Sections

പണ ചെലവില്ലാതെ ബിസിനസിനെ ജനങ്ങളുടെ മനസില്‍ പ്രതിഷ്ഠിക്കാം

Thursday, Sep 09, 2021
Reported By Aswathi Nurichan
business strategy

മാര്‍ക്കറ്റിംഗിന് ആവശ്യമായ കസ്റ്റമര്‍ അക്വസിഷന്‍ കോസ്റ്റ് കുറയ്ക്കുകയെന്നത് ബിസിനസ് മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള പ്രധാന ഘടകമാണ്.


ബിസിനസ് ആരംഭിക്കുന്നവരെ ഏറ്റവും കൂടുതല്‍ അലട്ടുന്ന പ്രശ്‌നമാണ് മാര്‍ക്കറ്റിംഗ്. മാര്‍ക്കറ്റിംഗ് തന്ത്രം വിജയിച്ചാല്‍ മാത്രമേ ബിസിനസില്‍ വിജയം നേടാന്‍ സാധിക്കുകയുള്ളൂ. ബിസിനസില്‍ മാര്‍ക്കറ്റിംഗ് നടത്തുന്നതിനായി വലിയ രീതിയിലുള്ള പണച്ചെലവുണ്ട്. എന്നാല്‍ പൈസ ചെലവില്ലാതെ ബിസിനസ് മാര്‍ക്കറ്റ് ചെയ്യാന്‍ താല്‍പര്യമുണ്ടോ? 

ഏറ്റവും പൈസ കുറച്ച് കൊണ്ട് കൂടുതല്‍ ആളുകളിലേക്ക് ബിസിനസ് എത്തിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. മാര്‍ക്കറ്റിംഗിന് ആവശ്യമായ കസ്റ്റമര്‍ അക്വസിഷന്‍ കോസ്റ്റ് കുറയ്ക്കുകയെന്നത് ബിസിനസ് മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള പ്രധാന ഘടകമാണ്. അതിനായുള്ള ബിസിനസ് തന്ത്രമാണ് ഗറില്ലാ മാര്‍ക്കറ്റിംഗ്. 

1984 ആവിര്‍ഭവിച്ച ബിസിനസ് തന്ത്രമാണ് ഗറില്ലാ മാര്‍ക്കറ്റിംഗ്. സാധാരണ രീതിയിലുള്ള ആക്രമണങ്ങള്‍ക്ക് ഉപരിയായി ഒളിഞ്ഞും തെളിഞ്ഞും ജനങ്ങളെ ആശ്ചര്യപ്പെടുത്തുന്ന തന്ത്രമാണ് ഗറില്ലാ മാര്‍ക്കറ്റിംഗ്. സാധാരണ മാര്‍ക്കറ്റിംഗ് രീതികളെ ഒഴിവാക്കി ആളുകളുടെ വികാരങ്ങളെ മനസിലാക്കി അവരെ ആശ്ചര്യപ്പെടുത്തി കൊണ്ട് ജനങ്ങളുടെ മനസിലേക്ക് ബ്രാന്‍ഡിനെ പ്രതിഷ്ഠിക്കുന്ന മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുകയാണ് ഗറില്ലാ മാര്‍ക്കറ്റിംഗിലൂടെ ചെയ്യുന്നത്.

പക്ഷേ അതിന് സര്‍ഗാത്മകതയും നെസ്സിര്‍ഗതയും ആവശ്യമായതിനാല്‍ എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നല്ല ഈ മാര്‍ക്കറ്റിംഗ് രീതി. ഉദാഹരണമായി, ചെലോരത് റെഡ്യാകും, ചെലോരത് റെഡ്യാകൂല, എന്നു തുടങ്ങുന്ന ഒരു കുട്ടിയുടെ വീഡിയോ കുറച്ച് മുമ്പ് വൈറലായിരുന്നു. അതിന് ജനങ്ങളില്‍ നിന്ന് മികച്ച സ്വീകാര്യത ലഭിച്ചത് മനസിലാക്കി ഉടനെ തന്നെ മലബാര്‍ മില്‍മ അത് അവരുടെ പരസ്യ വാചകമായി എടുത്തു. ഇത് മികച്ച ഒരു സ്ട്രാറ്റജിയാണ്.

വൈറലായ ഒരു വീഡിയോയുടെ ചുവട് പിടിച്ച് കൊണ്ട് ഒട്ടും തന്നെ സമയം വൈകാതെ ഇത്തരത്തില്‍ താങ്കളുടെ ബ്രാന്‍ഡിനെ അവതരിപ്പിക്കുക. ആ വീഡിയോയ്ക്ക് ലഭിച്ചത്തിന്റെ ഏകദേശം സ്വീകാര്യത തന്നെ താങ്കളുടെ ബ്രാന്‍ഡിനും ലഭിക്കും. തുടര്‍ന്ന് അതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടാകുന്നതിലൂടെയും അതിനോട് പോസിറ്റീവായി പ്രതികരിക്കുന്നതിലൂടെയും ബ്രാന്‍ഡിന്റെ സ്വീകാര്യത കൂടുതല്‍ വര്‍ദ്ധിക്കും.

ഇന്ന് എല്ലാ ദിവസവും നിരവധി വീഡിയോകള്‍ വൈറലാകുന്നുണ്ട്. അതില്‍ പോസറ്റീവ് ആയതും താങ്കളുടെ ബിസിനസിന് യോജിക്കുന്നതുമായ വീഡിയോ കണ്ടുപിടിച്ച് താങ്കളുടെ ബ്രാന്‍ഡിനെ അതുമായി ബന്ധപ്പെടുത്താനും ശ്രദ്ധിക്കണം. എന്നാല്‍ ഉപയോഗിച്ച് പഴകിയ വാചകങ്ങള്‍ ഉപയോഗിച്ചാല്‍ അതിന് പുതുമ ലഭിക്കില്ല. അത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഉപയോഗിക്കാവുന്ന മികച്ച തന്ത്രമാണ് ഗറില്ലാ മാര്‍ക്കറ്റിംഗ്. 

സാധാരണ മാര്‍ക്കറ്റിംഗിന് ഉപയോഗിക്കുന്ന ചെലവിന്റെ ചെറിയൊരു ശതമാന മാത്രമാണ് ഗറില്ലാ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കേണ്ടി വരിക. ഗറില്ലാ മാര്‍ക്കറ്റിംഗ് പഴയ മാര്‍ക്കറ്റിംഗ് തന്ത്രമാണെങ്കിലും നിലവിലെ സാഹചര്യമാണ് ഗറില്ലാ തന്ത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന മികച്ച സമയം. കാരണം നിലവില്‍ എല്ലാവരും ഏറ്റവും കൂടുതല്‍ സമയം മൊബൈല്‍ ഉപയോഗിക്കാറുണ്ട്. അതിനാല്‍ മൊബൈല്‍ ഉപയോഗിച്ചു കൊണ്ട് ഈ തന്ത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കാവുന്നതാണ്. ഇനിയുള്ള കാലഘട്ടങ്ങളില്‍ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഗറില്ലാ മാര്‍ക്കറ്റിംഗ്. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.