Sections

ബാങ്കിംഗ് ശാഖകള്‍ ഇല്ലാതെ ബാങ്കിംഗ് ഇടപാടോ, അറിയാം നിയോ ബാങ്കിനെ കുറിച്ച്

Sunday, Oct 17, 2021
Reported By Aswathi Nurichan
neo banking

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയമങ്ങള്‍ക്ക് കീഴില്‍ വരുന്ന വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവയല്ല നിയോ ബാങ്കുകള്‍


കോവിഡ് കാലത്ത് എല്ലാവരും പരമാവധി വീടുകളില്‍ തന്നെ തുടരുവാന്‍ നിര്‍ബന്ധിതരായി. അത്യാവശ്യ കാര്യങ്ങള്‍ വേണ്ടി മാത്രം പൊതു ഇടങ്ങളിലേക്കുള്ള യാത്ര അനുവദിക്കപ്പെട്ട ഈ കാലത്ത് ഡിജിറ്റല്‍ ബാങ്കിംഗിലേക്കും ചുവടുമാറേണ്ടി വന്നു. തുടര്‍ന്നാണ്‌ ഇന്ത്യയില്‍ നിയോ ബാങ്കുകള്‍ ഏറെ ജനകീയമായി മാറിയത്‌. അതിന്റെ പ്രധാന കാരണം കോവിഡ് 19 രോഗ വ്യാപനം തന്നെയാണ്.

ബാങ്കിംഗ് ശാഖകള്‍ ഇല്ലാതെ തന്നെ ഉപയോക്താക്കള്‍ക്ക് ബാങ്കിംഗ് ഇടപാടുകള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കുന്ന സംവിധാനത്തെയാണ് അടിസ്ഥാനപരമായി നിയോ ബാങ്കുകള്‍ എന്ന് പറയുന്നത്. മറ്റ് സ്മോള്‍ ബാങ്കുകളുമായുള്ള നിയോ ബാങ്കിംഗ് പ്ലാറ്റ്ഫോമുകളുടെ ബിസിനസ് പങ്കാളിത്തം സേവിംഗ്സ് അക്കൗണ്ടുകളില്‍ നിക്ഷേപകര്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുവാനും നിയോ ബാങ്കുകള്‍ക്ക് സാധിക്കുന്നു. 

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയമങ്ങള്‍ക്ക് കീഴില്‍ വരുന്ന വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവയല്ല നിയോ ബാങ്കുകള്‍. തത്സമയ വായ്പകള്‍, സേവിംഗ്സ് അക്കൗണ്ടുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, സ്ഥിര നിക്ഷേപങ്ങള്‍ തുടങ്ങിയ ബാങ്കിംഗ് സേവനങ്ങള്‍ നിയോ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ആര്‍ബിഐയുടെ ലൈസന്‍സ് ഉള്ള ചില സ്മോള്‍ ബാങ്കുകളുമായി ചേര്‍ന്നാണ് നിയോ ബാങ്കുകള്‍ മേല്‍പ്പറഞ്ഞ ബാങ്കിംഗ് സേവനങ്ങളെല്ലാം ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

കൂടാതെ വെല്‍ത്ത് മാനേജ്മെന്റ് സേവനങ്ങളും ഇന്‍വസ്റ്റ്മെന്റ് അഡൈ്വസര്‍ ലൈസന്‍സുകളും നിയോ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. നേരിട്ട് ശാഖകളിലൂടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്തതിനായി ഈ ടെക് പ്ലാറ്റ്ഫോമുകളെല്ലാം മികച്ച അപ്ലിക്കേഷനുകളിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ ബാങ്കിംഗ് പ്രവര്‍ത്തനങ്ങളും നടത്തുന്നത് ആ അപ്ലിക്കേഷനുകളിലൂടെ തന്നെ. കോവിഡ് കാലത്ത് ഈ സേവനങ്ങള്‍ക്കായുള്ള ആവശ്യക്കാരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായി. നിങ്ങളുടെ ചിലവ് ശീലങ്ങള്‍ പിന്തുടരുവാനും പരിശോധിച്ച് വിലയിരുത്തുകയും ചെയ്യുന്ന നിയോ ബാങ്കുകളും നിലവിലുണ്ട്.

അതിന് പുറമേ സ്മോള്‍ ബാങ്കുകളുമായുള്ള നിയോ ബാങ്കുകളുടെ ബിസിനസ് പങ്കാളിത്തം സേവിംഗ്സ് അക്കൗണ്ടുകളില്‍ മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുവാനും അവയെ സഹായിക്കുന്നു. ഒരു നിയോ ബാങ്കിന് പല ലൈസന്‍സ്ഡ് ബാങ്കുകളുമായും പങ്കാളിത്തമുണ്ടാക്കാം. അതിലൂടെ ഫോറിന്‍ എക്സ്ചേഞ്ച് ട്രാന്‍സ്ഫര്‍, സേവിംഗ്സ് അക്കൗണ്ടുകള്‍ തുടങ്ങി പല തരത്തിലുള്ള സേവനങ്ങള്‍ ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുവാനും നിയോ ബാങ്കുകള്‍ക്ക് സാധിക്കുന്നു.

കേരളത്തിലെ ആദ്യത്തെ നിയോ ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത് പ്രമുഖ ഫിന്‍ടെക് സ്ഥാപനമായ ഏസ്വെയര്‍ ഫിന്‍ടെക്ക് സര്‍വ്വീസസ് ആണ്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏസ്വെയര്‍ ഫിന്‍ടെക്ക് സര്‍വ്വീസസ്, ഏസ് മണി നിയോ ബാങ്ക് എന്ന പേരിലാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. യെസ് ബാങ്കിന്റെയും ഐസിഐസിഐ ബാങ്കിന്റെയും സഹകരണത്തോടെയാണ് ഏസ് മണി നിയോ ബാങ്ക് പ്രവര്‍ത്തിക്കുക.

നിയോ ബാങ്കിംഗിന്റെ ആദ്യഘട്ടത്തില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍, കച്ചവട- ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ കറന്റ് അക്കൗണ്ടുകള്‍ ആരംഭിക്കുവാന്‍ സാധിക്കും. വീട്ടുപടിക്കല്‍ എടിഎം ലഭ്യമാകുന്ന മൈക്രോ എടിഎം സേവനം, പണം ട്രാന്‍സ്ഫര്‍ ചെയ്യല്‍, ബില്‍ അടയ്ക്കല്‍, റീചാര്‍ജ്, ഫാസ്ടാഗ്, കെട്ടിട, ഭൂനികുതികള്‍ അടയ്ക്കല്‍, ബസ്, ഫ്ളൈറ്റ്, സിനിമ ടിക്കറ്റ് ബുക്കിങ്, ആരോഗ്യ, വാഹന, യാത്ര ഇന്‍ഷൂറന്‍സുകള്‍, ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷ തുടങ്ങി അനവധി സേവനങ്ങള്‍ ഏസ് മണി ആപ്പിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.