Sections

പണം സൂക്ഷിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗമായ ഓട്ടോ സ്വീപ്പ് അക്കൗണ്ട് സംവിധാനത്തെക്കുറിച്ച് അറിയാമോ? 

Wednesday, Sep 08, 2021
Reported By Aswathi Nurichan
bank deposite

ഭാവിയില്‍ പണത്തിന് എന്തെങ്കിലും അത്യാവശ്യം വരുമ്പോള്‍ സേവിംഗ്‌സ് അക്കൗണ്ടിന്റെ തുക തികയുന്നില്ലെങ്കില്‍ ഫിക്‌സിഡ് ഡെപ്പോസിറ്റില്‍ നിന്നും പിഴകളൊന്നും ഒടുക്കാതെ തന്നെ പണം പിന്‍വലിക്കാന്‍ സാധിക്കും


ബാങ്കുകളില്‍ സേവിംഗ്‌സ് ഡെപ്പോസിറ്റായി പണം സൂക്ഷിക്കുമ്പോഴുള്ള പ്രധാന പ്രശ്‌നം ബാങ്കുകള്‍ നല്‍കുന്ന വളരെ പരിമിതമായ പലിശ നിരക്കാണ്.  അതേസമയം ബാങ്കില്‍ എഫ്ഡിയായി പണം നിക്ഷേപിക്കാമെന്നു വച്ചാല്‍ എന്തെങ്കിലും അത്യാവശ്യം വന്നാല്‍ പണം പിന്‍വലിക്കുന്നതില്‍ ബുദ്ധിമുട്ടു നേരിടും എന്നതാണ് മറ്റൊരു പ്രശ്‌നം. ഈ രണ്ടു പ്രശ്‌നങ്ങളും പരിഹരിക്കുന്ന ബാങ്കുകളുടെ ഓട്ടോ സ്വീപ്പ് അക്കൗണ്ട് സംവിധാനത്തെ കുറിച്ച് അറിയാം.

ബാങ്കുകളുടെ സേവിംഗ്‌സ് അക്കൗണ്ടിന്റെയും ഫിക്‌സ്ഡ് ഡെപ്പോസിറ്റ് അക്കൗണ്ടിന്റെയും ഒരു കോമ്പിനേഷനാണ് ഓട്ടോ സ്വീപ്പ് അക്കൗണ്ട്. സേവിംഗ്സ് അക്കൗണ്ടിന്റെയും ഫിക്‌സിഡ് ഡെപ്പോസിറ്റ് അക്കൗണ്ടിന്റെയും എല്ലാവിധ ഗുണങ്ങളും ചേര്‍ന്ന ഒരു തരം അക്കൗണ്ടുകളാണ് ഓട്ടോ സ്വീപ്പ് അക്കൗണ്ട് എന്നുള്ളത്. ബാങ്കുകളില്‍ ഓട്ടോ സ്വീപ്പ് അക്കൗണ്ട് തുടങ്ങിയാല്‍ സേവിംഗ്‌സ് ഡെപ്പോസിറ്റ് അക്കൗണ്ട് ഫിക്‌സിഡ് ഡെപ്പോസിറ്റ് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കപ്പെടും. അതിനുശേഷം സേവിംഗ്‌സ് അക്കൗണ്ടിന് ഒരു പരിധി സെറ്റ് ചെയ്യണം.

ഉദാഹരണമായി, 10000 രൂപയാണ് സേവിംഗ്‌സ് ഡെപ്പോസിറ്റിന്റെ പരിധിയായി നിശ്ചയിക്കുന്നതെങ്കില്‍ 10000 രൂപയില്‍ കൂടുതല്‍ തുക സേവിംഗ്‌സ് അക്കൗണ്ടിലേക്ക് വരുകയാണെങ്കില്‍ കൂടുതല്‍ ഉള്ള തുക ഫിക്‌സിഡ് ഡെപ്പോസിറ്റിലേക്ക് ഓട്ടോമാറ്റിക്കലി ട്രാന്‍ഫര്‍ ചെയ്യുന്നതയാണ് ഓട്ടോ സ്വീപ്പ് അക്കൗണ്ടുകളുടെ പ്രക്രിയ.

ഫിക്‌സിഡ് ഡെപ്പോസിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ സേവിംഗ്‌സ് അക്കൗണ്ടിന് വളരെ പരിമിതമായ പലിശ നിരക്കാണ്. അതിനാല്‍ അനാവശ്യമായി കൂടുതല്‍ പണം സേവിംഗ്‌സ് അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ട ആവശ്യമില്ല. അതുകൊണ്ട് തന്നെ കൂടുതല്‍ പണം സേവിംഗ്‌സ് അക്കൗണ്ടിലേക്ക് വരുമ്പോള്‍ ഒരു പരിധിക്കപ്പുറമുള്ള തുക ഫിക്‌സിഡ് ഡെപ്പോസിറ്റിലേക്ക് മാറ്റുകയാണെങ്കില്‍ ഫിക്‌സിഡ് ഡെപ്പോസിറ്റിന്റെ കൂടിയ പലിശ നിരക്ക് അത്തരത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്ന പണത്തിന് ലഭിക്കുമെന്നതാണ് ഓട്ടോ സ്വീപ്പ് അക്കൗണ്ടിന്റെ പ്രധാന പ്രത്യേകത.

ഭാവിയില്‍ പണത്തിന് എന്തെങ്കിലും അത്യാവശ്യം വരുമ്പോള്‍ സേവിംഗ്‌സ് അക്കൗണ്ടിന്റെ തുക തികയുന്നില്ലെങ്കില്‍ ഫിക്‌സിഡ് ഡെപ്പോസിറ്റില്‍ നിന്നും പിഴകളൊന്നും ഒടുക്കാതെ തന്നെ പണം പിന്‍വലിക്കാന്‍ സാധിക്കും. കൂടാതെ എമര്‍ജന്‍സി ഫണ്ട് ഉണ്ടാക്കുന്നതിനായി ഇത്തരത്തില്‍ ഓട്ടോ സ്വീപ്പ് അക്കൗണ്ട് സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്. 

ഇത് ബാങ്കിന്റെ ഫ്‌ലക്‌സി അക്കൗണ്ടുമായി സാമ്യമുള്ള ഒരു അക്കൗണ്ടാണ്. എന്നാല്‍ ഫ്‌ലക്‌സി അക്കൗണ്ടുകളില്‍ ഫിക്‌സിഡ് അക്കൗണ്ടുകളിലേക്ക് മാനുവലി പണം നിക്ഷേപിക്കണ്ടതുണ്ട്. പക്ഷേ ഓട്ടോ സ്വീപ്പ് സംവിധാനത്തില്‍ കൂടുതലുള്ള പണം ഓട്ടോമാറ്റിക്കലി തന്നെ സേവിംഗ്‌സ അക്കൗണ്ടില്‍ നിന്ന ഫിക്‌സിഡ് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്നതാണ്. 

എസ്ബിഐ, എച്ച്ഡിഎഫ്‌സി,കോട്ടക് തുടങ്ങി രാജ്യത്തെ പ്രമുഖ ബാങ്കുകളെല്ലാം ഇത്തരത്തിലെ ഓട്ടോ സ്വീപ്പ് സംവിധാനം നല്‍കുന്നുണ്ട്. എന്നാല്‍ പല ബാങ്കുകളും പല രീതിയിലാണ് ഇത്തരം അക്കൗണ്ടുകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. സാധാരണയായി ഫിക്‌സിഡ് ഡെപ്പോസിറ്റില്‍ 25,000 രൂപയെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ഓട്ടോ സ്വീപ്പ് അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കൂ. ഓരോ ബാങ്കുകളിലും വ്യത്യസ്ത വ്യവസ്ഥകളാണ് ഈ സംവിധാനത്തിനുള്ളത്. നിങ്ങളുടെ ബാങ്കുകളുടെ നിയമാവലികള്‍ മനസിലാക്കിയതിന് ശേഷം ഉപാകാര പ്രദമാകുമെന്ന് തോന്നിയാല്‍ മാത്രം ഓട്ടോ സ്വീപ്പ് അക്കൗണ്ടുകള്‍ ആരംഭിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.