Sections

സോഷ്യല്‍മീഡിയ ഉപയോഗിച്ച് എങ്ങനെ മികച്ച രീതിയില്‍ ബിസിനസ് ചെയ്യാം ?

Saturday, Aug 14, 2021
Reported By admin
 social media

സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ഒരു ചെറുകിട സംരംഭം എങ്ങനെ ലാഭത്തിലാക്കി മാറ്റാം
 


ഇന്ത്യയില്‍ ഇന്ന് ദശലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന നമ്മുടെ ജനപ്രിയ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളായ ഫെയ്സ് ബുക്ക്,ഇന്‍സ്റ്റഗ്രാം അടക്കമുള്ള ആപ്ലിക്കേഷനുകളിലൂടെ നിങ്ങള്‍ക്കും സ്വന്തം ബിസിനസ് വളര്‍ത്താം.ഉദാഹരണത്തിന് ഫെയസ്ബുക്ക് പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തില്‍ ഏകദേശം 416 മില്യണ്‍ ജനങ്ങള്‍ പ്രതിമാസം ഫെയ്സ് ബുക്ക് ഉപയോഗിക്കുന്നുണ്ട്. ഇവരില്‍ 230 മില്യണിലേറെ പേര്‍ ദിവസേന ഈ ആപ്ലില്‍ സന്ദര്‍ശനം നടത്തുന്നു.ഇവരിലൊക്കെ ഭൂരിഭാഗം പേരും ഒരോ ബിസിനസ് ഫെയ്സ്ബുക്ക് പേജെങ്കിലും ഫോളോ ചെയ്യുന്നവരാണ്. അതായത് ഈ ആപ്ലിക്കേഷനുകളെ മികച്ച രീതിയില്‍ സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്താവുന്നതെയുള്ളു.


പ്രധാനമായും ഫെയ്സ്ബുക്ക് വാട്സ് ആപ്,ഇന്‍സ്റ്റഗ്രാം തുടങ്ങിയ ആപ്ലിക്കേഷനുകളാണ് ഏറ്റവും മികച്ച രീതിയില്‍ സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്നത്.നിങ്ങള്‍ വില്‍പ്പന നടത്താന്‍ ഉദ്ദേശിക്കുന്ന ഉത്പന്നത്തെ കുറിച്ചും അത് ഏത് തരം ഉപഭോക്താക്കളിലേക്കാണ് വില്‍ക്കേണ്ടെതെന്നും മനസിലാക്കുക.ശേഷം വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന വിപണിയുടെ സാധ്യതകള്‍ പഠിക്കുക. നിങ്ങള്‍ തുടങ്ങാന്‍ പോകുന്ന സംരംഭത്തിനായി മികച്ചൊരു പേര് തെരഞ്ഞെടുക്കുക.ഇത് ഏതൊരു ഉപഭോക്താവിനും ഓര്‍മ്മയില്‍ നില്‍ക്കുന്നതാകാന്‍ ശ്രദ്ധിക്കണം.


വ്യാപാരം ഓണ്‍ലൈന്‍ വഴിയായതിനാല്‍ എന്തായാലും ഇന്റര്‍നെറ്റ് സേവനം അനിവാര്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.ഫെയ്സ്ബുക്കില്‍ ബിസിനസിനായി പേജുകള്‍ ആരംഭിക്കാം.ഇന്‍സ്റ്റഗ്രാമില്‍ ഒരു അക്കൗണ്ടും വേണം.ആദ്യകാഴ്ചയില്‍ തന്നെ പേജ് എന്താണെന്നു മനസിലാക്കാനും കാണുന്ന ഉപഭോക്താവില്‍ ഒരു കൗതുകം ജനിപ്പിക്കാനും കഴിഞ്ഞാല്‍ ഈ പേജ് ഫോളോ ചെയ്യാന്‍ നിരവധി പേരെത്തും.

ഓണ്‍ലൈന്‍ സംരംഭത്തിനിറങ്ങുമ്പോള്‍ കൃത്യമായ ഇ-മെയില്‍ ഐഡി,മൊബൈല്‍ നമ്പര്‍ അതും വാട്സ് ആപ് സൗകര്യത്തോട് കൂടിയതാണ് നല്ലത്,പിന്നെ ഒരു ബാങ്ക് അക്കൗണ്ട് ഇത്രയും ഉണ്ടെങ്കില്‍ ധൈര്യമായി ഫെയ്സ്ബുക്ക് പേജ് ആരംഭിക്കാം.ഓര്‍ഡറുകള്‍ ഇന്‍ബോക്സ് വഴി സ്വീകരിക്കാം.ഫോണ്‍നമ്പര്‍ പേജ് വഴി നല്‍കണം എന്നില്ല.ഇന്‍ബോക്സില്‍ ഉത്പന്നത്തെ കുറിച്ച് അന്വേഷിക്കാന്‍ എത്തുന്നവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ വാട്സ് ആപ് വഴി ഉത്പന്നത്തിന്റെ ചിത്രങ്ങളും വിവരങ്ങളും അയച്ചു കൊടുക്കാവുന്നതാണ്.അക്കൗണ്ടില്‍ പണം വന്ന ശേഷം ഉത്പന്നം ഡെലിവറിയും ചെയ്യാം.


ഇനി ആദ്യഘട്ടത്തില്‍ സോഷ്യല്‍മീഡിയ വഴി സംരംഭം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത് ഉറപ്പായാല്‍ സ്വന്തമായൊരു വെബ്സൈറ്റ് എന്ന ആശയത്തിലേക്ക് കടക്കാം. നമ്മുടെ നാട്ടില്‍ ഒരു കമ്പനി തുടങ്ങുന്നതിന് സമമാണ് ഒരു വെബ്സൈറ്റ് വ്യാപാരം എന്നത് .

ഒരു കമ്പനിയായി രജിസ്റ്റര്‍ ചെയ്തുകൊണ്ട് തന്നെ ഓണ്‍ലൈന്‍ വിപണ വെബ്സൈറ്റ് തുടങ്ങുന്നതാണ് നല്ലത്.കമ്പനി നിയമപ്രകാരം എല്ലാ നിയമങ്ങളും തങ്ങള്‍ പാലിച്ചു കൊണ്ടാണ് സംരംഭം മുന്നോട്ട് കൊണ്ടുപോകുന്നത് എന്ന് ഉറപ്പാക്കണം.കൃത്യമായ അഡ്രസ്,ഫോണ്‍ നമ്പര്‍,ഇ-മെയില്‍ ഐഡി,ബാങ്ക്അക്കൗണ്ട് എന്നിവയും വേണം.

വെബ്സൈറ്റ് ഇന്ന് അയ്യായിരത്തിനും പതിനായിരത്തിനും വരെ മികച്ച രീതിയില്‍ ഡിസൈന്‍ ചെയ്തു തരുന്ന വെബ് ഡെവലപര്‍മാരുണ്ട്.സര്‍ക്കാര്‍ അനുവദിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ച് അറിയാനും അത് നിങ്ങള്‍ക്ക് ഉറപ്പാക്കാനും ശ്രദ്ധിക്കണം.ഒപ്പം വിറ്റ് വരവ് ഒരു നിശ്ചിത പരിധി കഴിഞ്ഞാല്‍ ജിഎസ്ടി രജിസ്ട്രേഷന്‍ ആവശ്യമാണ്.

വില്‍ക്കുന്നത് ബേക്കറി,കേക്ക്, കറിപൗഡറുകള്‍, അച്ചാറുകള്‍ പോലുള്ള ഭക്ഷ്യ ഉത്പന്നങ്ങള്‍ ആണെങ്കില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാര്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ രജിസ്ട്രേഷന്‍ വേണ്ടിവരും.

വിറ്റുവരവ് വര്‍ദ്ധിക്കുമ്പോഴും സോഷ്യല്‍മീഡിയ ആപ്ലിക്കേഷനുകളിലൂടെയുള്ള പ്രൊമോഷന്‍ കുറയ്ക്കരുത്.ഒപ്പം യൂട്യൂബ് അടക്കമുള്ള വീഡിയോ പ്ലാറ്റ്ഫോമുകളില്‍ കൂടി ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നത് കുറച്ചധികം ആളുകളിലേക്ക് സംരംഭം വ്യാപിക്കാന്‍ സഹായിക്കുകയും ചെയ്യും.

എന്നാല്‍ ഇനി വാടകയ്ക്ക് കടയും തിരക്കിട്ട് വായ്പയ്ക്കും പിന്നാലെ നെട്ടോട്ടമോടെണ്ട വളരെ മികച്ച രീതിയില്‍ ഓണ്‍ലൈന്‍ വഴി തന്നെ നിങ്ങളുടെ സംരംഭം കെട്ടിപടുക്കാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.