- Trending Now:
പണമിടപാട് സംബന്ധിച്ച കാര്യമായത് കൊണ്ട് അബദ്ധങ്ങള്‍ സംഭവിച്ചാല്‍ അത് വലിയൊരു ബുദ്ധിമുട്ടായി മാറും
മിക്ക ആളുകള്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടാകും. ബാങ്ക് ഇടപാടുകള്‍ക്കായി ഡെബിറ്റ് കാര്‍ഡ് ആയിരിക്കും ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്നത്. നിലവില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരും ഒത്തിരി പേരുണ്ട്. എന്നാല്‍ ആദ്യമായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന വ്യക്തിയാണോ നിങ്ങള്‍? എന്നാല്‍ ചില കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം. ഓരോ മാസത്തില്‍ അല്ലെങ്കില്‍ ഓരോ ബില്ലിംഗ് കാലയളവിന്റെ അവസാനത്തിലും ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് അയക്കും.
നിങ്ങള്‍ ബില്ലിംഗ് കാലയളവില്‍ അല്ലെങ്കില്‍ ആ മാസം എന്തൊക്കെ ഇടപാടുകള്‍ നടത്തി എന്നത് ആ അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റില്‍ വ്യക്തമാക്കിയിട്ടുണ്ടാവും. നിങ്ങള്‍ ആദ്യമായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന വ്യക്തിയാണെങ്കില്‍ ഒരു പക്ഷെ നിങ്ങള്‍ക്ക് സ്‌റ്റേറ്റുമെന്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മനസിലാക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായേക്കാം. ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ ഈ സ്റ്റേറ്റ്‌മെന്റ് കൃത്യമായി മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം അധിക ചാര്‍ജുകള്‍ മനസിലാക്കാന്‍ ഇത് സഹായിക്കും. ആദ്യമായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന ആളുകള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ നോക്കാം.
സ്റ്റേറ്റ്‌മെന്റ് തീയതി
നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്‌മെന്റിന്റെ തീയതി വളരെ പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യമാണ്. കാരണം സ്റ്റേറ്റ്‌മെന്റ് ജനറേറ്റ് ചെയ്യുന്ന തീയതി മുതല്‍ ആണ് നിങ്ങളുടെ ഇടപാടുകള്‍ ബാങ്ക് കണക്കുകൂട്ടുന്നത്. അതിനാല്‍ തന്നെ തവണകള്‍ അടയ്ക്കുന്നതില്‍ താമസം വന്നാല്‍ നിങ്ങള്‍ക്ക് വരുന്ന പലിശ ഈ തീയതിയെ അടിസ്ഥാനമാക്കിയാകും. സ്റ്റേറ്റ്മെന്റ് തീയതി പ്രകാരം ബാങ്ക് പലിശ ഈടാക്കും. അതിനാല്‍ സ്റ്റേറ്റ്മെന്റ് തീയതി പ്രധാനമായും ശ്രദ്ധിക്കുക.
പേയ്മെന്റ് നടത്തേണ്ട അവസാന തീയതി
സ്റ്റേറ്റ്‌മെന്റ് ജനറേറ്റ് ചെയ്യുന്ന തീയതി ശ്രദ്ധിക്കുന്നപോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് പേയ്മെന്റ് നടത്തേണ്ട അവസാന തീയതിയാണ്. നിങ്ങള്‍ക്ക് അനാവശ്യ പലിശ നിരക്കുകള്‍ ഒഴിവാക്കണമെങ്കില്‍, 'പേയ്മെന്റ് ഡ്യൂ ഡേറ്റ് ശ്രദ്ധിക്കുക. തുകയുടെ പേയ്മെന്റ് ലഭിക്കുന്നതിന് നിങ്ങളുടെ ബാങ്ക് പ്രതീക്ഷിക്കുന്ന തീയതിയാണിത്. ഈ തീയതിയില്‍ നിങ്ങള്‍ പേയ്‌മെന്റ് ചെയ്തില്ലെങ്കില്‍ ബാങ്കുകള്‍ അധിക പലിശ ഈടാക്കാന്‍ സാധ്യതയുണ്ട്.
ബില്ലിംഗ് സൈക്കിള്‍
രണ്ട് പേയ്‌മെന്റ് സമയത്തിനിടയില്‍ വരുന്ന കാലയളവാണ് ബില്ലിംഗ് സൈക്കിള്‍. സാധാരണയായി ഇത് 30 ദിവസമാണ്. ഒരു ബില്ലിംഗ് സൈക്കിള്‍ എന്നത് ഒരു സ്റ്റേറ്റ്‌മെന്റ് ജനറേറ്റ് ചെയ്ത് അടുത്ത സ്റ്റേറ്റ്‌മെന്റ് ജനറേറ്റ് ചെയ്യുന്ന കാലയളവാണ്. ബില്ലിംഗ് കാലയളവില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തിയ എല്ലാ ഇടപാടുകളും സ്റ്റേറ്റ്‌മെന്റില്‍ ഉണ്ടാകും.
ഗ്രേസ് പിരീഡ്
പേയ്‌മെന്റ് നടത്തേണ്ട അവസാന തിയതി മുതല്‍ 3 ദിവസത്തിനുള്ളില്‍ തുക അടച്ചില്ലെങ്കില്‍ ആര്‍ബിഐ നിയമങ്ങള്‍ അനുസരിച്ച് ബാങ്കുകള്‍ക്ക് അധിക ചാര്‍ജുകള്‍ ചുമത്തും. ഈ കാലയളവാണ് ഗ്രേസ് പിരീഡ്. ഗ്രേസ് പിരീഡിനുള്ളില്‍ പണമടച്ചില്ലെങ്കില്‍, പലിശ ചുമത്താന്‍ ബാങ്കിന് സ്വാതന്ത്ര്യമുണ്ട്.
അടയ്ക്കേണ്ട മൊത്തം തുക
നിങ്ങള്‍ നല്‍കേണ്ട മൊത്തം തുക എന്നാല്‍ ഒരു ബില്ലിംഗ് സൈക്കിള്‍ കാലയളവില്‍ നിങ്ങള്‍ ബാങ്കിന് നല്‍കേണ്ട തുകയാണ്. ഇതില്‍ ഈ മാസം നിങ്ങള്‍ നല്‍കേണ്ട തുകയും ഒപ്പം വാര്‍ഷിക നിരക്കുകള്‍, സേവന നിരക്കുകള്‍, മറ്റ് ഇടപാട് ഫീസ് എന്നിവയും ഉള്‍പ്പെടുന്നു.
അടയ്ക്കേണ്ട ഏറ്റവും കുറഞ്ഞ തുക
പേയ്മെന്റ് ചെയ്യേണ്ട തീയതിക്കുള്ളില്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് ഉടമ അവരുടെ ബില്ലില്‍ അടയ്ക്കേണ്ട ഏറ്റവും കുറഞ്ഞ തുകയാണിത്. ഈ തുക അടച്ചു കഴിഞ്ഞാല്‍ ബാങ്ക് ഏര്‍പ്പെടുത്തുന്ന പലിശയില്‍ നിന്നും നിങ്ങള്‍ക്ക് ഒഴിവാകാന്‍ കഴിയും.
പുതിയ ഒരു കാര്യം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ആശയകുഴപ്പങ്ങള്‍ ഈ കാര്യത്തിലും ഉണ്ടാകാം. എന്നാല്‍ അവയെ നിസാരമായി കാണാതെ എല്ലാ കാര്യങ്ങളും മനസിലാക്കാന്‍ ശ്രമിക്കണം. പണമിടപാട് സംബന്ധിച്ച കാര്യമായത് കൊണ്ട് അബദ്ധങ്ങള്‍ സംഭവിച്ചാല്‍ അത് വലിയൊരു ബുദ്ധിമുട്ടായി മാറും. വായ്പ എടുക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തി കൊണ്ട് തന്നെ മുന്നോട്ട് പോകുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.