Sections

ഇടയ്ക്കിടെ പരിശോധിച്ചാല്‍ സിബില്‍ സ്‌കോര്‍ കുറയുമോ? എന്താണ് ചെയ്യേണ്ടത് ?

Saturday, Nov 20, 2021
Reported By admin
cibil score

സിബില്‍ ക്രെഡിറ്റ് സ്‌കോര്‍ പുതിയൊരു ലോണിന് അപേക്ഷിക്കുമ്പോഴാണ് വില്ലനാകുന്നത്

 

നിങ്ങളൊരു വാഹനം വായ്പയായി എടുത്തു അതിന്റെ അടവുകള്‍ കൃത്യമല്ലെങ്കില്‍ നിങ്ങളുടെ സിബില്‍ സ്‌കോര്‍ കുറയുമെന്ന് പലരും നിങ്ങളെ ഉപദേശിക്കാറില്ലെ.

നിങ്ങളുടെ ഓരോ ക്രെഡിറ്റ് പിഴവും സിബില്‍( ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫ് ഇന്ത്യ) റെക്കോഡ് ചെയ്യുന്നുണ്ട്.ഇതില്‍ അംഗങ്ങളായ ബാങ്കുകള്‍ക്കും വ്യക്തികള്‍ക്കും ലഭ്യമായ ഈ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് അല്ലെങ്കില്‍ സിബില്‍ ക്രെഡിറ്റ് സ്‌കോര്‍ പുതിയൊരു ലോണിന് അപേക്ഷിക്കുമ്പോഴാണ് വില്ലനാകുന്നത്.

വരുത്തുന്ന ഓരോ പിഴവിനും പോയിന്റ് കുറയും. മൂന്നക്ക നമ്പറുകളാണ് സ്‌കോറായി നല്‍കുന്നത്. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളും സ്വകാര്യം ബാങ്കുകളും അനുവദിക്കുന്ന ലോണുകളില്‍ 90 ശതമാനവും സിബില്‍ ക്രെഡിറ്റ് സ്‌കോര്‍ 700നു മുകളിലുള്ളവര്‍ക്കാണ്.ലോണടയ്ക്കാന്‍ പിഴവ് വരുത്തിയോ? പിഴവ് വരുത്തിയ തുക എന്നാണ് അടച്ചത്? നിലവില്‍ എന്തെല്ലാം കടങ്ങളുണ്ട്? പുതിയ ലോണിനായി എവിടെയെല്ലാം ശ്രമിച്ചിട്ടുണ്ട്. തുടങ്ങിയ ഒട്ടെറേ വിവരങ്ങള്‍ സിബില്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. സാധാരണ ഗതിയില്‍ ലോണിന് അപേക്ഷിക്കുമ്പോള്‍ ബാങ്കുകളാണ് ഇത് പരിശോധിക്കുക.അതേ സമയം സിബില്‍ സ്‌കോര്‍ കുറവാണെന്ന് സംശയിക്കുന്നവര്‍ ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് റിപ്പോര്‍ട്ട് പരിശോധിക്കുന്നത് നല്ലതാണ്.

ഇടയ്ക്കിടെ സിബില്‍ റിപ്പോര്‍ട്ട് എടുത്താല്‍ സിബില്‍ സ്‌കോര്‍ കുറയുമെന്നൊരു കാര്യം നിങ്ങളും കേട്ടിരിക്കും.അതുകൊണ്ട് തന്നെ അടിയന്തരഘട്ടത്തില്‍ മാത്രം പരിശോധിക്കാന്‍ ധൈര്യപ്പെടുന്ന ഒന്നായി സിബില്‍ സ്‌കോര്‍ മാറി.

പക്ഷെ ഈ വാദം തെറ്റാണ്.ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളുടെ സൈറ്റുകള്‍ വഴിയും മറ്റും നിങ്ങള്‍ സിബില്‍ ഇന്‍ഫര്‍മേഷന്‍ അന്വേഷിക്കുമ്പോള്‍ രണ്ട് രീതിയിലാണ് കാണുന്നത്.സോഫ്റ്റ് എന്‍ക്വയറിയും,ഹാര്‍ഡ് എന്‍ക്വയറിയും.

സോഫ്റ്റ് എന്‍ക്വയറി എന്നത് നമ്മള്‍ സ്വയം സിബില്‍ റിപ്പോര്‍ട്ട് എടുക്കുന്ന രീതിയാണ്.ക്രെഡിറ്റ് അല്ലെങ്കില്‍ വായ്പ സ്വഭാവം ഒന്ന് അറിയാനും സിബില്‍ സ്‌കോറിന്റെ അവസ്ഥ തിരിച്ചറിയാനും വേണ്ടിമാത്രം ആശ്രയിക്കുന്ന രീതിയാണ് സോഫ്റ്റ് എന്‍ക്വയറി.ബാങ്കോ,ബാങ്കിംഗ് ഇതരസ്ഥാപനങ്ങള്‍ വഴിയോ അല്ലാതെയുള്ള ഇത്തരത്തിലുള്ള നേരിട്ടുള്ള എന്‍ക്വയറി സിബില്‍ റിപ്പോര്‍ട്ടിന് കൂടുതല്‍ നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു.

ഹാര്‍ഡ് എന്‍ക്വയറി എന്നറിയപ്പെടുന്ന രീതിയില്‍ സിബില്‍ സ്‌കോറിലെ വായ്പ അഭ്യര്‍ത്ഥന അതായത് ഇതുവരെ നിങ്ങള്‍ ഏതൊക്കെ ബാങ്കുകളെ ഏത് തരം വായ്പകള്‍ക്ക് വേണ്ടി സമീപിച്ചു എന്നൊക്കെയുള്ള വിവരങ്ങള്‍ നിങ്ങളെ ഒരുപക്ഷെ കുഴപ്പത്തിലാക്കും.

ചുരുക്കി പറഞ്ഞാല്‍ ബാങ്കുകള്‍ വഴിയുള്ള സിബില്‍ റിപ്പോര്‍ട്ട് എടുക്കുന്ന രീതിയാണ് ഹാര്‍ഡ് എന്‍ക്വയറി.ഇതെങ്ങനെയാണ് നിങ്ങളെ കുഴപ്പത്തിലാക്കുന്നത് എന്ന് കൂടി പറയാം.

ഉദാഹരണത്തിന് നിങ്ങള്‍ ഒരു ബാങ്കിനെ വായ്പയ്ക്കായി സമീപിച്ചു.അവരുടെ പലിശയോ അല്ലെങ്കില്‍ മറ്റ് നിബന്ധനകളോ നിങ്ങള്‍ക്ക് സ്വീകാര്യമാകാത്തത് കൊണ്ട് മാത്രം ആ ബാങ്ക് വായ്പ നിങ്ങള്‍ ഉപേക്ഷിച്ചെന്ന് കരുതുക.പക്ഷെ കൂടുതല്‍ നിങ്ങളെ പറ്റി അന്വേഷിച്ചപ്പോള്‍ ഉള്ള പാകപ്പിഴ കാരണം ആണ് വായ്പ നിങ്ങള്‍ക്ക് ലഭിക്കാത്തത് എന്ന് പുതുതായി വായ്പയ്ക്ക് നിങ്ങള്‍ സമീപിക്കുന്ന ബാങ്ക് തെറ്റിദ്ധരിക്കാനുള്ള സാധ്യതയുണ്ട്.

അടിക്കടി ബാങ്കുകളില്‍ പോയി സിബില്‍ സ്‌കോര്‍ ചെക്ക് ചെയ്യുന്നതിലൂടെ നിരവധി തവണ ബാങ്കുകള്‍ പല അവസരങ്ങളില്‍ സിബില്‍ സ്‌കോര്‍ ചെക്ക് ചെയ്തു എന്നും എന്തോ പ്രശ്‌നത്തിന്റെ കാരണമായി നിങ്ങള്‍ക്ക് വായ്പ അനുവദിച്ചില്ലെന്നുമുള്ള നിഗമനത്തില്‍ പുതുതായി നിങ്ങള്‍ സമീപിക്കുന്ന ബാങ്ക് എത്തിച്ചേരും.

അതുകൊണ്ട് നിങ്ങളുടെ സിബില്‍ എന്‍ക്വയറികള്‍ അറിയാനായി സോഫ്റ്റ് എന്‍ക്വയറികള്‍ മാത്രം നടത്തുന്നതാണ് നല്ലത്.ആര്‍ബിഐ പോലും വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ വ്യക്തികള്‍ തങ്ങളുടെ സിബില്‍ ചെക്ക് ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.


ഇനി എങ്ങനെയാണ് നിങ്ങള്‍ക്ക് മികച്ച സിബില്‍ സ്‌കോറിലേക്ക് അല്ലെങ്കില്‍ സിബില്‍ സ്‌കോര്‍ ഉയര്‍ത്താം എന്ന് നോക്കാം


1) ലോണ്‍ അടവുകള്‍ കൃത്യമായി അടയ്ക്കുക.

2) ലോണ്‍/ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട ചെക്കുകള്‍ ഒരിക്കലും ബൗണ്‍സ് ചെയ്യാന്‍ അനുവദിക്കരുത്. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നഷ്ടമാകുന്നത് ഇവിടെയാണ്.

3) ക്രെഡിറ്റ് കാര്‍ഡില്‍ പണമടയ്ക്കാന്‍ കഴിയില്ലെങ്കില്‍ മിനിമം ഡ്യൂ അടയ്ക്കാന്‍ മറക്കരുത്.

4) അത്യാവശ്യ ഘട്ടത്തില്‍ മാത്രം ലോണിന് അപേക്ഷിക്കുക. ഓരോ തവണ അപേക്ഷിക്കുമ്പോഴും അതാത് ബാങ്കുകള്‍ സിബില്‍ റിപ്പോര്‍ട്ട് സ്വീകരിക്കുന്നുണ്ട്. തീര്‍ച്ചയായും ഇത് തിരിച്ചടിയാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.