Sections

2022ലും മാസ്‌ക്‌ മുഖ്യം; ആദായം നേടാന്‍ ഈ വഴി തുടരാം

Thursday, Sep 16, 2021
Reported By admin
surgical mask

കോവിഡിനെ തുടര്‍ന്ന് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ട് കൊല്ലം രണ്ട് കഴിഞ്ഞു.പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2022ലും മാസ്‌ക് നീക്കാനുള്ള സാധ്യതയില്ലെന്നതാണ് അറിയാന്‍ സാധിക്കുന്നത്.അതുകൊണ്ട് തന്നെ മാസ്‌ക് നിര്‍മ്മാണ സംരംഭങ്ങള്‍ക്ക് അടുത്തകാലത്തൊന്നും വലിയ നഷ്ടം സംഭവിക്കാനുള്ള സാധ്യതയില്ല.ധൈര്യമായി പുതിയ ആളുകള്‍ക്കും തുടങ്ങാവുന്ന ചെറുകിട സംരംഭ മേഖലയായി മാസ്‌ക് നിര്‍മ്മാണം മാറിയിട്ടുണ്ട്.

കോവിഡ് കാലത്താണ് കേരളത്തിലടക്കം മാസ്‌ക് നിര്‍മ്മാണ സംരംഭങ്ങള്‍ പ്രസക്തമായി മാറുന്നത്.ഇതിനു പുറമെ സാനിറ്റൈസറും സാനിറ്റൈസര്‍ ഡിസ്‌പെന്‍സറും അണുനശീകരണ വസ്തുക്കളും ഒക്കെ വലിയ ലാഭം നേടിത്തരുന്ന ബിസിനസുകളായി മാറി.


വൈറസിന്റെ സാന്നിദ്ധ്യം അടുത്തകാലത്തെങ്ങും വിട്ടുപോകില്ല എന്നുള്ള തിരിച്ചറിവിലാണ് മലയാളികള്‍. അതുകൊണ്ട് തന്നെ സുരക്ഷ ഒരുക്കുന്ന വസ്തുക്കളുടെ ഉപഭോഗവും വര്‍ദ്ധിക്കും. തുണിയില്‍ നിര്‍മ്മിച്ച മാസ്‌കുകളുടെ വിശ്വസ്തത ചോദ്യം ചെയ്യപ്പെട്ടതോടെ ഡിസ്‌പോസിബിള്‍ സര്‍ജിക്കല്‍ മാസ്‌കുകളിലേക്ക് ഉപഭോഗം മാറി. മാസ്‌കുകള്‍ ജീവിതരീതിയുടെ തന്നെ ഭാഗമായിക്കഴിഞ്ഞതും മാസ്‌ക് ധരിക്കുന്നതിന്റെ ഗുണഫലങ്ങള്‍ ജനങ്ങള്‍ മനസ്സിലാക്കി കഴിഞ്ഞതുംകൊണ്ട് മഹാമാരിക്കാലം കഴിഞ്ഞാലും മാസ്‌കിന്റെ ഉപയോഗം തുടരുക തന്നെ ചെയ്യും.


സൂക്ഷ്മ വ്യാപികളായ വൈറസുകളെ പ്രതിരോധിക്കുന്നതിനൊപ്പം തന്നെ വായു മലിനീകരണത്തില്‍ നിന്ന് രക്ഷനേടുന്നതിനും മാസ്‌കുകള്‍ ഉപകരിക്കുന്നു. നിലവില്‍ മാസ്‌കുകള്‍ക്കായി അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഉപഭോഗം വര്‍ദ്ധിച്ചതിനൊപ്പം നാട്ടില്‍ തന്നെ ഉല്പാദനവും വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചാല്‍ ഈ ഇനത്തില്‍ അന്യസംസ്ഥാനങ്ങളിലേക്കുള്ള പണമൊഴുക്ക് തടയാന്‍ സാധിക്കും. ചെറിയ മുതല്‍ മുടക്കില്‍ ഓട്ടോമാറ്റിക് യന്ത്രം ഉപയോഗിച്ച് സര്‍ജിക്കല്‍ മാസ്‌ക് നിര്‍മ്മാണം ആരംഭിക്കാം. നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളായ പോളിപ്രൊപ്പലിന്‍ ഷീറ്റുകള്‍ സുലഭമായി ലഭിക്കും.


സ്പണ്‍ ബോണ്‍ഡ് പോളി പ്രൊപ്പലിന്‍, തെര്‍മല്‍ ബോണ്‍ഡ് പോളിപ്രൊപ്പലിന്‍ എന്നിവയാണ് പ്രധാനമായും സര്‍ജിക്കല്‍ മാസ്‌ക് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍. 3 ലയര്‍ മാസ്‌കുകളില്‍ നീലയും നീലകലര്‍ന്ന വെള്ള നിറത്തോടുകൂടിയതുമായ സ്പെണ്‍ ബോണ്‍ഡ് പോളിപ്രൊപ്പലീന്‍ മെറ്റീരിയലുകള്‍ പുറം വശങ്ങളില്‍ ഉപയോഗിക്കും. തെര്‍മല്‍ ബോണ്‍ഡ് പോളിപ്രൊപ്പലിന്‍ ഉള്ളിലും ഉപയോഗിക്കും. ഓട്ടോമാറ്റിക്ക് യന്ത്രത്തില്‍ അസംസ്‌കൃത വസ്തുക്കളുടെ റോളുകള്‍ ലോഡ് ചെയ്യും. ഒപ്പം നോസ് ബ്രിഡ്ജ് റോളും ലോഡ് ചെയ്യും. തുടര്‍ന്ന് യന്ത്രത്തിന്റെ വേഗത ക്രമീകരിച്ചാല്‍ മാസ്‌ക് നിര്‍മ്മാണം ആരംഭിക്കാം. 3 ലയര്‍ മാസ്‌ക്കില്‍ നോസ് ബ്രിഡ്ജ് ചേര്‍ത്ത് വച്ച് പുറത്തുവരുന്‌പോള്‍ ഇയര്‍ ലൂപ്പ് വെല്‍ഡിംഗ് യന്ത്രത്തിന്റെ സഹായത്തോടെ ഇലാസ്റ്റിക് ഇയര്‍ ലൂപ്പുകള്‍ ഘടിപ്പിക്കും. തുടര്‍ന്ന് സ്റ്റെറിലൈസേഷന്‍ നടത്തി പായ്ക്ക് ചെയ്യാം. മിനിറ്റില്‍ 150 മാസ്‌ക്കുവരെ നിര്‍മ്മിക്കുന്ന യന്ത്രങ്ങള്‍ ലഭ്യമാണ്.

മൂലധന നിക്ഷേപത്തെ അടിസ്ഥാനമാക്കി വ്യാവസായ വകുപ്പ് സബ്‌സിഡി നല്‍കുന്നുണ്ട്.ഉദ്യോഗ് രജിസ്‌ട്രേഷന്‍,ജിഎസ്ടി,കെ-സ്വിഫ്റ്റ് രജിസ്‌ട്രേഷന്‍ എന്നിവ നേടി സംരംഭം പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

പ്രതിദിനം 50000 മാസ്‌കുകള്‍ വരെ നിര്‍മ്മിക്കുന്നെങ്കില്‍ അത് വിറ്റഴിക്കുന്നതിലൂടെ അരലക്ഷത്തോളം രൂപ ലാഭം നേടാന്‍ സാധിക്കും.വിവിധ സ്ഥാപനങ്ങള്‍ ഇപ്പോള്‍ സര്‍ജ്ജിക്കല്‍ മാസ്‌ക് നിര്‍മ്മാണ സാങ്കേതിക വിദ്യയും പരിശീലനവും നല്‍കുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.