- Trending Now:
ബാങ്ക് അക്കൗണ്ട് വഴിയാണ് ഈ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ സാധിക്കുക. രാജ്യത്തെ ഏത് ബാങ്ക് വഴിയും നിലവിലെ അക്കൗണ്ട് അല്ലെങ്കില്‍ ജന്‍ധന്‍ അക്കൗണ്ടുമായി ബന്ധപ്പെടുത്തി ഈ പദ്ധതിയില്‍ ചേരാവുന്നതാണ്
വാര്‍ദ്ധക്യ കാലത്ത് ലഭിക്കുന്ന തുക എല്ലാവര്‍ക്കും ആശ്വാസം നല്‍കുന്നതായിരിക്കും. എന്നാല്‍ ആ തുക സ്വന്തം അദ്ധ്വാനത്തിന്റെ നിന്ന് ലഭിക്കുന്ന പെന്‍ഷന്‍ ആയാലോ ? അത്തരം ഒരു പെന്‍ഷന്‍ പദ്ധതി പരിചയപ്പെടാം. അസംഘടിത മേഖലയിലുള്ള തൊഴിലാളികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പെന്‍ഷന്‍ പദ്ധതിയാണ് അഡല്‍ പെന്‍ഷന്‍ യോജന.
18 നും 40 നും ഇടയില്‍ പ്രായമുള്ള അസംഘടിത മേഖലയില്‍ പെടുന്നവര്‍ക്ക് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ അഡല്‍ പെന്‍ഷന്‍ യോജന ആരംഭിച്ചത്. അംഗങ്ങള്‍ക്ക് 60 വയസ് എത്തുമ്പോള്‍ 1000 മുതല്‍ 5000 രൂപ വരെ മാസം പെന്‍ഷന്‍ ലഭിക്കുന്നതാണ് പദ്ധതി. പ്രായത്തിനനുസരിച്ച് അടയ്ക്കുന്ന തുകയില്‍ വ്യത്യാസമുണ്ട്. നേരെത്തെ തന്നെ പദ്ധതിയില്‍ ചേരാന്‍ കഴിഞ്ഞാല്‍ അടയ്‌ക്കേണ്ട തുക കുറവായിരിക്കും. അടവ് തുക പിന്നീട് അംഗത്തിനോ നോമിനിയ്ക്കോ ലഭിക്കുകയും ചെയ്യും.
ബാങ്ക് അക്കൗണ്ട് വഴിയാണ് ഈ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ സാധിക്കുക. രാജ്യത്തെ ഏത് ബാങ്ക് വഴിയും നിലവിലെ അക്കൗണ്ട് അല്ലെങ്കില്‍ ജന്‍ധന്‍ അക്കൗണ്ടുമായി ബന്ധപ്പെടുത്തി ഈ പദ്ധതിയില്‍ ചേരാവുന്നതാണ്. അതിനു വേണ്ടിയുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങളുടെയും മറ്റും നടപടികള്‍ ബാങ്ക് ചെയ്തു തരുന്നതാണ്. 210 മുതല്‍ 1454 രൂപ വരെയാണ് അടവ് തുക.
എന്നാല്‍ അഡല്‍ പെന്‍ഷന്‍ യോജന പെന്‍ഷന്‍ പദ്ധതിയെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ബാങ്കുകള്‍ നല്‍കുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഇതിന് പരിഹാരമായി പെന്‍ഷന്‍ റെഗുലേറ്ററി ഡവലപ്മെന്റ് അതോറിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട സകല വിവരങ്ങളും ബാങ്കില്‍ പ്രദര്‍ശിപ്പിക്കണമെന്ന നടപടിയെടുത്തത്.
ഈ പദ്ധതിയില്‍ ബാങ്കുകള്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞാണ് അതോറിറ്റി ബാങ്കുകള്‍ക്ക് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ അയച്ചത്. മറ്റ് പെന്‍ഷന്‍ പദ്ധതികളെ പോലെയല്ല അഡല്‍ പെന്‍ഷന്‍ യോജന. ബാങ്കുകളിലൂടെയാണ് ഇതില്‍ അംഗമാകുന്നത്. ഈ സാഹചര്യത്തില്‍ ബാങ്കുകള്‍ ഇത് നിരുത്സാഹപ്പെടുത്തിയാല്‍ പദ്ധതി ലക്ഷ്യപ്രാപ്തിയില്‍ എത്തില്ല.
അതുകൊണ്ട് ബാങ്കുകളില്‍ പ്രദര്‍ശിപ്പിക്കുന്ന പദ്ധതികളെക്കുറിച്ച് മനസിലാക്കാന്‍ നിങ്ങള്‍ ശ്രമിക്കുക. പെന്‍ഷന്‍ അക്കൗണ്ട് തുറക്കല്‍, ഗുണഭോക്താക്കളുടെ വിശദവിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യല്‍, പെന്‍ഷന്‍ ഫണ്ട് നിലവിലുള്ളതില്‍ നിന്ന് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യല്‍, പണം പിന്‍വലിക്കല്‍ ഇങ്ങനെ എല്ലാത്തരം സേവനങ്ങളും നിങ്ങള്‍ ചെയ്ത് തരാന്‍ ബാങ്കുകള്‍ക്ക് ഉത്തരവാദിത്വമുണ്ട്.
നിങ്ങള്‍ക്ക് അര്‍ഹമായത് ചോദിച്ച് വാങ്ങാന്‍ മടിക്കരുത്. നിങ്ങള്‍ക്ക് ഈ പെന്‍ഷന്‍ പദ്ധതിയുടെ ആവശ്യമില്ലെങ്കില്‍ പരിചയത്തിലുള്ള അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുക. ശാരീരിക പ്രശ്‌നങ്ങളോ അറിവില്ലായ്മയോ മൂലം ആര്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ഇത്തരത്തിലുള്ള സഹായങ്ങള്‍ ലഭിക്കാതിരിക്കരുത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.