- Trending Now:
ധാരാളം മൂന്നാം കക്ഷി സേവനങ്ങളും ഈ സര്‍വീസ് സെന്ററുകളിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാണ്
കുറച്ച് കാലം മുമ്പ് വരെ പോസ്റ്റ് ഓഫീസില്‍ പണമിടപാടുകള്‍ക്ക് മാത്രമാണ് നമ്മള്‍ പോയികൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. കാലം മാറുമ്പോള്‍ കോലവും മാറണമല്ലോ? അതുകൊണ്ട് തന്നെ പോസ്റ്റ് ഓഫീസുകളും ഫ്രീക്ക് ആയി. കൂടുതല്‍ നൂതന സേവനങ്ങള്‍ ഉള്‍പ്പെടുത്തി പോസ്റ്റ് ഓഫീസുകള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ഉപയോഗ പ്രദമാക്കി മാറ്റുവാനുള്ള ശ്രമങ്ങളിലാണ് തപാല്‍ വകുപ്പ്. ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പോസ്റ്റ് ഓഫീസുകളില്‍ നിന്നും ലഭ്യമാകുന്ന ധാരാളം സേവനങ്ങളെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പലര്‍ക്കും അറിവില്ലാത്ത പോസ്റ്റ് ഓഫീസ് സേവനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
സേവനങ്ങള്‍ എന്തൊക്കെ?
പോസ്റ്റ് ഓഫീസുകളില്‍ നിന്നും ലഭിക്കുന്ന പ്രധാനപ്പെട്ട ചില സേവനങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം. ആദായ നികുതി റിട്ടേണ്‍ ഫയലിംഗ്, കോവിഡ് 19 വാക്സിനേഷന്‍ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാന്‍, പാന്‍ കാര്‍ഡ് ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കുവാന്‍, വോട്ടര്‍ ഐഡി കാര്‍ഡ് ലഭിക്കുവാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍, പാസ്പോര്‍ട്ടിനായി അപേക്ഷിക്കാന്‍, പ്രധാന്‍ മന്ത്രി ഫസല്‍ ഭീമ യോജന പദ്ധതിയിലേക്ക് അപേക്ഷ നല്‍കുവാന്‍, ഫാസ്ടാഗ് ടോപ് അപ്പ് സേവനത്തിനായി, യൂട്ടിലിറ്റി ബില്ലുകളുടെ പെയ്മെന്റ് ചെയ്യുന്നതിനായി, ലൈഫ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഒക്കെ നിങ്ങള്‍ക്ക് അടുത്തുള്ള പോസ്റ്റ് ഓഫീസ് ശാഖയിലേക്ക് ചെന്നാല്‍ മതി.
ആദായ നികുതി റിട്ടേണ്‍ ഫയലിംഗ്
ഇന്ത്യ പോസ്റ്റ് തങ്ങളുടെ വെബ്സൈറ്റിലൂടെ മേല്‍പ്പറഞ്ഞ എല്ലാ സേവനങ്ങളും ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. നിശ്ചയിക്കപ്പെട്ടിട്ടുള്ള കോമണ്‍ സര്‍വീസ് സെന്ററുകളിലൂടെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുവാനുള്ള സൗകര്യവും തപാല്‍ വകുപ്പ് ഒരുക്കിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള സിഎസ്സികളില്‍ നിങ്ങള്‍ക്ക് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാവുന്നതാണ്.
സേവനങ്ങള്‍ സിഎസ്സി കൗണ്ടറുകളിലൂടെ
ഇതുമാത്രമല്ല, ധാരാളം മൂന്നാം കക്ഷി സേവനങ്ങളും ഈ സര്‍വീസ് സെന്ററുകളിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാണ്. ഇതേ സംബന്ധിച്ച് അടുത്തിടെ തപാല്‍ വകുപ്പ് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ സന്ദേശം പങ്കുവച്ചിരുന്നു. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുവാന്‍ ഇനി ദൂരേക്ക് പോകേണ്ട. നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസ് ശാഖയിലെ സിഎസ്സി കൗണ്ടറുകളിലൂടെ ഇനി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാം എന്നതായിരുന്നു തപാല്‍ വകുപ്പിന്റെ ട്വിറ്റര്‍ സന്ദേശം.
കേന്ദ്ര സര്‍ക്കാര്‍ സ്‌കീമുകളും
ഈ സേവനങ്ങളെല്ലാം പൊതു ജനങ്ങളിലേക്ക് എത്തുന്നത് രാജ്യത്തുടനീളം പോസ്റ്റ് ഓഫീസികളില്‍ സജ്ജീകരിച്ചിട്ടുള്ള സിഎസ്സികള്‍ മുഖേനയാണ്. ഇതുവഴി ധാരാളം കേന്ദ്ര സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഫലങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകും. സിഎസ്സികള്‍ വഴി വാഗ്ദാനം ചെയ്യുന്ന ചില സര്‍ക്കാര്‍ പദ്ധതികളുണ്ട്. പ്രൈം മിനിസ്റ്റര്‍ സ്ട്രീറ്റ് വെന്‍ഡേര്‍സ് സെല്‍ഫ് റിലയന്റ് ഫണ്ട് സ്‌കീം (പിഎംഎസ്വിഎ നിധി), പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (ആയുഷ്മാന്‍ ഭാരത്), പ്രധാന്‍ മന്ത്രി ലഘു ട്രേഡര്‍ മാന്‍ ധന്‍ യോജന (പിഎം എല്‍വിഎം) തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു.
സാങ്കേതിക വിദ്യകളെക്കുറിച്ചും ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ചും കൂടുതല്‍ അറിവില്ലാത്ത സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇത് അല്‍പ്പം പ്രയാസകരമായി മാറുന്നുണ്ടെന്ന് എന്നത് വാസ്തവമാണ്. ഇത്തരം സേവനങ്ങളുടെ ഗുണഫലങ്ങള്‍ ലഭിക്കണമെങ്കില്‍ പലര്‍ക്കും മറ്റുള്ളവരുടെ സഹായം തേടേണ്ടി വരുന്നതും ഇക്കാരണത്താലാണ്. ഇനി ഇത്തരം ആവശ്യങ്ങള്‍ക്ക് അലയേണ്ട ആവശ്യമില്ല. തൊട്ടടുത്തുള്ള പോസ്‌റ്റോഫീസിനെ ധൈര്യമായി സമീപിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.