- Trending Now:
ബിസിനസുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉത്തരവാദിത്വം കുറവ് ജോലിക്കാണ്. ബിസിനസില്‍ നിങ്ങള്‍ക്ക് ഒന്നില്‍ നിന്നും ഒളിച്ചോടാന്‍ സാധിക്കില്ല
ബിസിനസ് ചെയ്യാന്‍ താല്‍പര്യമുണ്ട്. പക്ഷേ ആശയക്കുഴപ്പം ആണ്. ജോലി ചെയ്യണോ? ബിസിനസ് ചെയ്യണോ ? എന്ന കാര്യത്തില്‍. അത്തരം ആളുകള്‍ തീരുമാനമെടുക്കും മുമ്പ് പരിഗണിക്കേണ്ട അഞ്ച് കാര്യങ്ങള്‍ ഇതാ.
സാമ്പത്തിക ശേഷി
ബിസിനസ് ആരംഭിച്ച് അടുത്ത ദിവസം മുതല്‍ അതില്‍ നിന്ന് ലാഭം വേണമെന്ന് ചിന്തിക്കരുത്. ബിസിനസുമായി ബന്ധപ്പെട്ട് ഒരുപാട് ചെലവുകള്‍ ഉണ്ടാകാം. ബാധ്യതകള്‍ ഉണ്ടാകാം.ലോണുകള്‍ ഉണ്ടാകാം. ഇതെല്ലാം തീര്‍ത്ത് ബാക്കി ലഭിക്കുന്നതാണ് നിങ്ങളുടെ ലാഭം എന്നത്. അതിനാല്‍ അത്തരം ലാഭം ലഭിക്കാന്‍ മാസങ്ങള്‍ എടുത്തെന്ന് വരാം. അത്രയും കാലം നിങ്ങള്‍ക്ക് ജീവിക്കാനും വീട്ടുകാരെ നോക്കാനുമുള്ള പണം നിങ്ങളുടെ കൈയ്യിലോ കുടുംബത്തിലോ ഉണ്ടോ? ഉണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ബിസിനസ് തിരഞ്ഞെടുക്കാം. നിങ്ങള്‍ക്ക് വരുമാനം ഇല്ല. ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയുന്നില്ല എന്നാണെങ്കില്‍ നിങ്ങള്‍ക്ക് ജോലിയാണ് നല്ലത്. എന്നാല്‍ ബിസിനസ് ചെയ്യാന്‍ അതിയായി ആഗ്രഹിക്കുന്ന ഒരാളാണെങ്കില്‍ സാമ്പത്തിക നില മെച്ചപ്പെടുന്നതിന് അനുസരിച്ച് നിങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കാം.
പ്രായം
35 വയസിന് താഴെയാണ് നിങ്ങളുടെ പ്രായമെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് റിസ്‌ക് എടുക്കാന്‍ കഴിയുന്ന പ്രായമാണ്. കാരണം ബിസിനസ് ചിലപ്പോള്‍ പരാജയപ്പെട്ടാലും നിങ്ങള്‍ക്ക് ജോലിയിലേക്ക് തിരിച്ച് പോകാം. 35 വയസ് കഴിഞ്ഞാല്‍ ജോലി ലഭിക്കാന്‍ ബുദ്ധിമുട്ടാകും എന്ന കാരണത്താല്‍ ബിസിനസ് തന്നെ ചെയ്യാന്‍ നിങ്ങള്‍ നിര്‍ബന്ധിതരാകും. അത്തരം ആളുകള്‍ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുക. ക്രമേണ സംരംഭം വളര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കും.
അപകട സാധ്യത, സുരക്ഷിതത്വം
അധികം ആഗ്രഹങ്ങളൊന്നും ഇല്ല. ജീവിതം ഒരേ രീതിയില്‍ മുന്നോട്ട് പോയാല്‍ മതി. കൂടുതല്‍ ഉയര്‍ച്ചയൊന്നും ആഗ്രഹിക്കുന്നില്ല. അങ്ങനെയുള്ള റിസ്‌ക് എടുക്കാന്‍ ഭയക്കുന്ന സുരക്ഷിതത്വം ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ ജോലിയായിരിക്കും ഉത്തമം. എന്നാല്‍ റിസ്‌ക് എടുക്കാന്‍ തയ്യാറാണെങ്കില്‍ ആത്മവിശ്വാസം ഉണ്ടെങ്കില്‍ വളരണമെന്ന് അതിയായ ആഗ്രഹം ഉണ്ടെങ്കില്‍ തീര്‍ച്ചയായും ജോലിയെക്കാള്‍ നല്ലത് ബിസിനസ് തന്നെയാണ്.
പരിശ്രമം
സ്വന്തം ആഗ്രഹത്തിന് വേണ്ടി എത്രത്തോളം പണിയെടുക്കാന്‍ തയ്യാറാണ് നിങ്ങള്‍. കുറച്ചൊക്കെ പണിയെടുക്കാം, പക്ഷേ മാസത്തില്‍ ഇത്രയും വരുമാനം ലഭിക്കണം എന്നാണെങ്കില്‍ ജോലി ചെയ്യുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. പക്ഷേ എന്തും സഹിച്ച് പണിയെടുക്കാന്‍ തയ്യാറാണെങ്കില്‍ പണിയെടുത്ത് ബിസിനസിനെ മുന്നോട്ട് കൊണ്ടുവരാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടെങ്കില്‍ അതിനുള്ള പ്രാപ്തി നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ബിസിനസ് ചെയ്യാനാകും.
ഉത്തരവാദിത്വം
ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുള്ള ആളാണെങ്കില്‍ ജോലി ചെയ്യുന്നതാണ് നല്ലത്. കാരണം ബിസിനസുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉത്തരവാദിത്വം കുറവ് ജോലിക്കാണ്. ബിസിനസില്‍ നിങ്ങള്‍ക്ക് ഒന്നില്‍ നിന്നും ഒളിച്ചോടാന്‍ സാധിക്കില്ല. ബിസിനസുപരമായി എല്ലാകാര്യത്തിലും നിങ്ങള്‍ക്ക് ഉത്തരവാദിത്വം വേണം. ജോലിക്കാരുടെ കാര്യത്തില്‍, ധനപരമായ കാര്യത്തില്‍, മാര്‍ക്കറ്റിങിന്റെ കാര്യത്തില്‍, ഉപഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതില്‍ തുടങ്ങി നിരവധി കാര്യത്തില്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാണെങ്കില്‍ ധൈര്യമായി നിങ്ങള്‍ക്ക് ബിസിനസ് തിരഞ്ഞെടുക്കാം.
ഈ അഞ്ച് കാര്യങ്ങളാണ് ബിസിനസ് ആരംഭിക്കണോ വേണ്ടയോ എന്നു ചിന്തിക്കുമ്പോള്‍ പ്രാഥമികമായി പരിഗണിക്കേണ്ടത്. എന്നാല്‍ ഈ രണ്ടു സാഹചര്യങ്ങളിലും ഉള്‍പ്പെടാത്ത ഒരു വിഭാഗം ഉണ്ട്. ജോലി ചെയ്യാന്‍ പറ്റുന്നില്ല, ജോലി ലഭിക്കുന്നില്ല എന്ന കാരണത്താല്‍ വിഷമിക്കുന്നവര്‍. അത്തരം ആളുകള്‍ക്ക് സ്വയം തൊഴില്‍ ചെയ്ത് വരുമാനം ഉണ്ടാക്കാവുന്നതാണ്. ചെറിയ രീതിയില്‍ വീട്ടില്‍ ചെയ്യാവുന്ന സ്വയം തൊഴില്‍ ആശയങ്ങള്‍ ഉണ്ട്. ചെറിയ ആശയങ്ങളാണെങ്കിലും കേട്ടുപഴകിയ ആശയങ്ങളാണെങ്കിലും കുഴപ്പമില്ല നിങ്ങളുടെ നാട്ടില്‍ ആ സ്വയം തൊഴിലിന് ഡിമാന്റ് ഉണ്ടെങ്കില്‍ അത്തരത്തിലുള്ള ആശയങ്ങളുമായി നിങ്ങള്‍ക്ക് മുന്നോട്ട് പോകാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.