Sections

മാറുന്ന കാലത്തിനനുസരിച്ച് പുതിയ വായ്പാ രീതികളുമായി ധനകാര്യ കമ്പനികള്‍

Thursday, Nov 18, 2021
Reported By Admin
interest

നിങ്ങളുടെ നിക്ഷേപ തുക പല ചെറു തുകകളായി വിഭജിച്ച് പല വ്യക്തികള്‍ക്കാണ് വായ്പാ പ്ലാറ്റ്‌ഫോമുകള്‍ വായ്പ നല്‍കുന്നത്

 

നിങ്ങളുടെ നിക്ഷേപ തുക വായ്പയായി നല്‍കി നിക്ഷേപത്തില്‍ നിന്നും ഉയര്‍ന്ന പലിശ നിരക്ക് സ്വന്തമാക്കാന്‍ സാധിച്ചാല്‍ നന്നാകില്ലേ? അത്തരത്തിലുള്ള അവസരമൊരുക്കുകയാണ് ക്രെഡിറ്റ് സ്ഥാപനങ്ങള്‍ അഥവാ ഫിന്‍ടെക് കമ്പനികള്‍. പിയര്‍ ടൂ പിയര്‍ അഥവാ പിടുപി എന്നാണ് ഈ പുതിയ രീതിയ്ക്ക് പറയുന്ന പേര്. നിലവില്‍ ഈ രീതി ഏറെ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ക്ക് താത്പര്യമുള്ള എത്ര തുക വേണമെങ്കില്‍ ഇതില്‍ നിങ്ങള്‍ നിക്ഷേപം നടത്താവുന്നതാണ്. സ്വന്തം തുകയില്‍ ഉയര്‍ന്ന പലിശ നേടുവാന്‍ സാധിക്കുമെന്ന സവിശേഷതയാണ് ഇവ കൂടുതല്‍ ജനകീയമായി മാറുന്നതിന് കാരണം. 

അടുത്തിടെ രണ്ട് പ്രമുഖ ഫിന്‍ടെക് കമ്പനികള്‍ പിയര്‍ ടു പിയര്‍ വായ്പാ സംവിധാനം പ്രഖ്യാപിച്ചിരുന്നു. ഫിന്‍ടെക് കമ്പനിയായ ക്രെഡ് അവരുടെ പിടുപി പ്ലാറ്റ്‌ഫോമായ ക്രെഡ് മിന്റ് ലോഞ്ച് ചെയ്യുകയും ചെയ്തു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പിടുപി ബാങ്കിതര ധനകാര്യ സ്ഥാപനമായിട്ടുള്ള ലിക്വിഡ് ലോണ്‍സുമായി ചേര്‍ന്നാണ് ക്രെഡ് മിന്റ് ഇടപാടുകള്‍ നടത്തുക. അതേ സമയം പിടുപി വായ്പാ സംരംഭം ആരംഭിക്കുവാന്‍ ഭാരത് പേയും തയ്യാറെടുക്കുകയാണ്. 12% ക്ലബ് എന്ന അപ്ലിക്കേഷനിലൂടെയായിരിക്കും ഭാരത് പേയുടെ പിടുപി വായ്പാ സംവിധാനം നടപ്പാക്കുന്നത്.

പ്ലാറ്റ്‌ഫോമുകള്‍

വായ്പാ പ്ലാറ്റ്‌ഫോമുകള്‍ വായ്പയായി നല്‍കുന്ന തുകയ്ക്ക് മേല്‍ സുരക്ഷിതത്വം നല്‍കുകയില്ല. എന്നാല്‍ വായ്പ തുക സുരക്ഷിതമാക്കുവാനുള്ള പല തരത്തിലുള്ള നടപടികള്‍ പ്ലാറ്റ്‌ഫോമുകള്‍ സ്വീകരിക്കുന്നുണ്ട്. അതായത് തിരിച്ചടവ് വീഴ്ചാ സാധ്യത പരമാവധി കുറഞ്ഞ വ്യക്തികള്‍ക്കാണ് വായ്പ പ്ലാറ്റ്‌ഫോമുകള്‍ വായ്പകള്‍ നല്‍കുന്നത്. അതു കൂടാതെ, നിങ്ങളുടെ നിക്ഷേപ തുക പല ചെറു തുകകളായി വിഭജിച്ച് പല വ്യക്തികള്‍ക്കാണ് വായ്പാ പ്ലാറ്റ്‌ഫോമുകള്‍ വായ്പ നല്‍കുന്നത്. അതുവഴി റിസ്‌ക് സാധ്യത വലിയ അളവില്‍ കുറയ്ക്കുവാനും സാധിക്കും.

ഉയര്‍ന്ന പലിശ

പിടുപി പ്ലാറ്റ്‌ഫോമുകളിലെ വായ്പാ ദാതാക്കള്‍ക്ക് ഉയര്‍ന്ന നിരക്കിലുള്ള പലിശാദായം നേടുവാനുള്ള അവസരമാണുള്ളത്. ഭാരത് പേ പറയുന്നത് വായ്പാ ദാതാക്കള്‍ക്ക് പ്രതിവര്‍ഷം 12 ശതമാനം നിരക്കില്‍ ആദായം ലഭിക്കുമെന്നാണ്. അതേ സമയം തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലെ വായ്പാ ദാതാക്കള്‍ക്ക് 9 ശതമാനം വരെ ആദായം ലഭിക്കുമെന്നാണ് ക്രെഡ് അവകാശപ്പെടുന്നത്. തങ്ങളുടെ പ്ലാറ്റ്‌ഫോമിലെ വായ്പാ ദാതാക്കള്‍ക്ക് അനായാസം 10 മുതല്‍ 12 ശതമാനം വരെ വാര്‍ഷിക ആദായം ലഭ്യമാകുമെന്ന് ട്രാന്‍സാക്ഷന്‍ ക്ലബ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും, സഹ സ്ഥാപകനുമായ ഭവിന്‍ പട്ടേല്‍ പറയുന്നു.

സാധാരണയായി താഴ്ന്ന ക്രെഡിറ്റ് സ്‌കോള്‍ ഉള്ള, മറ്റ് സ്ഥലങ്ങളില്‍ നിന്നും വായ്പ ലഭിക്കുവാന്‍ പ്രയാസപ്പെടുന്ന വ്യക്തികളായിരിക്കും ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ വായ്പയ്ക്കായി അന്വേഷിച്ചു വരുന്നവരില്‍ കൂടുതലും. ഇക്കാരണം കൊണ്ടാണ് ഉയര്‍ന്ന പലിശ നല്‍കിയും വായ്പ എടുക്കുവാന്‍ അവര്‍ തയ്യാറാകുന്നതും. എന്നാല്‍ അത്തരം ഉപഭോക്താക്കളില്‍ നിന്നും വായ്പാ തിരിച്ചടവില്‍ വീഴ്ച വരുവാനുള്ള സാധ്യതകളും ഏറെയാണ്. അതിനാല്‍ തന്നെ വലിയ അളവില്‍ റിസ്‌ക് എടുക്കുവാന്‍ താത്പര്യമുള്ളവര്‍ മാത്രം ഇത്തരം പ്ലാറ്റ്‌ഫോമുകളിലെ നിക്ഷേപത്തിന് തയ്യാറെടുക്കുക.

ഉപഭോക്താക്കള്‍ക്ക് വായ്പ നല്‍കാനാവശ്യമായ തുക ബാങ്കുകള്‍ കണ്ടെത്തുന്നത് നാം നടത്തുന്ന നിക്ഷേപങ്ങളിലൂടെയാണ്. ബാങ്കുകളില്‍ നിക്ഷേപം നടത്തുന്ന തുക ആവശ്യക്കാര്‍ക്ക് പല തരത്തിലുള്ള വായ്പകളായി നല്‍കിക്കൊണ്ട് വലിയ ലാഭമാണ് ബാങ്കുകള്‍ സ്വന്തമാക്കുന്നത്. എന്നാല്‍ നാമമാത്രമായ പലിശ നിരക്കാണ് നിക്ഷേപങ്ങള്‍ക്ക് ബാങ്കുകള്‍ ഇപ്പോള്‍ നല്‍കി വരുന്നത് എന്നത് യാഥാര്‍ഥ്യമാണ്. അതുകൊണ്ടാണ് ഇപ്പോള്‍ ക്രെഡിറ്റ് സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ ഫിന്‍ടെക് കമ്പനികള്‍ മുഖേനയുള്ള പിടുപി സംവിധാനത്തിന് മികച്ച സ്വീകാര്യത ലഭിക്കുന്നത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.