Sections

ഉപഭോക്താക്കളേ...ഒക്ടോബര്‍ ഒന്നു മുതല്‍ ഈ ബാങ്കിന്റെ ചെക്കുകള്‍ ഉപയോഗിക്കാനാകില്ല

Saturday, Sep 11, 2021
Reported By Admin
BANK ACCOUNT

പുതിയ ചെക്ക്ബുക്ക് വേണ്ടവര്‍ക്ക് എടിഎം വഴിയോ ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോള്‍ സെന്റര്‍ വഴിയോ ഇതിന് വേണ്ട അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്

 

ബാങ്ക് ഇടപാടുകള്‍ പ്രധാനമായും ഉപയോഗിക്കുന്ന ഒന്നാണ് ബാങ്ക് ചെക്കു ബുക്കുകള്‍. നിരന്തരം സാമ്പത്തിക ഇടപാട് നടത്തുന്നവര്‍ക്ക് ചെക്ക്ബുക്കിന്റെ വില എന്താണെന്ന് പ്രത്യേകം പറഞ്ഞ് കൊടുക്കേണ്ട. എന്നാല്‍ ബാങ്കുകളില്ലെങ്കില്‍ പിന്നെ ചെക്ക്ബുക്കുകള്‍ക്ക് കടലാസിന്റെ വില പോലും കാണില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. രാജ്യത്തെ രണ്ട് ചെക്ക്ബുക്കുകള്‍ക്ക് ഇനി ഇത്തരത്തില്‍ കടലാസ് വില പോലും കാണില്ല. 

രാജ്യത്തെ മുന്‍നിര പൊതുമേഖലാ ധനകാര്യസ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്ക് അതിന്റെ അക്കൗണ്ടുടമകള്‍ക്ക് ചെക്ക് ബുക്ക് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കി. ബാങ്കിന്റെ ട്വീറ്റില്‍, രണ്ട് ലയന ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ അസാധുവാകുമെന്ന് അറിയിച്ചു. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ചെക്ക് ബുക്കുകളാണ് ഒക്ടോബര്‍ ഒന്നു മുതല്‍ അസാധുവാകുക. 

2020 ഏപ്രില്‍ മാസത്തില്‍ ഈ രണ്ട് ബാങ്കുകളും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിപ്പിച്ചിരുന്നു. ലയന നടപടികള്‍ പുരോഗമിക്കുകയായിരുന്നതിനാല്‍ ഈ ബാങ്കുകളുടെ ചെക്ക്ബുക്കുകള്‍ ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കുമായിരുന്നു.
ഒക്ടോബര്‍ ഒന്നു മുതല്‍ ഈ ചെക്കുകളില്‍ ഇടപാടുകള്‍ നടത്താനാവില്ലാത്തതിനാല്‍ പഴയ ചെക്ക് ബുക്കുകള്‍ എത്രയും വേഗം മാറ്റണം. 

ഉപഭോക്താക്കള്‍ക്ക് പുതിയ ചെക്ക്ബുക്കുകള്‍ ഉടന്‍ ലഭ്യമാക്കുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് അറിയിച്ചിട്ടുണ്ട്. പുതിയ ചെക്ക്ബുക്ക് വേണ്ടവര്‍ക്ക് എടിഎം വഴിയോ ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോള്‍ സെന്റര്‍ വഴിയോ ഇതിന് വേണ്ട അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800-180-2222 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടണം. 

ഉത്സവകാല ഓഫറുകളും പിഎന്‍ബി പ്രഖ്യാപിച്ചു. ബാങ്ക് നല്‍കുന്ന എല്ലാ തരത്തിലുള്ള റീട്ടെയ്ല്‍ വായ്പകള്‍ക്കും ഉത്സവ കാലത്ത് സര്‍വീസ് ചാര്‍ജ് ഒഴിവാക്കി. ഭവന-വാഹന വായ്പ, വ്യക്തിഗത വായ്പ, സ്വര്‍ണപ്പണയവായ്പ തുടങ്ങിയവയ്ക്കെല്ലാം ഇത് ബാധകമാണ്. നിസാര കാര്യമാണെന്ന് കരുതി ഇത്തരം കാര്യങ്ങളില്‍ വീഴ്ച വരുത്തിയാല്‍ അത്യാവശ്യ സമയങ്ങളില്‍ അത് ഒരു തലവേദനയായിരിക്കും. അതിനാല്‍ ബാങ്ക് ചെക്ക് മാറുന്നതിനുള്ള എല്ലാ നടപടികളും ഉടന്‍ സ്വീകരിക്കുക.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.