്യത്തെ മെട്രോസിറ്റികളിലും വലിയ രീതിയില്‍ പടര്‍ന്നുപന്തലിച്ച പല ചെറുകിട വ്യവസായങ്ങള്‍ക്കും വളമുള്ള മണ്ണായി കേരളം മാറി.കുടുംബങ്ങള്‍ വീടുവിട്ട് ഫ്‌ളാറ്റുകളിലേക്ക് കുടിയേറ്റം തുടങ്ങിയതോടെ ജോലിത്തിരക്കും സൗകര്യക്കുറവും പല ജോലികളും മറ്റുള്ളവരെ ഏല്‍പ്പിക്കാന്‍ കാരണമായി.ഇതില്‍ വളരെ മികച്ച രീതിയില്‍ കേരളത്തില്‍ സാധ്യതയുള്ള ഒന്നാണ് ലോണ്‍ട്രി.നമ്മുടെ നാട്ടില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ പോയി ലോണ്‍ട്രി കളില്‍ ജോലി ചെയ്ത് പരിചയ സന്പത്തുമായി നാട്ടില്‍ വന്ന് ഈ വ്യവസായത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.


വലിയ മൂലധന നിക്ഷേപം ആവശ്യമില്ല എന്നതും ഒറ്റത്തവണ മുതല്‍ മുടക്ക് നടത്തിക്കഴിഞ്ഞാല്‍ പിന്നീട് വലിയ തുക ആവശ്യമില്ല എന്നതും ചെറുകിട വ്യവസായ  മേഖലയില്‍   ലോണ്‍ട്രിയെ ആകര്‍ഷകമാക്കുന്നു. വീടുകളില്‍ നിന്നുള്ള തുണിത്തരങ്ങള്‍ അലക്കി തേയ്ച്ച് നല്‍കുന്നതോടൊപ്പം ഹോട്ടലുകള്‍ ടൂറിസ്റ്റ് ഹോമുകള്‍, കോളേജ് , സ്‌കൂള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ ജോലികളും ഏറ്റെടുക്കാവുന്നതാണ്. 

വീടുകളില്‍ നിന്നും ലഭിക്കുന്ന തുണിത്തരങ്ങള്‍ക്ക് താരതമ്യേന ഉയര്‍ന്ന പ്രതിഫലം ലഭിക്കും. പശകൂടി ചേര്‍ത്ത് നല്‍കുന്ന തുണിത്തരങ്ങള്‍ക്ക് 30% അധിക തുകയും ലഭിക്കുന്നതാണ്. നിലവില്‍ ഷര്‍ട്ട് മുണ്ട് ചുരിദാര്‍  തുടങ്ങിയവയ്ക്ക് 20 രൂപയാണ് നിരക്ക് . ബെഡ്ഷീറ്റ് പുതപ്പ് സാരി തുടങ്ങിയവയ്ക്ക് 30 രൂപവരെ ലഭിക്കും. എന്നാല്‍ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന ഓര്‍ഡറുകള്‍ക്ക് 15 രൂപയെ ലഭിക്കുകയുള്ളു.

പ്രതിദിനം വിവിധയിനത്തില്‍പെട്ട 400 തുണികള്‍ അലക്കി തേച്ച് നല്‍കുന്ന ഒരു ലോണ്‍ട്രി  യൂണിറ്റ് സ്ഥാപിക്കുന്നതിന് 600 സ്‌ക്വയര്‍ ഫീറ്റ് വാഷിംഗ് ഏരിയയും  400 സ്‌ക്വയര്‍ ഫീറ്റ്  ഡ്രയിങ്  ഏരിയയും അടക്കം 1000 സ്‌ക്വയര്‍ ഫീറ്റ് കെട്ടിട സൗകര്യമാണ് ആവശ്യമുള്ളത്. 10 കിലോവാട്ട് കണക്ടഡ് ലോഡ്  ആവശ്യമുള്ളു എന്നതിനാല്‍ പവര്‍ അലോക്കേഷന് ബുദ്ധിമുട്ടുണ്ടാവുകയില്ല. എന്നാല്‍ വ്യവസായം ആരംഭിക്കുന്ന സ്ഥലങ്ങളുടെ ത്രീ ഫേസ് ലൈന്‍ നിലവിലുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്.

പ്രതിദിനം 400 തുണികള്‍ അളക്കുന്ന ജോലി പൂര്‍ത്തിയാക്കാന്‍ 2000 ലിറ്റര്‍ വെള്ളം ആവശ്യമാണ്. ഈ വെള്ളം ഡിറ്റര്‍ജെന്റുകള്‍ കലര്‍ന്നതായതിനാല്‍ സേഫ്റ്റി ടാങ്കില്‍ ശേഖരിക്കുന്നതാണ് നല്ലത്. ആവശ്യമെങ്കില്‍ റീസൈക്ലിംഗ് പ്ലാന്റ് വെച്ച് ഈ  വെള്ളം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കാവുന്നതാണ്.

തൊഴിലാളികളെ തീരുമാനിക്കുന്ന കാര്യമെടുക്കുമ്പോള്‍ ലോണ്‍ട്രി വര്‍ക്കിന് നോര്‍ത്ത് ഇന്ത്യന്‍സ് വലിയ പ്രശസ്തരാണ്.ഇവരിലൊരു ജീവനക്കാരനെ കിട്ടിയാല്‍ ആകെ 4 പേരുടെ മാന്‍പവറില്‍ സ്ഥാപനം മികച്ച രീതിയില്‍ നടക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.