- Trending Now:
വായ്പ ശേഷി കണ്ടെത്തുന്നതിനായി മറ്റ് ചില കാര്യങ്ങള്‍ കൂടി ബാങ്ക് പരിശോധിക്കുന്നുണ്ട്
ഒരു വായ്പ ലഭിക്കുന്നതിനായി നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. നിരവധി രേഖകളുടെയും മറ്റും പരിശോധനയ്ക്ക് ശേഷം മാത്രമാണ് ബാങ്കുകള്‍ വായ്പ നല്‍കാന്‍ തയ്യാറാകുകയുള്ളൂ. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ക്രെഡിറ്റ് സ്‌കോര്‍ ആണ്. നേരത്തെ നിങ്ങള്‍ വാങ്ങിയിരിക്കുന്ന വായ്പകളും അവയുടെ തിരിച്ചടവും സംബന്ധിച്ച എല്ലാ സാമ്പത്തിക ഇടപാടുകളും വിലയിരുത്തിക്കൊണ്ടാണ് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ തിട്ടപ്പെടുത്തുന്നത്.
വായ്പാ ദാതാക്കള്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നത് ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറുള്ള വായ്പാ അപേക്ഷകരെയാണ്. അവര്‍ ഏറ്റവും വിശ്വസിക്കാവുന്നവരാണെതാണ് അതിന്റെ മാനദണ്ഡം. താഴ്ന്ന ക്രെഡിറ്റ് സ്‌കോര്‍ എന്നത് നഷ്ട സാധ്യതകള്‍ കൂടിയ ഒരു ഇടപാടായാണ് വായ്പാ ദാതാക്കള്‍ കണക്കാക്കുന്നത്.
അപേക്ഷകന്റെ വായ്പാ ചരിത്രം, വായ്പാ മിശ്രണം, തിരിച്ചടവ് ചരിത്രം, പുതിയ ബാധ്യതകള്‍ ഉണ്ടെങ്കില്‍ അവ തുടങ്ങിയവയെയൊക്കെ അടിസ്ഥാനമാക്കി റിസ്‌ക് സാധ്യതകള്‍ എത്രയുണ്ടെന്ന് മനസ്സിലാക്കുവാന്‍ ക്രെഡിറ്റ് സ്‌കോര്‍ സഹായിക്കുന്നുണ്ട് എങ്കിലും ആദ്യമായി വായ്പയ്ക്കായി അപേക്ഷിക്കുന്ന വ്യക്തിയുടെ തിരിച്ചടവ് ശേഷി എത്രയുണ്ടെന്ന് കണ്ടെത്തുവാന്‍ ക്രെഡിറ്റ് സ്‌കോര്‍ വഴി സാധിക്കുകയില്ല. വായ്പ ശേഷി കണ്ടെത്തുന്നതിനായി മറ്റ് ചില കാര്യങ്ങള്‍ കൂടി ബാങ്ക് പരിശോധിക്കുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ബിസിനസുകള്‍ക്കാണെങ്കില്‍
വായ്പയ്ക്കായി അപേക്ഷിക്കുന്നത് ഒരു ബിസിനസ് സ്ഥാപനമാണെങ്കില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റുമെന്റുകള്‍ പരിശോധിക്കാം. അതില്‍ അവരുടെ പ്രൊഫിറ്റ് ആന്റ് ലോസ് അക്കൗണ്ട്, ക്യാഷ് ഫ്‌ലോ, ഫണ്ട് ഫ്‌ളോ സ്റ്റേറ്റുമെന്റുകള്‍ എന്നിവയൊക്കെ ഉള്‍പ്പെടും. ഫണ്ട് ഫ്‌ലോയുടെ ആവൃത്തി, വളര്‍ച്ചാ നിരക്ക്, ഒപ്പം കമ്പനിയുടെ വായ്പാ - വരുമാന അനുപാതം എന്നിങ്ങനെ സ്ഥാപനത്തിന്റെ സാമ്പത്തിക നിലയെപ്പറ്റി ആഴത്തില്‍ മനസ്സിലാക്കുവാന്‍ ഇത് സഹായിക്കും. 36ല്‍ താഴെ വായ്പാ - വരുമാന അനുപാതം ഉള്ള കമ്പനികളെയാണ് സാധാരണഗതിയില്‍ മുന്‍ഗണന നല്‍കാറ്.
സാമ്പത്തിക വിവരങ്ങള്‍
വായ്പയ്ക്കായി അപേക്ഷിച്ചിരിക്കുന്ന വ്യക്തിയുടേയോ, കമ്പനിയുടേയോ സാമ്പത്തിക വിവരങ്ങള്‍ പരിശോധിക്കുക എന്നതാണ് വായ്പാ ശേഷി തിരിച്ചറിയുന്നതിനുള്ള ഒരു മാര്‍ഗം. കഴിഞ്ഞ മൂന്നോ അഞ്ചോ വര്‍ഷങ്ങളിലെ ആദായ നികുതി റിട്ടേണ്‍ പരിശോധിച്ച് അത്തരം വ്യക്തികളുടെ സാമ്പത്തിക നില മനസ്സിലാക്കുക എന്നതാണ് രണ്ടാമത്തെ മാര്‍ഗം. വായ്പാ അപേക്ഷകന്റെ ലിക്വിഡ് ആസറ്റുകളുടെ വിവരങ്ങള്‍ ആരായുന്നതാണ് മറ്റൊരു വഴി. അല്ലെങ്കില്‍ നേരത്തെ അവര്‍ വാങ്ങിയിട്ടുള്ള ഇന്‍ഷുറന്‍സ് പ്ലാനുകള്‍ വിലയിരുത്തുകയുമാകാം.
സാമ്പത്തിക നില
ഉപയോക്താവിന്റെ സാമ്പത്തിക നിലയില്‍ പൂര്‍ണമായും തൃപ്തരാകാതെ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വായ്പകള്‍ അനുവദിക്കാറില്ല. അതിനാല്‍ തന്നെ വരുമാന ശ്രോതസ്സ്, വരുമാനത്തിന്റെ സ്ഥിരത മനസ്സിലാക്കുന്നതിനായി തൊഴില്‍ വിവരങ്ങള്‍, കുടുംബത്തിന്റെ വലിപ്പം, ആസ്തിയുടെ സ്വഭാവം, വായ്പയ്ക്കായി അപേക്ഷിച്ച വ്യക്തിയുടെ വരുമാനത്തെ ആശ്രയിച്ച് ജീവിക്കുന്ന വ്യക്തികളുടെ എണ്ണം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങളെല്ലാം തന്നെ വായ്പ അനുവദിക്കുന്നതിനായി മുമ്പായി ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും പരിശോധിച്ച് വിലയിരുത്താറുണ്ട്.
വായ്പാ തിരിച്ചടവ് ശേഷി
വായ്പാ തിരിച്ചടവ് ശേഷി വിലയിരുത്തുവാന്‍ ഇത്തരം ചോദ്യങ്ങള്‍ പലപ്പോഴും അനാവശ്യമാണെന്ന തോന്നല്‍ നിങ്ങള്‍ക്കും ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ ഉപയോക്താവിന്റെ വായ്പാ തിരിച്ചടവ് ശേഷി വിലയിരുത്തുന്നതില്‍ ഇവയ്ക്കുള്ള പങ്ക് വളരെയേറെയാണ്. ഇനി മതിയായ ക്രെഡിറ്റ് സ്‌കോര്‍ ഇല്ലയെങ്കിലോ, വായ്പയ്ക്ക് മതിയായ ഒരു ഈടില്ല എങ്കിലോ വായ്പാ അപേക്ഷകന്റെ 3 - 5 വര്‍ഷത്തെ നികുതി വിവരങ്ങള്‍ അന്വേഷിക്കുന്നത് സ്വാഭാവികമാണ്.
ക്രെഡിറ്റ് സ്‌കോര്‍ മാത്രം നന്നായാല്‍ ബാങ്കുകള്‍ വായ്പ അനുവദിക്കുകയില്ല. മുകളില്‍ പറഞ്ഞ മറ്റ് കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചതിന് ശേഷം മാത്രം വായ്പയ്ക്കായി ബാങ്കിനെ സമീപിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.