Sections

പ്രവാസികള്‍ നാട്ടില്‍ ബിസിനസ് ആരംഭിക്കുന്നതിന് മുമ്പ് എന്തൊക്കെ ശ്രദ്ധിക്കണം

Thursday, Sep 02, 2021
Reported By Aswathi Nurichan
airport

പ്രവാസികള്‍ കേരളത്തില്‍ ആരംഭിക്കുന്ന പല ബിസിനസുകളും പരാജയപ്പെടുന്നതായി നാം കാണാറുണ്ട്. കൃത്യമായ പദ്ധതി ഇല്ലാതെ ബിസിനസ് ആരംഭിച്ചതാണ് ഇതിന് കാരണം.

 

പ്രവാസികള്‍ സംസ്ഥാനത്തിന്റെ നട്ടെല്ലാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ നിലവിലെ കോവിഡ് സാഹചര്യങ്ങളും മറ്റും പ്രവാസികളെ നാട്ടിലേക്ക് തിരിച്ച് വരാന്‍ പ്രേരിപ്പിക്കുന്നവയാണ്. തിരിച്ച് നാട്ടില്‍ എത്തി ബിസിനസ് ആരംഭിക്കാനായിരിക്കും പലരുടെയും ആഗ്രഹം. വിദേശ രാജ്യത്ത് താമസിച്ചു കൊണ്ടു തന്നെ നാട്ടില്‍ ബിസിനസ് ആരംഭിക്കുന്നവരുമുണ്ട്. എന്നാല്‍ പ്രവാസികള്‍ കേരളത്തില്‍ ആരംഭിക്കുന്ന പല ബിസിനസുകളും പരാജയപ്പെടുന്നതായി നാം കാണാറുണ്ട്. കൃത്യമായ പദ്ധതി ഇല്ലാതെ ബിസിനസ് ആരംഭിച്ചതാണ് ഇതിന് കാരണം. പ്രവാസികള്‍ നാട്ടില്‍ ബിസിനസ് ചെയ്യുകയാണെങ്കില്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങള്‍ നോക്കാം.

മാര്‍ക്കറ്റ് 

മാര്‍ക്കറ്റിനെ കൃത്യമായി പഠിക്കാത്തത് കൊണ്ടുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. വിദേശ മാര്‍ക്കറ്റ് പോലെയല്ല കേരളത്തിലെ മാര്‍ക്കറ്റ് എന്ന് മനസിലാക്കണം. മാര്‍ക്കറ്റിന്റെ രീതി, ജനങ്ങളുടെ ചിന്ത, വാങ്ങുന്ന സാധനങ്ങള്‍ തുടങ്ങിയവയെല്ലാം വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ മാര്‍ക്കറ്റിനെ നന്നായി പഠിക്കുക. നിങ്ങള്‍ ഉദ്ദേശിക്കുന്ന ബിസിനസിനെ അല്ലെങ്കില്‍ സര്‍വീസിനെ എങ്ങനെ കേരളത്തില്‍ കൈകാര്യം ചെയ്യണമെന്ന് പഠിക്കണം. മാര്‍ക്കറ്റ് പഠിക്കാതെ പ്രവാസി കേരളത്തില്‍ വന്ന് ബിസിനസ് ആരംഭിച്ചാല്‍ അത് വിജയിക്കാനുള്ള സാധ്യത കുറവാണ്.

മോഡല്‍

നിലവില്‍ പലതരത്തിലുള്ള നൂതന ബിസിനസ് മോഡലുകള്‍ ഉരുത്തിരിഞ്ഞു കൊണ്ടേയിരിക്കുന്നുണ്ട്. ഏത് മോഡലാണ് നിങ്ങളുടെ ബിസിനസിന് അഭികാമ്യമെന്ന് അറിയുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. മാര്‍ക്കറ്റിനെയും ഉല്‍പന്നങ്ങളുടെ ഘടനയെയും നിങ്ങളുടെ കഴിവിനെയും മനസിലാക്കി കൊണ്ട് മാത്രമേ അഭികാമ്യമായ മോഡല്‍ കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. ഈ കാര്യത്തില്‍ ഒരു വിദഗ്ധന്റെ സഹായം ആവശ്യപ്പെടുന്നത് നന്നായിരിക്കും.

മാര്‍ജിന്‍സ്

ചില ആളുകള്‍ കൂടുതല്‍ പഠനം നടത്താതെ ചില ബിസിനസുകളിലേക്ക് എടുത്ത് ചാടാറുണ്ട്. അത് വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കാറുമുണ്ട്. എല്ലാ ബിസിനസിന്റെയും ലക്ഷ്യം ലാഭം ലഭിക്കുക എന്നതു തന്നെയാണ്. അതുകൊണ്ട് നിങ്ങളുടെ ഉല്‍പന്നത്തിന് മതിയായ മാര്‍ജിന്‍ ലഭിക്കുമെന്ന് ഉറപ്പ് വരുത്തണം. വിദേശത്ത് മാര്‍ജിന്‍ ലഭിക്കുന്ന ഉല്‍പന്നത്തിന് നാട്ടില്‍ മാര്‍ജിന്‍ ലഭിക്കണമെന്നില്ല.

മാന്‍ പവര്‍

നിങ്ങളുടെ ബിസിനസില്‍ കൂടെയുള്ള ടീം എത്രത്തോളം പ്രാപ്തിയുള്ളവരാണെന്നും വിശ്വസിക്കാന്‍ സാധിക്കുന്നവരാണെന്നും പരിശോധിക്കണം. ബന്ധുക്കളെയും സുഹൃത്തുക്കളെയും ബിസിനസിന് കൈകാര്യം ചെയ്യാനായി വിശ്വസിച്ച് ഏല്‍പ്പിക്കുന്നതിന് മുമ്പ് അവരെ കുറിച്ച് നന്നായി പഠിക്കണം. ബിസിനസ് ചെയ്യാന്‍ പ്രാപ്തി ഇല്ലാത്ത ആളെയാണ് ബിസിനസ് കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിക്കുന്നതെങ്കില്‍ എത്ര വലിയ ബിസിനസ് ആശയം ആണെങ്കിലും അത് പരാജയത്തിലേക്ക് കൂപ്പു കുത്തിയേക്കാം. ജീവനക്കാരുടെ കാര്യത്തിലും ഈ ശ്രദ്ധ വേണം. മാന്‍ പവര്‍ തന്നെയാണ് ബിസിനസിന്റെ നട്ടെല്ല്.

മോണിറ്ററിങ് സിസ്റ്റം

ബിസിനസില്‍ ചെയ്യുന്ന എല്ലാ ഓപ്പറേഷന്‍സിനെയും പരിശോധിക്കാനും വിശകലനം ചെയ്യാനും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാനുമുള്ള ഒരു മോണിറ്ററിങ് സിസ്റ്റം ആവശ്യമാണ്. അത് ഒരു സോഫ്റ്റ്‌വേറോ മാനുവലായിട്ടോ ആകാം. ഏതു തന്നെയാണെങ്കിലും മികച്ച ഒരു ഓപ്പറേറ്റിങ് സിസ്റ്റം അനിവാര്യമാണ്. നിലവിലെ സാങ്കേതിക വിദ്യ ഉപയോഗിച്ച് അത് എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാണ്.

പ്രവാസികള്‍ക്ക് മാത്രമല്ല ബിസിനസ് ആരംഭിക്കുന്ന എല്ലാവരും ഇവയൊക്കെ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ വേറൊരു ബിസിനസ് സംസ്‌കാരമുള്ള സ്ഥലത്ത് നിന്ന് വരുന്നവരായതിനാല്‍ പ്രവാസികള്‍ പ്രത്യേകിച്ച് ബിസിനസ് ആരംഭിക്കുമ്പോള്‍ ഇവയൊക്കെ ശ്രദ്ധിക്കണം. കേരളവും ബിസിനസ് ചെയ്യാന്‍ സാധിക്കുന്ന മണ്ണ് തന്നെയാണ്. ഇത്തരം പ്രാഥമികവും പ്രധാനപ്പെട്ടതുമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ബിസിനസില്‍ വിജയം കൈവരിക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.