- Trending Now:
ഏത് ഒരു ബിസിനസ് തുടങ്ങുമ്പോഴും അതിനായി ചെലവാക്കേണ്ടി വരുന്ന വലിയ മൂലധനം പലരെയും വിഷമത്തിലാക്കാറുണ്ട്.എത്രയൊക്കെ സിംപിളാക്കിയാലും വലിയൊരുതുക നിക്ഷേപിച്ചാല്‍ മാത്രമെ ഒരു ചെറു സംരംഭം പോലും തുടങ്ങാന്‍ സാധിക്കുള്ളു എന്നാണ് പലരുടെയും ചിന്ത.ഇനി പറയാന്‍ പോകുന്നത് കേവലം 5000 രൂപയ്ക്ക് താഴെ മാത്രം പണം ആവശ്യമായി വരുന്ന ചില ബിസിനസ് സംരംഭങ്ങളെ കുറിച്ചാണ്.
നിങ്ങള്‍ തന്നെ ബിസിനസ്
നിങ്ങള്‍ ഏതെങ്കിലും ഒരു മേഖലയില്‍ പ്രൊഫഷണല്‍ ആണെങ്കില്‍ മറ്റൊരു ബിസിനസിനായി തലപുകയ്‌ക്കേണ്ട.നിങ്ങളുടെ പ്രൊഫഷണല്‍ സേവനം ആവശ്യമുള്ളവര്‍ക്കായി ഒരു സ്ഥാപനം തന്നെ തുടങ്ങാം. നിങ്ങള്‍ ഒരു എക്കൗണ്ടന്റ് ആണെങ്കില്‍ ബുക്ക് കീപ്പിംഗ്, ടാക്സ് റിട്ടേണ്‍സ്, ബാലന്‍സ് ഷീറ്റ്, ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട്സ്, ഇന്‍കം സ്റ്റേറ്റ്മെന്റ് തുടങ്ങിയവ തയാറാക്കുന്നതുമായി ബന്ധപ്പെട്ട സേവനം ആവശ്യമുള്ളവര്‍ക്ക് ഫീസ് വാങ്ങി അത് നല്‍കാം.ഇനി നിങ്ങള്‍ വെബ് ഡെവലപര്‍, ഗ്രാഫിക് ഡിസൈനര്‍ തുടങ്ങിയ മേഖലകളില്‍ പ്രാവീണ്യമുളളവരാണെങ്കിലും വെബ്‌സൈറ്റ് ഡിസൈനിംഗ്,അനിമേഷന്‍,ലോഗോ ഡിസൈനിംഗ് തുടങ്ങി പലതിനും ആവശ്യക്കാര്‍ സമീപിക്കുമെന്ന് ഉറപ്പാണ്.
ഈ തരത്തിലൊരു ബിസിനസ് ആരംഭിക്കുമ്പോള്‍ ആകര്‍ഷകമായ ബിസിനസ് കാര്‍ഡും നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന സേവനങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സര്‍വീസ് ബ്രോഷറും തയാറാക്കുക. നിങ്ങളുടെ മേഖലയെ ആശ്രയിക്കുന്ന ആളുകളുടെ അടുത്ത് അത് എത്തിക്കുക. മിക്ക ചെറുകിട സ്ഥാപനങ്ങള്‍ക്കും ഇത്തരം സേവനം ആവശ്യമുണ്ട്.തുടക്കത്തില്‍ പ്രാദേശികതലത്തില്‍ പരസ്യങ്ങള്‍ ചെയ്യേണ്ടി വന്നേക്കാം. ഏതാനും ഇടപാടുകാരെ കിട്ടിയാല്‍ അവരുടെ അടുത്തുനിന്ന് കൂടുതല്‍ ഇടപാടുകാര്‍ക്കായി റഫറന്‍സ് ചോദിക്കാം. ഏറ്റവും മികച്ച സേവനം നല്‍കി ഇടപാടുകാരുടെ ശ്രദ്ധപിടിച്ചു പറ്റിയാല്‍ പിന്നെ പിന്‍തിരിഞ്ഞു നോക്കേണ്ടി വരില്ല.10,000 രൂപ മുതല്‍ 50,000 രൂപ വരെ പ്രതിമാസം വരുമാനം നേടാം. കൂടുതല്‍ ഇടപാടുകാരെ കിട്ടുന്നതോടെ കൂടുതല്‍ ആളുകളെ നിയമിച്ച് ഇത് നിങ്ങള്‍ക്ക് ഒരു സ്ഥാപനമായി വളര്‍ത്തിയെടുക്കാം.
വീട് തന്നെ ബിസിനസ്
സ്‌കൂളിലും കോളേജിലും പോയാലും പിന്നെയും ഹോം ട്യൂഷന്‍ ഇതാണ് കഴിഞ്ഞ കുറച്ചധികം കാലമായി മലയാളി വിദ്യാര്‍ത്ഥികളുടെ ഒരുപതിവ്.കോവിഡ് കാലമായപ്പോള്‍ ഹോം ട്യൂഷന്‍ ഓണ്‍ലൈന്‍ ആയി സ്‌കൂളും കോളേജും പൂട്ടിയിട്ടും സംഭവം പൊടിപൊടിക്കുന്നു.ഇനിയിപ്പോള്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിനൊപ്പം ഹോം ട്യൂട്ടറിംഗും വീണ്ടും നേരിട്ടുള്ള ട്യൂഷന്‍ ആയി മാറിയേക്കും.
വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ട്യൂഷന് പ്രാപ്തരായവരെ കിട്ടാതെ വിഷമിക്കുകയാണ് മിക്ക മാതാപിതാക്കളും. കണക്ക്, ഇംഗ്ലീഷ്, കംപ്യൂട്ടര്‍ തുടങ്ങിയ വിഷയങ്ങളുടെ പഠനത്തിന് ഇന്ന് മിക്ക കുട്ടികള്‍ക്കും ട്യൂഷന്‍ അനിവാര്യമാണ്. ഇത്തരം വിഷയങ്ങള്‍ കുട്ടികള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ ലളിതമായി പറഞ്ഞുകൊടുക്കാന്‍ കഴിവുണ്ടെങ്കില്‍ നിങ്ങള്‍ക്കും ഹോം ട്യൂട്ടറിംഗ് ആരംഭിക്കാം.
പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന വിഷയത്തെക്കുറിച്ച് നല്ല പരിജ്ഞാനമുള്ള ഒരു പ്രൊഫഷണലായിരിക്കണം നിങ്ങള്‍. സമീപത്തുള്ള സ്വകാര്യ സ്‌കൂളുകളുമായി ബന്ധപ്പെട്ട് നിങ്ങളുടെ സേവനം വാഗ്ദാനം ചെയ്യാം. താല്‍പ്പര്യമുള്ള മാതാപിതാക്കളെ കണ്ടെത്താന്‍ സ്‌കൂളുകള്‍ സഹായിക്കും. നിങ്ങളുടെ വീട്ടിലോ വാടകയ്ക്ക് എടുത്ത സ്ഥലത്തോ ഒരു മുറി ആവശ്യമാണ്. ഒരോരുത്തര്‍ക്കും പ്രത്യേകം ട്യൂഷന്‍ നല്‍കാന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍ നിങ്ങളുടെ സമയം അതിനനുസരിച്ച് ക്രമീകരിക്കുക.ഓണ്‍ലൈന്‍ വഴിയാണ് ക്ലാസുകള്‍ നല്‍കുന്നതെങ്കിലും ഇത്തരം ക്രമീകരണങ്ങള്‍ക്കൊപ്പം ഇന്റര്‍നെറ്റ് ഫെസിലിറ്റി കൂടി ആവശ്യമായി വരുമെന്ന് മാത്രം.ഡാന്‍സ്, സംഗീതം, സ്പോര്‍ട്സ് തുടങ്ങിയവയില്‍ പ്രാവീണ്യമുള്ളവര്‍ക്ക് വീട്ടില്‍ തന്നെ ചെറിയ ടാലന്റ് സ്‌കൂള്‍ തുടങ്ങാം. എയ്റോബിക്സ്, യോഗ, മെഡിറ്റേഷന്‍ തുടങ്ങിയവയില്‍ അറിവുള്ളവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട പരിശീലന കേന്ദ്രങ്ങളും തുടങ്ങാം.പ്രതിമാസം കുറഞ്ഞത് 5000 രൂപ മുതല്‍ 25000 രൂപ വരെ ഈ ബിസിനസ് വഴി സമ്പാദിക്കുന്നവരുണ്ട്.
സെയ്ല്‍സ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍
ആത്മവിശ്വാസത്തോടെ ആളുകളെ ഏത് സാഹചര്യത്തിലും കാണാനും അനായാസം സംസാരിക്കാനും സാമര്‍ത്ഥ്യമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് സെയ്ല്‍സ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കമ്പനി തുടങ്ങാം. ഇത്തരം സ്ഥാപനങ്ങളുടെ സേവനം അത്യാവശ്യമായ നിരവധി ഉല്‍പ്പന്നങ്ങള്‍ ഇന്ന് വിപണിയിലുണ്ട്. ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന പ്രൊഫഷനുകളിലൊന്നാണ് സെല്ലിംഗ്. ഏതുല്‍പ്പന്നം വില്‍ക്കുന്നു, ആര്‍ക്കൊക്കെ വില്‍ക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു പ്രതിഫലത്തിന്റെ അളവ്.ആദ്യം ഏതുല്‍പ്പന്നമാണ് വില്‍ക്കുവാനായി തെരഞ്ഞെടുക്കേണ്ടത് എന്ന് തീരുമാനിക്കുക.ഇന്‍ഡക്ഷന്‍ കുക്കിംഗ് സിസ്റ്റമോ ക്ലീനിംഗ് വസ്തുക്കളോ സ്റ്റേഷനറി സാധനങ്ങളോ ഡയറക്റ്റ് മാര്‍ക്കറ്റിംഗ് ഉല്‍പ്പന്നങ്ങളോ ആകാം. ആ ഉല്‍പ്പന്നത്തിന്റെ മൊത്ത വ്യാപാരിയുമായോ ഉല്‍പ്പാദകനുമായോ ബന്ധപ്പെടുക.
10000 - 50000 രൂപയുടെ വരുമാനം പ്രതിമാസം നേടാം. ബിസിനസ് വളരുമ്പോള്‍ സ്വന്തമായി ഓഫീസ് തുറക്കുകയും സ്ഥാപനം രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുക. നിരവധി ആളുകള്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡയറക്റ്റ് മാര്‍ക്കറ്റിംഗ് കമ്പനി രൂപീകരിക്കാന്‍ കഴിഞ്ഞാല്‍ ലക്ഷക്കണക്കിന് രൂപയുടെ വരുമാനം ഉണ്ടാക്കാം.
ടൂറിസ്റ്റിനെ ചുറ്റിപിടിക്കാം
ഏതെങ്കിലും വിനോദ സഞ്ചാര കേന്ദ്രത്തിനോ കടലിനോ പുഴയ്ക്കോ തടാകത്തിനോ മലയ്ക്കോ വെള്ളച്ചാട്ടത്തിനോ അടുത്താണോ നിങ്ങളുടെ വീട്? ആതിഥേയ വ്യവസായ രംഗത്തേക്ക് ബെഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ്റ് ബിസിനസിലൂടെ നിങ്ങള്‍ക്കും ചുവടുവെക്കാം.മുറിയും പരിസരവും ഏറ്റവും വൃത്തിയായി സൂക്ഷിക്കുക. 24 മണിക്കൂറും വെള്ളവും വൈദ്യുതിയും ഉണ്ടായിരിക്കണം. വിനോദസഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്നത് ഇതാണ്. 250 മുതല്‍ 500 രൂപ വരെ വാടകയ്ക്ക് മുറി നല്‍കാം.
ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ട്രാവല്‍ ഏജന്‍സികള്‍, ടാക്സി ഡ്രൈവര്‍മാര്‍ തുടങ്ങിയവരുമായി ബന്ധം സ്ഥാപിക്കുക. നിങ്ങളുടെ അയല്‍ വീട്ടുകാരോടും ഇതേപോലെ മുറികള്‍ സജ്ജമാക്കാന്‍ പറയുക. നിങ്ങള്‍ക്ക് ഒന്നില്‍ കൂടുതല്‍ വിനോദ സഞ്ചാരികളെ ലഭിച്ചാല്‍ അയല്‍ വീട്ടുകാര്‍ക്കും നല്‍കാം. അങ്ങനെ നിങ്ങള്‍ക്ക് ബെഡ് ആന്‍ഡ് ബ്രേക്ക് ഫാസ്റ്റിന്റെ ചെയ്ന്‍ തന്നെ ഉണ്ടാക്കാം. താമസിക്കാന്‍ വരുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ എല്ലാം കൃത്യമായി പരിശോധിച്ചിരിക്കണം. കൂടുതല്‍ കാലം താമസിക്കുന്നവര്‍ക്ക് വാടകയില്‍ ഇളവ് നല്‍കുക. അവരെ ദീര്‍ഘകാലം താമസിക്കുന്ന പേയിംഗ് ഗസ്റ്റുകളാക്കി മാറ്റുകയും ആവാം. വാടകയ്ക്ക് നല്‍കാനായി എത്ര മുറികള്‍ ഉണ്ടോ അതിന് അനുസരിച്ച് വരുമാനവും കൂടും. പ്രതിമാസം 5000 മുതല്‍ 30000 രൂപ വരെ നേടാം.
ഇത്തരത്തില്‍ പലവിധ സംരംഭങ്ങള്‍ക്കും മുടക്കു മുതല്‍ ആയിരങ്ങള്‍ക്ക് താഴെയാണ് എന്നാല്‍ പ്രതിമാസം പതിനായിരക്കണക്കിന് രൂപ വരുമാനവും നേടാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.