Sections

ഫെസ്റ്റിവല്‍ ഓഫറില്‍ ആമസോണിനെ മറികടന്ന് ഫ്‌ളിപ്പ്കാര്‍ട്ട്, ആഗോള ഭീമമാരെ ഞെട്ടിച്ച് മീശോ

Saturday, Oct 16, 2021
Reported By Admin
online shopping

32000 കോടി രൂപയുടെ സാധനങ്ങളാണ് ഇന്ത്യാക്കാര്‍ മത്സരിച്ച് വാങ്ങിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു

 

നവരാത്രിയോട് അനുബന്ധിച്ച് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ നടത്തിയ ഉത്സവ വില്‍പ്പനയില്‍ ഓരോ മണിക്കൂറിലും വിറ്റുപോയത് 68 കോടി രൂപയുടെ സ്മാര്‍ട്ട്‌ഫോണുകളെന്ന് റിപ്പോര്‍ട്ട്. ആമസോണിനെ മറികടന്ന് ഫ്‌ളിപ്പ്കാര്‍ട്ട് ഇക്കുറി വിപണി വിഹിതത്തിന്റെ 64 ശതമാനവും കൈക്കലാക്കി. 

റെഡ്സീര്‍ ഏജന്‍സി പുറത്തുവിട്ട ഉത്സവ കാലത്തെ ഓണ്‍ലൈന്‍ വില്‍പ്പനയുടെ കണക്കുകളിലാണ് ഇതേക്കുറിച്ച് വിശദീകരിക്കുന്നത്. 9 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ വിറ്റുപോകുമെന്ന് നേരത്തെ തന്നെ റെഡ്സീര്‍ റിപ്പര്‍ട്ട് ചെയ്തിരുന്നു. വില്‍പ്പന ഒരാഴ്ച പിന്നിടുമ്പോള്‍ റെഡ്‌സീറിന്റെ റിപ്പോര്‍ട്ട് ശരിയാകുന്നതാണ് വിപണിയില്‍ നിന്നുള്ള കാഴ്ച.

ഉത്സവ വില്‍പ്പനയുടെ ആദ്യവാരം ഇ - കൊമേഴ്‌സ് കമ്പനികള്‍ക്ക് വന്‍ നേട്ടമാണ് ഉണ്ടായത്. 32000 കോടി രൂപയുടെ സാധനങ്ങളാണ് ഇന്ത്യാക്കാര്‍ മത്സരിച്ച് വാങ്ങിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 32 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ കാലത്ത് കമ്പനികളുടെയാകെ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. 

സാധനങ്ങള്‍ വാങ്ങിയ ആളുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി, 20 ശതമാനം. ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ ആളുകളില്‍ 61 ശതമാനം പേരും ടയര്‍ 2 നഗരങ്ങളില്‍ നിന്നുള്ളവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ല്‍ ഒരു ഉപഭോക്താവ് ശരാശരി 4980 രൂപയുടെ സാധനങ്ങളാണ് വാങ്ങിയിരുന്നതെങ്കില്‍ ഇത്തവണ അതും വര്‍ധിച്ചു. 5034 രൂപയാണ് ഇതിന്റെ ഇത്തവണത്തെ ശരാശരി. 

ഫാഷന്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ വാള്‍മാര്‍ട്ടിന്റെ ഫ്‌ളിപ്പ്കാര്‍ട്ടിനെയും, ആഗോള ഭീമനായ ആമസോണിനെയും ഞെട്ടിച്ച് കൊണ്ട് മീശോ 39 ശതമാനം വിപണി വിഹിതം നേടി. ഇക്കുറിയുണ്ടായ വലിയ സ്വീകാര്യതയുടെ പ്രധാന കാരണം കമ്പനികള്‍ അതിവേഗം ഡെലിവറി സാധ്യമാക്കിയതാണെന്ന് വിലയിരുത്തപ്പെടുന്നു. മുന്‍പ് ഒരു ഉല്‍പ്പന്നത്തിന്റെ ഡെലിവറിക്ക് ആവശ്യമായ സമയത്തില്‍ നിന്ന് അഞ്ച് മണിക്കൂര്‍ മുന്‍പ് തന്നെ ഉല്‍പ്പന്നം ഉപഭോക്താവിന്റെ പക്കലെത്തിക്കാനായതാണ് ഇതിന് കാരണം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.