- Trending Now:
ഓരോ മൂന്നുമാസം കൂടുമ്പോഴും പദ്ധതിയുടെ നിര്‍മാണ പുരോഗതി ഡെവലപ്പര്‍മാര്‍ പോര്‍ട്ടലില്‍ ലഭ്യമാക്കണം. വീഴ്ച വരുത്തിയാല്‍ ഏഴു ദിവസത്തിനുള്ളില്‍ അവരുടെ പേരടക്കമുള്ള വിശദാംശങ്ങള്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും
കേരളത്തില്‍ അനുദിനം വളര്‍ന്നു വരുന്ന മേഖലയാണ് റിയല്‍ എസ്റ്റേറ്റ്. വസ്തുവിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭിക്കാത്തതിനാലും പിഴവ് പറ്റാന്‍ സാധ്യതയുണ്ടെന്ന കാരണത്താലും പൊതുജനങ്ങള്‍ വളരെയധികം കഷ്ടപ്പെടാറുണ്ട്. എന്നാല്‍ ഇതിന് നൂതന പരിഹാരവുമായി മുന്നോട്ട് വന്നിരിക്കുകയാണ് കേരള സര്‍ക്കാര്‍. ഇനി ഒറ്റ ക്ലിക്കില്‍ റിയല്‍ എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട എല്ലാ പദ്ധതിയുടെയും വിശദാംശങ്ങള്‍ നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും.
കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ(റെറ)യുടെ നേതൃത്വത്തിലാണ് വെബ് പോര്‍ട്ടല്‍ ആരംഭിച്ചത്. റെറയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ റിയല്‍ എസ്റ്റേറ്റ് പദ്ധതികളുടേയും വിശദാംശങ്ങളും നിര്‍മാണ പുരോഗതിയും ഇനിമുതല്‍ ഈ വെബ്‌പോര്‍ട്ടല്‍ വഴി അറിയാനാകും. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ കഴിയുന്നത്ര സുതാര്യത ഉറപ്പാക്കാനാണ് വെബ്‌പോര്‍ട്ടല്‍ സജ്ജമാക്കിയതിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
രജിസ്റ്റര്‍ ചെയ്ത പദ്ധതികളുടേയും ഭൂമിയുടെയും രേഖകളും നിയമപ്രകാരമുള്ള അനുമതികളുമെല്ലാം പോര്‍ട്ടലിലൂടെ (rera.kerala.gov.in) ലഭ്യമാകും. ഓരോ മൂന്നുമാസം കൂടുമ്പോഴും പദ്ധതിയുടെ നിര്‍മാണ പുരോഗതി ഡെവലപ്പര്‍മാര്‍ പോര്‍ട്ടലില്‍ ലഭ്യമാക്കണം. വീഴ്ച വരുത്തിയാല്‍ ഏഴു ദിവസത്തിനുള്ളില്‍ അവരുടെ പേരടക്കമുള്ള വിശദാംശങ്ങള്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും.
ഇത് പദ്ധതികളുടേയും റിയല്‍ എസ്റ്റേറ്റ് കമ്പനികളുടേയും സല്‍പേരിനെ ബാധിക്കുമെന്നതിനാല്‍ പോര്‍ട്ടല്‍ വഴി കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു. ഫ്‌ളാറ്റുകളും വില്ലകളും വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും അഡ്വാന്‍സ് നല്‍കിയവര്‍ക്കും വായ്പ നല്‍കുന്ന ബാങ്കുകള്‍ക്കും എല്ലാം ഏറെ ഉപകാരപ്രദമായ ഒന്നാണ് വെബ് പോര്‍ട്ടല്‍.
ഏതെങ്കിലും പദ്ധതിയെപ്പറ്റി അറിയാനാഗ്രഹിക്കുന്നവര്‍ക്ക് വളരെ ലളിതമായ തെരച്ചിലിലൂടെത്തന്നെ പോര്‍ട്ടലില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാകും. ഡെവലപ്പര്‍മാരുടെ ഇതുവരെയുള്ള പ്രവര്‍ത്തനചരിത്രവും അവര്‍ക്കെതിരെ എന്തെങ്കിലും നിയമനടപടികളുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങളുമെല്ലാം പോര്‍ട്ടലില്‍ ലഭ്യമാകുന്നതോടെ ഉപഭോക്താക്കള്‍ തട്ടിപ്പുകളില്‍ വീഴുകയില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.