Sections

സംരംഭത്തിലേക്ക് കടക്കും മുന്‍പ്; പേര് ഇടുന്നതും സൂക്ഷിച്ചാകണം

Wednesday, Aug 18, 2021
Reported By admin
brand name

ബ്രാന്‍ഡ് എന്ന് പറയുന്നത് പെട്ടെന്നൊരു ദിവസം സംരംഭം തുടങ്ങുമ്പോള്‍ ഉണ്ടാകുന്നതല്ല

 

എത്ര പഠനവും പരിചയ മികവും ഉണ്ടെങ്കിലും പാളിപ്പോകാവുന്ന മേഖലയാണ് സംരംഭം.വെറുതെ ഒരു സംരംഭം എന്നതിനെക്കാള്‍ ലോകത്ത് മികച്ചു നില്‍ക്കുന്ന ഒരു ഐഡന്റിറ്റി പണിതുയര്‍ത്താന്‍ കഠിനമായ ശ്രമം വേണ്ടിവരും.ഈ ഘട്ടങ്ങളില്‍ ബ്രാന്‍ഡിംഗ് വിദഗ്ധരുടെ സഹായം എത്രമാത്രം നിങ്ങളെ രക്ഷപ്പെടുത്തും എന്നതിനെ കുറിച്ച് ഒരു ധാരണ ഒക്കെയുണ്ടാകുമല്ല.ബ്രാന്‍ഡിംഗ് എങ്ങെനെയാണ് ഉത്പന്നത്തെ വളര്‍ച്ചയുടെ പീക്കിലെത്തിക്കുന്നതെന്നും തിരിച്ചറിഞ്ഞ സ്ഥിതിക്ക്.നമുക്ക് ആദ്യഘട്ടത്തില്‍ നിന്ന് തുടങ്ങാം.

ബ്രാന്‍ഡ് എന്ന് പറയുന്നത് പെട്ടെന്നൊരു ദിവസം സംരംഭം തുടങ്ങുമ്പോള്‍ ഉണ്ടാകുന്നതല്ല.ദിവസങ്ങളുടെ വര്‍ഷങ്ങളുടെ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ലഭിക്കുന്ന റിസല്‍ട്ടാണ്.ശരിക്കും ഒരു ബിസിനസ് തുടങ്ങുമ്പോള്‍ ആദ്യം നാം മറ്റ് പരിപാടികളൊക്കെ പൂര്‍ത്തിയായാല്‍ അതിനൊരു പേര് ആകും സെലക്ട് ചെയ്യുക.ഈ പ്രോഡക്ട് നെയിമാണ് പിന്നീട് അതിശക്തമായ ബ്രാന്‍ഡായി മാറുന്നത്.അപ്പോള്‍ ഭാവിയെ കണ്ട് തന്നെ വേണം പേര് കണ്ടെത്തുന്നതും.

ബ്രാന്‍ഡിംഗ് നിങ്ങളുടെ ഉത്പന്നത്തെ കുറിച്ച് ഉപഭോക്താക്കള്‍ക്കുള്ള വിശ്വാസത്തിന്റെയും സുരക്ഷിതത്വത്തിന്റെയും അടയാളമായിരിക്കും.അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും പ്രായവ്യത്യാസമന്യേ ഉപയോഗിക്കാന്‍ സാധിക്കുന്ന വളരെ ലളിതമായ അതിനൊപ്പം ആകര്‍ഷകമായ പേര് തന്നെ ആയിരിക്കണം.ഒരു ഇംപ്രഷന് വേണ്ടി ലാറ്റിന്‍,ഫ്രഞ്ച്,റഷ്യന്‍ പേരുകളൊക്കെ കണ്ടുപിടിച്ച് ഒടുവില്‍ ഉത്പന്നം മികച്ചതാണെങ്കില്‍ പോലും പേര് തെറ്റില്ലാതെ പറയാന്‍ മടിച്ച് ആളുകള്‍ മനപൂര്‍വ്വം വിട്ടുകളയുന്ന ചില ബ്രാന്‍ഡുകള്‍ നമുക്ക് ചുറ്റിലുമുണ്ട്.അതുകൊണ്ട് തന്നെ അത്തരം വലിയ അമളികള്‍ പറ്റാതിരിക്കാന്‍ പേരിടലില്‍ കൂടുതല്‍ ഡെക്കറേഷന്‍ ഒന്നും വേണ്ട.ഉച്ഛരിക്കാന്‍ ബുദ്ധിമുട്ടുള്ള പേരുകള്‍ ഫ്രീയായി നിങ്ങള്‍ക്ക് ലഭിക്കേണ്ട മൗത്ത് പബ്ലിസിറ്റിയെ ഇല്ലാതെയാക്കും.

പേര് ഇടുമ്പോള്‍ അത് പ്രൊഡക്ടുമായി കുറച്ച് അടുത്ത് നില്‍ക്കുന്ന അല്ലെങ്കില്‍ അര്‍ത്ഥവത്തായ പേരാണെങ്കില്‍ നന്നായിരിക്കും.മറിച്ച് തുണി കടയ്ക്ക് മത്സ്യക്കടയുടെ പേരിട്ടാല്‍ നന്നാകില്ലല്ലോ.ഇനി സെലക്ട് ചെയ്ത പേരിന് ഏതെങ്കിലും കഥയോ മിത്തുകളോ ഒക്കെയായി ബന്ധമുണ്ടെങ്കില്‍ അതിനു കേള്‍വിക്കാര്‍ കൂടും.ഉദാഹരണത്തിന് ഗ്രീക്ക് വിജയ ദേവതയായ നൈക്കില്‍ നിന്നും ഫില്‍ നൈറ്റ് നൈക്കി എന്ന പേര് കണ്ടെത്തിയതു പോലെയൊക്കെ.

മാര്‍ക്കറ്റിംഗ് സമയത്ത് ഈ പേരിനെ കുറച്ച് സംഗീതവും മേമ്പൊടികളും ചേര്‍ത്തൊരു പാട്ടാക്കി മാറ്റാന്‍ കൂടി സാധിച്ചാല്‍ സാധാരണക്കാര്‍ക്കിടയില്‍ സംഗതി ക്ലിക്കാകും.ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ് 'വന്നല്ലോ..വന്നല്ലോ വനമാല വന്നല്ലോ-വനമാല സോപ്പ്' പൊതുവെ പല പ്രൊഡക്ട് നെയിമുകളും സംഗീതത്തിനോ ഈണത്തിനോ വഴങ്ങാറില്ല പക്ഷെ പേരിടുമ്പോള്‍ അല്‍പ്പം ഒന്ന് ശ്രദ്ധിച്ചാല്‍ ഈ രംഗത്തും ബ്രാന്‍ഡിംഗ് ഐഡന്റിറ്റി ഉണ്ടാക്കാവുന്നതെയുള്ളു.

നിങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ബ്രാന്‍ഡ് നെയിമിലേക്ക് മത ചിഹ്നങ്ങളോ സ്വരങ്ങളോ കടക്കാതെ നോക്കുക എന്നത്.മത വികാരം എപ്പോള്‍ വേണമെങ്കിലും കത്താവുന്ന വലിയൊരു തീപ്പൊരി തന്നെയാണ്.അതുകൊണ്ട് പേരുകളില്‍ മതനിരപേക്ഷത പാലിക്കാന്‍ പ്രത്യേകതം ശ്രദ്ധിക്കണം.ഒരു നാടോ,പ്രത്യേക വിഭാഗമോ മാത്രമല്ല നിങ്ങളുടെ വിപണി എന്ന് ഓര്‍ക്കുക.നമ്മുടൈ ബ്രാന്‍ഡിനെ ലോകോത്തരമാക്കുക മാത്രമാകണം ലക്ഷ്യം.

എക്കാലവും നിലനില്‍ക്കുമെന്ന് ഉറപ്പുള്ള പേരുകള്‍ തന്നെ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.മൈജിയുടെ കാര്യം അറിയാമല്ല.3ജി എന്ന് പേരിട്ട് വലിയ ജനപ്രീതി നേടിയ കടയ്ക്ക് കാലം 3ജി വിട്ട് 4 ജിയിലേക്ക് പോയതോടെ പേര് കല്ലുകടിയായി.ഒടുവില്‍ വീണും പണവും സമയവും കളഞ്ഞ് മൈജി എന്ന പേരില്‍ പുനരവതരിക്കുകയും പഴയ ജനപ്രിയ 3ജി ആണ് തങ്ങളെന്ന് ഉപഭോക്താക്കളെ മനസിലാക്കി കൊടുക്കാന്‍ പാടും പെടേണ്ടി വന്നു.പല പ്രമുഖ ബ്രാന്‍ഡുകള്‍ക്കും ഇത്തരം അമളികള്‍ പറ്റിയിട്ടുണ്ട്.


അതുപോലെ തന്നെ ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷന് തടസ്സമുണ്ടാക്കുന്ന രീതിയില്‍ ദേശീയ സ്മാരകങ്ങള്‍,മഹാത്മാക്കള്‍,സ്ഥലപ്പേരുകള്‍,തറവാട്ടു പേരുകള്‍ എന്നിവ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം.ഇടക്കാലത്ത് ചെമ്മണ്ണൂര്‍ ജുവലറി ഇത്തരത്തില്‍ വലിയൊരു കേസില്‍പ്പെട്ടതാണ്.ബ്രാന്‍ഡിനൊരു പേര് തെരഞ്ഞെടുക്കും മുന്‍പ് അത് ട്രേഡ് മാര്‍ക്ക് ലഭിക്കാന്‍ അനുയോജ്യമാണോ എന്നും അതിനൊപ്പം ഒരു വെബ്‌സൈറ്റ് നിര്‍മ്മിക്കാന്‍ ഡൊമൈന്‍ നെയിം കിട്ടാവുന്നതാണോ എന്നും മനസിലാക്കിയിര്കകണം.ഇന്നല്ലെങ്കില്‍ നാളെ വെബ്‌സൈറ്റ് എന്ന ആശ്രയത്തെ നമുക്ക് തേടാതിരിക്കാന്‍ ഈ ആധുനിക ലോകത്ത് സാധിക്കില്ല.


നിങ്ങളുടെ ബ്രാന്‍ഡ് നെയിം ട്രേഡ്മാര്‍ക് രെജിസ്റ്റേര്‍ഡ് ആയിരിക്കണം, അതിലൊരു ഉപേക്ഷയും പാടില്ല. അതിനുള്ള ലീഗല്‍ ചെലവ് വളരെ തുച്ഛമാണ്. പക്ഷെ അത് നമ്മുക്ക് തരുന്ന സുരക്ഷിതത്വം വളരെ വലുതാണ്. നിങ്ങള്‍ ജീവിതം കൊടുത്തു വളര്‍ത്തിയ ബ്രാന്‍ഡ് കുറച്ചു നാള്‍ കഴിയുമ്പോള്‍ മറ്റൊരാളുടേതാകാം. സംഭവിച്ചിട്ടുണ്ട്. ബ്രാന്‍ഡ് നാളെ ശക്തമായി മാറേണ്ടതാണെന്ന ചിന്തയോട് കൂടി ജനങ്ങള്‍ സ്വീകരിക്കുന്ന ഒരു പേര് കണ്ടെത്തിയാല്‍ തന്നെ സംരംഭത്തിന്റെ ആദ്യപടി വിജയിച്ചു എന്ന് ഉറപ്പിക്കാം.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.