Sections

കുറഞ്ഞ പലിശയില്‍ പോസ്റ്റ് ഓഫീസില്‍ നിന്നും ലഭിക്കുന്ന ഭവന വായ്പയെ കുറിച്ച് അറിയേണ്ടേ...?

Thursday, Sep 30, 2021
Reported By Aswathi Nurichan
home loan

പോസ്റ്റോഫീസ് ഉപഭോക്താക്കള്‍ക്ക് ഭവനവായ്പാ നല്‍കുന്നതിനായി എല്‍ഐസി ഹൗസിംഗ് ഫിനാന്‍സുമായി ചേര്‍ന്നുകൊണ്ടാണ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്
 

 

പണ്ടു കാലത്തും ഇപ്പോഴും ഒരേ രീതിയില്‍ ആശയവിനിമയത്തിനായി എല്ലാവരും ഉപയോഗപ്പെടുത്തുന്ന ഒരു മാര്‍ഗ്ഗമാണ് തപാല്‍വകുപ്പ്. അതുകൊണ്ടുതന്നെ സാധാരണക്കാര്‍ക്കിടയില്‍ പോസ്റ്റോഫീസുകള്‍ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ലഘു സമ്പാദ്യ നിക്ഷേപങ്ങള്‍, സേവിങ് അക്കൗണ്ടുകള്‍ എന്നിവയെല്ലാം പണ സംബന്ധമായ ഇടപാടുകളില്‍ തപാല്‍ വകുപ്പ് നല്‍കിയിരുന്നു. 

എന്നാല്‍ ഒരു പടി കൂടി മുന്നിട്ട് സാധാരണക്കാര്‍ക്ക് വീടെന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ കുറഞ്ഞ പലിശയില്‍ ഭവന വായ്പകള്‍ ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ് പോസ്റ്റ് ഓഫീസുകള്‍. നിലവില്‍ മിക്ക ബാങ്കുകളിലും ഭവന വായ്പാ പലിശ നിരക്ക് വളരെ കുറഞ്ഞ നിരക്കില്‍ ആണ് ഉള്ളത്. ഈയൊരു സാഹചര്യത്തില്‍ കുറഞ്ഞ പലിശ നിരക്കില്‍ ഭവന വായ്പകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് പോസ്റ്റോഫീസുകള്‍. 

India Post Payments Bank ( IPPB  )സംവിധാനം ഉപയോഗപ്പെടുത്തിയാണ് കുറഞ്ഞ നിരക്കില്‍ ഭവന വായ്പകള്‍ പോസ്റ്റ് ഓഫീസ് എത്തിക്കുന്നത്. പോസ്റ്റോഫീസ് ഉപഭോക്താക്കള്‍ക്ക് ഭവനവായ്പാ നല്‍കുന്നതിനായി എല്‍ഐസി ഹൗസിംഗ് ഫിനാന്‍സുമായി ചേര്‍ന്നുകൊണ്ടാണ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. IPPB യുടെ 650 ശാഖകള്‍,  1,36000 പോസ്റ്റ് ഓഫീസുകള്‍ എന്നിവ ഉപയോഗപ്പെടുത്തിയാണ് ഇന്ത്യയില്‍ ഉള്ള പോസ്റ്റ് ഓഫീസ് ഉപഭോക്താക്കള്‍ക്ക് ഭവനവായ്പ പദ്ധതി നടപ്പിലാക്കുന്നത്.

വായ്പാ തുക അനുവദിക്കല്‍, കാലാവധി, ആവശ്യമായ നടപടി ക്രമങ്ങള്‍ എന്നിവ എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് മുഖാന്തരമാണ് നടത്തുക. എന്നാല്‍ വായ്പകള്‍ ലഭിക്കുന്നത് ippb വഴിയായിരിക്കും. നിലവില്‍ 50 ലക്ഷം രൂപ വരെയുള്ള എല്‍ഐസിയുടെ ഭവന വായ്പകള്‍ക്ക് 6.66% പലിശ നിരക്കാണ് ഈടാക്കി കൊണ്ടിരിക്കുന്നത്.

സാധാരണഗതിയില്‍ ഭവന വായ്പകള്‍ക്ക് ബാങ്കുകള്‍ കൂടുതലായും ടൗണുകള്‍ കേന്ദ്രീകരിക്കുമ്പോള്‍, ഗ്രാമങ്ങള്‍ പോലെയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ഫലപ്രദമായ രീതിയില്‍ ഭവനവായ്പ എത്തിക്കാനായി പോസ്റ്റ് ഓഫീസുകള്‍ വഴിയുള്ള ഭവന വായ്പകള്‍ക്ക് സാധിക്കുമെന്ന് പുതിയ രീതിയിലൂടെ മനസ്സിലാക്കാം.

ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്കിനു ഫീല്‍ഡ് തലത്തില്‍ രണ്ട് ലക്ഷത്തില്‍ അധികം പോസ്റ്റുമാന്‍ മാര്‍, ഗ്രാമീണ ടാക്‌സ് സേവക്, ബയോമെട്രിക് സംവിധാനം, മൈക്രോ എടിഎം, വാതില്‍പടി സേവനം എന്നിവയെല്ലാം പോസ്റ്റ് ഓഫീസുകള്‍ വഴി നടപ്പിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ പോസ്റ്റും എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് സംയോജിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ സംരംഭത്തില്‍ ബാങ്ക് ലോണ്‍ ലഭ്യമാക്കുന്നതിനും ഇഎംഐ സംവിധാനം നടപ്പിലാക്കുന്നതിനും വലിയ പ്രയാസമുണ്ടാകില്ല എന്നാണ് കരുതപ്പെടുന്നത്. 

ജനറല്‍ ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് പോലുള്ള സൗകര്യങ്ങള്‍, ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളുമായുള്ള മറ്റ് സേവനങ്ങള്‍ എന്നിവയെല്ലാം നിലവില്‍ IPPB നടപ്പിലാക്കുന്നുണ്ട്. ഇത്തരത്തില്‍ വളരെ കുറഞ്ഞ പലിശനിരക്കില്‍ ഇന്ത്യ പോസ്റ്റ് മുഖാന്തരം ഭവന വായ്പകള്‍ ലഭ്യമാക്കാന്‍ സാധിച്ചാല്‍ കൂടുതല്‍ സാധാരണക്കാര്‍ക്ക് ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ സാധിക്കും.

ഭവന വായ്പകള്‍ കൂടി എല്‍ഐസി ഹൗസിംഗ് ഫിനാന്‍സുമായി ചേര്‍ന്ന് ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്ക് വഴി നടപ്പിലാക്കുന്നതിലൂടെ ഒരു പുതിയ കാല്‍വെയ്പ്പാണ് ഇതുവഴി ഉദ്ദേശിക്കുന്നത് എന്ന് IPPBഎംഡിയും സിഇഒയും ആയ ജെ. വെങ്കിട്ടരാമു വിശേഷിപ്പിച്ചു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.