Sections

രാജ്യത്തിന്റെ നട്ടെല്ലായ എംഎസ്എംഇയെ ശക്തിപ്പെടുത്തുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതി

Tuesday, Nov 02, 2021
Reported By Aswathi Nurichan
msme

നിലവിലെ സംരംഭകര്‍ക്കും സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പദ്ധതിയില്‍ അപേക്ഷിക്കാം.


ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ ചുരുക്കപ്പേരാണ് എംഎസ്എംഇ. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക പങ്കാണ് എംഎസ്എംഇക്കുള്ളത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് വന്‍ തിരിച്ചടി നേരിട്ടതും എംഎസ്എംഇക്കാണ്.

രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് പ്രധാന പങ്ക് വഹിക്കുന്ന എംഎസ്എംഇയെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. അതിനാല്‍ തന്നെ എംഎസ്എംഇ സംരംഭങ്ങളെ വളര്‍ത്തിയെടുക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു പദ്ധതിയെ പരിചയപ്പെടാം.

കേന്ദ്ര വ്യവസായ മന്ത്രാലയം നടപ്പാക്കിവരുന്ന ഒരു ചെറുകിട വ്യവസായ പ്രോല്‍സാഹന പദ്ധതിയാണ് ക്രെഡിറ്റ് ലിങ്കഡ് ക്യാപിറ്റല്‍ സബ്ബ്സിഡി. 100% സബ്‌സിഡി സ്‌കീമാണ്. സൂക്ഷ്മ - ചെറുകിട വ്യവസായ സംരംഭങ്ങളില്‍ മെച്ചപ്പെട്ട സാങ്കേതിക വിദ്യ സമ്പാദിക്കുന്നതിനും ഉല്‍പാദനം മെച്ചപ്പെടുത്തുന്നതിനും ഗുണനിലവാരം ഉയര്‍ത്തുന്നതിനുമായിട്ടാണ് ഈ സാമ്പത്തിക ആനുകൂല്യം നല്‍കുന്നത്. മെഷിനറികളും മറ്റും സമ്പാദിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ആനുകൂല്യം.

അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് എംഎസ്ഇകളില്‍ സാങ്കേതിക നവീകരണം സുഗമമാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിലവിലെ സംരംഭകര്‍ക്കും സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പദ്ധതിയില്‍ അപേക്ഷിക്കാം.

1 കോടി രൂപ വരെയുള്ള ധനസഹായത്തിന് 15 ശതമാനം വരെ സബ്സിഡി ലഭിക്കും. അതായത് ഗുണഭോക്താക്കള്‍ 15 ലക്ഷം കിഴിച്ചുള്ള തുക മാത്രം തിരിച്ചടച്ചാല്‍ മതിയാകും. എസ് സി/എസ് ടി വിഭാഗത്തിനും വനിതകള്‍ക്കും ന്യായമായ ഇളവുകള്‍ പദ്ധതി വാഗ്ദാനം ചെയ്യുന്നു.

അപേക്ഷയിലെ നടപടികള്‍

വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍തന്നെ ഇതു പ്രകാരമുള്ള ആനുകൂല്യത്തിനും അപേക്ഷിക്കണം. വായ്പ അനുവദിച്ച് മൂന്നു മാസത്തിനുള്ളില്‍ ബാങ്ക് വഴി തന്നെ അപേക്ഷ സമര്‍പ്പിക്കണം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയും ബന്ധപ്പെട്ട രേഖകളും സഹിതം കേന്ദ്ര വ്യവസായ മന്ത്രാലയത്തിന്റെ ന്യൂഡല്‍ഹി ഓഫിസിലേക്കാണ് അയച്ചു കൊടുക്കേണ്ടത്. സിഡ്ബി (SIDBI) വഴിയാണ് സബ്‌സിഡി ആനുകൂല്യം സംരംഭകനു ലഭിക്കുന്നത്. വിവരങ്ങള്‍ക്ക്: www.msmedithrissur.gov.in


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.