Sections

സാധാരണക്കാര്‍ക്ക് റിസ്‌കില്ലാതെ നിക്ഷേപിക്കാന്‍ പോസ്റ്റോഫീസ് മന്തിലി ഇന്‍കം സ്‌കീം

Wednesday, Sep 01, 2021
Reported By Aswathi Nurichan
post office

പോസ്റ്റ് ഓഫീസുകള്‍ വഴി നടപ്പിലാക്കുന്ന മന്ത്ലി ഇന്‍കം സേവര്‍ പദ്ധതിയുടെ ആനുകൂല്യം നിരവധി പേര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് രൂപീകരിച്ചിട്ടുള്ളത്


കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജോലികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എല്ലാകാലത്തും ഒരു കൃത്യമായ വരുമാനം നേടാന്‍ സാധിക്കുന്നതാണ്. സാധാരണക്കാരായ ജനങ്ങളെ സംബന്ധിച്ചിടത്തോളം മാസം ഒരു കൃത്യമായ തുക ലഭിക്കുക എന്നത് പലപ്പോഴും ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. ഇതിന് പരിഹാരമെന്നോണം കേന്ദ്രസര്‍ക്കാര്‍ പോസ്റ്റ് ഓഫീസുകള്‍ വഴി പുറത്തിറക്കിയിട്ടുള്ള ഒരു പദ്ധതിയാണ് 'മന്തിലി ഇന്‍കം സ്‌കീം ' അല്ലെങ്കില്‍ MIS എന്ന് അറിയപ്പെടുന്ന പദ്ധതി. 

പോസ്റ്റ് ഓഫീസുകള്‍ വഴി നടപ്പിലാക്കുന്ന മന്ത്ലി ഇന്‍കം സേവര്‍ പദ്ധതിയുടെ ആനുകൂല്യം നിരവധി പേര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് രൂപീകരിച്ചിട്ടുള്ളത്. ഒരാള്‍ക്ക് മാത്രമായോ ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് ഒരുമിച്ച് ചേര്‍ന്നോ പദ്ധതിയില്‍ അംഗത്വം എടുക്കാവുന്നതാണ്. ജോയിന്റ് അക്കൗണ്ട് ആണ് തിരഞ്ഞെടുക്കുന്നത് എങ്കില്‍ പരമാവധി മൂന്ന് പേര്‍ക്കാണ് അംഗത്വം ലഭിക്കുക.

അതല്ല ഒരു വ്യക്തി തനിച്ചാണ് അംഗത്വം എടുക്കുന്നത് എങ്കില്‍ പരമാവധി നിക്ഷേപം നടത്താന്‍ സാധിക്കുന്ന തുക 4.5 ലക്ഷം രൂപയാണ്. ജോയിന്റ് അക്കൗണ്ടില്‍ രണ്ടോ മൂന്നോ പേര്‍ ഒരുമിച്ച് അക്കൗണ്ട് ഓപ്പണ്‍ ചെയ്യുമ്പോള്‍ ഒമ്പത് ലക്ഷം രൂപ വരെ നിക്ഷേപം നടത്താന്‍ സാധിക്കുന്നതാണ്. അഞ്ചുവര്‍ഷമാണ് തുക മെച്യൂരിറ്റി കാലയളവ് ആയി പറയുന്നത്. അതിനുമുമ്പ് ക്ലോസ് ചെയ്യണം എങ്കില്‍ അക്കൗണ്ട് തുടങ്ങി മൂന്നുവര്‍ഷത്തിനുശേഷം ചെയ്യാവുന്നതാണ്.

നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശ നിരക്ക് ആയി പറയുന്നത് 6.6% ആണ്. കേന്ദ്രസര്‍ക്കാറിന് കീഴില്‍ ഉള്ള ഒരു പദ്ധതി ആയതുകൊണ്ട് തന്നെ കൂടുതല്‍ സുരക്ഷിതത്വം ലഭിക്കുമെന്നത് സാധാരണക്കാരെ ഇത്തരമൊരു പദ്ധതിയിലേക്ക് കൂടുതലായി ആകര്‍ഷിക്കുന്നുണ്ട്. മുന്‍ കാലങ്ങളില്‍ 7.3% വരെ പലിശ നിരക്ക് ലഭ്യമായിരുന്നു. 

മിനിമം നിക്ഷേപമായി നല്‍കേണ്ടത് ആയിരം രൂപയാണ്. തുടര്‍ന്നുള്ള നിക്ഷേപങ്ങളില്‍ 100,1000 എന്നിവയുടെ ഗുണിതങ്ങള്‍ ആയാണ് നിക്ഷേപം നടത്തേണ്ടത്. ഒരു വ്യക്തി 4.5 ലക്ഷം രൂപ വരെ നിക്ഷേപം നടത്തുകയാണ് എങ്കില്‍ മെച്യൂരിറ്റി പീരിയഡിന് ശേഷം എല്ലാമാസവും ഒരു നിശ്ചിത തുക നേടാവുന്നതാണ്. നിലവില്‍ നിക്ഷേപിക്കുന്ന തുക ഇരട്ടിയായി ലഭിക്കണമെങ്കില്‍ 10.9 വര്‍ഷമാണ് കാലാവധി ആയി ഉള്ളത്.

പോസ്റ്റോഫീസ് മന്ത്ലി ഇന്‍കം സ്‌കീമില്‍ അംഗത്വം എടുത്താല്‍ ഒരു ലക്ഷം രൂപ നിക്ഷേപം നടത്തുന്നതിലൂടെ എല്ലാമാസവും 550 രൂപയാണ് പെന്‍ഷന്‍ തുകയായി ലഭിക്കുക. 4.5 ലക്ഷം രൂപയാണ് നിക്ഷേപം നടത്തുന്നത് എങ്കില്‍ എല്ലാ മാസവും ലഭിക്കുന്ന പെന്‍ഷന്‍ തുക 2475 രൂപ വീതം ആയിരിക്കും. അതായത് ഒരു വര്‍ഷം 29000 രൂപയുടെ അടുത്ത് പെന്‍ഷനായി നേടാന്‍ സാധിക്കും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.