Sections

ചരിത്രത്തിലാദ്യമായി എസി കോച്ചില്‍ ചോക്ലേറ്റ് നിറച്ച് തീവണ്ടി; റെയില്‍വെക്ക് കിട്ടിയത് ലക്ഷങ്ങള്‍

Sunday, Oct 10, 2021
Reported By Admin
indian train

റോഡിലൂടെ ഇത്ര കാലവും കൊണ്ടുപോയിരുന്ന ഉല്‍പ്പന്നങ്ങള്‍ ഇനി ട്രെയിനിലും കൈമാറാമെന്ന് റെയില്‍വെ തെളിയിച്ചു


ഇന്ത്യന്‍ റെയില്‍വെയുടെ പ്രധാന വരുമാന മാര്‍ഗ്ഗമാണ് ചരക്ക് ഗതാഗതം. എന്നാല്‍ ഇതുവരെ തീവണ്ടിയില്‍ കയറ്റാതിരുന്ന ഒരു ഉല്‍പ്പന്നമായിരുന്നു ചോക്ലേറ്റ്. ആ കുറവും ഇന്ത്യന്‍ റെയില്‍വെ പരിഹരിച്ചു. എസി കോച്ചില്‍ ചോക്ലേറ്റുമായി ചരിത്രത്തിലാദ്യമായി റെയില്‍വെ സര്‍വീസ് നടത്തി. വരുമാന വര്‍ധനവ് ലക്ഷ്യമിട്ട് സൗത്ത് വെസ്റ്റേണ്‍ റെയില്‍വെ നടപ്പിലാക്കിയ മികച്ച ആശയമായിരുന്നു ഇത്. 

ഹുബ്ബാലി ഡിവിഷനാണ് തങ്ങളുടെ എസി കോച്ച് ചരക്ക് ഗതാഗതത്തിനായി ഉപയോഗിച്ചത്. ചോക്ലേറ്റിന് പുറമെ ഭക്ഷ്യോല്‍പ്പന്നങ്ങളും ഇതിലുണ്ടായിരുന്നു. കുറഞ്ഞ താപനിലയില്‍ സൂക്ഷിക്കേണ്ട ഉല്‍പ്പന്നങ്ങളായതിനാലാണ് ഇവ ഇത്ര കാലവും ട്രെയിനില്‍ കൊണ്ടുപോകാതിരുന്നത്.

163 ടണ്‍ ഉല്‍പ്പന്നങ്ങളാണ് ഒക്ടോബര്‍ എട്ടിന് ഗോവയിലെ വാസ്‌കോഡ ഗാമ സ്റ്റേഷനില്‍ നിന്ന് ദില്ലിയിലെ ഓഖ്ലയിലേക്ക് എസി കോച്ചില്‍ അയച്ചത്. 18 എസി കോച്ചുകളിലായാണ് ഇത്രയും ഉല്‍പ്പന്നങ്ങള്‍ എത്തിച്ചത്. എവിജി ലോജിസ്റ്റിക്‌സായിരുന്നു ഇതിന് പിന്നില്‍. 

ഈ സര്‍വീസിലൂടെ 12.83 ലക്ഷം രൂപയാണ് റെയില്‍വെക്ക് കിട്ടിയത്. ഹുബ്ബലി ഡിവിഷന്റെ ബിസിനസ് ഡവലപ്‌മെന്റ് യൂണിറ്റിന്റേതായിരുന്നു ഈ പുത്തന്‍ ആശയം. റോഡിലൂടെ ഇത്ര കാലവും കൊണ്ടുപോയിരുന്ന ഉല്‍പ്പന്നങ്ങള്‍ ഇനി ട്രെയിനിലും കൈമാറാമെന്ന് റെയില്‍വെ തെളിയിച്ചു. ഹുബ്ബലി ഡിവിഷന്റെ പ്രതിമാസ ചരക്ക് ഗതാഗത വരുമാനം 2020 ഒക്ടോബര്‍ മുതല്‍ ഒരു കോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ വരുമാനം 1.58 കോടിയായി.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.