Sections

ചെറുകിട- ഇടത്തര മേഖലയ്ക്ക് കൂടുതല്‍ വാഗ്ദാനങ്ങളുമായി ആക്സിസ് ബാങ്ക്

Wednesday, Oct 06, 2021
Reported By Admin
axis bank

ഗ്രാമീണ മേഖലയിലെ സ്വയംതൊഴില്‍ സംരംഭകര്‍ക്കും ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്കും കൂടുതല്‍ ഇളവുകള്‍ ബാങ്ക് നല്‍കും

 

ഗ്രാമീണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 'ഭാരത് ബാങ്ക്' യൂണിറ്റിന് രൂപം നല്‍കി ആക്സിസ് ബാങ്ക്. ഭാരത് ബാങ്ക് വഴി അര്‍ധ- നഗര, ഗ്രാമീണ മേഖലകളില്‍ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താനാണു സ്വകാര്യ ബാങ്കിങ് മേഖലയിലെ പ്രമുഖന്റെ തീരുമാനം. ഗ്രാമീണ മേഖലയിലെ വായ്പാ ആവശ്യകത ഉറപ്പാക്കുന്നതിനൊപ്പം സ്വയംതൊഴില്‍ സംരംഭകര്‍ക്കും ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്കും കൂടുതല്‍ ഇളവുകള്‍ ബാങ്ക് നല്‍കും.

ഗ്രാമീണ മേഖലയ്ക്ക് ആവശ്യമായ ധനകാര്യ ഉല്‍പ്പന്നങ്ങള്‍, ഡിജിറ്റല്‍ സാന്നിധ്യം ശക്തിപ്പെടുത്തല്‍, സി.എസ്.സി, വി.എല്‍.ഇ. തുടങ്ങിയതുമായുള്ള സഹകരണം, ബഹുമുഖ കാര്‍ഷികോല്‍പ്പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ബാങ്കിങ് സേവനം തുടങ്ങിയവയാണ് ഭാരത് ബാങ്കിങ് യൂണിറ്റിലൂടെ ആക്സിസ് ബാങ്ക് സാധ്യമാക്കുക. ഗ്രാമീണ എം.എസ്.എം.ഇ, സി.എസ്.സി, കോര്‍പറേറ്റ് കൃഷി തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി മൂവായിരത്തോളം ആളുകളെ ബാങ്ക് പുതുതായി ചേര്‍ക്കും.

പകര്‍ച്ചവ്യാധി സമയത്ത് 2,065 ശാഖകളിലൂടെ അര്‍ധ-നഗര, ഗ്രാമീണ മേഖലകളിലെ 80 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാന്‍ ബാങ്കിനായിരുന്നു. ഇതിനായി രൂപം നല്‍കിയ ഡീപ് ജിയോ സംരംഭത്തിന്റെ വിജയവും ലഭിച്ച മികച്ച പ്രതികരണവുമാണ് ഭാരത് ബാങ്ക് യൂണിറ്റിനു രൂപം നല്‍കാന്‍ പ്രചോദനമായത്. ഇതുവഴി ഈ വിഭാഗത്തിലെ വായ്പയില്‍ 18 ശതമാനവും ഗ്രാമീണ മേഖലയില്‍നിന്നുള്ള നിക്ഷേപത്തില്‍ 19 ശതമാനവും വാര്‍ഷിക വളര്‍ച്ച നേടാന്‍ ബാങ്കിനായി.

കൂടുതല്‍ ബാങ്കിങ് സേവനങ്ങള്‍ ഗ്രാമീണ മേഖലയില്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ഭാരത് ബാങ്കിങ്ങിന്റെ ഗ്രൂപ്പ് എക്‌സിക്യൂട്ടീവും തലവനുമായി മുനീഷ് ശര്‍ദയെ നിയമിച്ചിട്ടുണ്ട്. സാമ്പത്തിക സേവനങ്ങളില്‍ 27 വര്‍ഷത്തെ മികച്ച പ്രവര്‍ത്തന പാരമ്പര്യവുമായാണ് ശര്‍ദ ആക്സിസ് ബാങ്കിലെത്തുന്നത്. ഡിജിറ്റല്‍, ടെക് സ്റ്റാക്ക് എന്നിവയില്‍ ആഴത്തിലുള്ള വൈദഗ്ദ്ധ്യവും അദ്ദേഹത്തിനുണ്ട്. ഫ്യൂച്ചര്‍ ജനറലി ലൈഫ് ഇന്‍ഷുറന്‍സിന്റെ മാനേജിങ് ഡയറക്ടറും സി.ഇ.ഒ. സ്ഥാനത്തുനിന്നാണ് അദ്ദേഹം ആക്സിസ് ബാങ്കിലെത്തിയിരിക്കുന്നത്.

കാര്‍ഷിക മേഖലയിലെ പരിഷ്‌കാരങ്ങള്‍, അടിസ്ഥാന സൗകര്യ നിക്ഷേപങ്ങള്‍, ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ നമ്മുടെ മൂന്നാംനിര പട്ടണങ്ങളിലും ഗ്രാമീണ ഇന്ത്യയിലും, ഈ ദശകത്തിലെ വലിയ അവസരമാണ് ഒരുക്കുന്നത്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഈ മേഖലയില്‍ തങ്ങളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനായി ഒരു പ്രത്യേക വളര്‍ച്ചാ കേന്ദ്രീകൃത ഭാരത് ബാങ്ക് സൃഷ്ടിക്കുകയാണെന്ന് ആക്സിസ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ അമിതാഭ് ചൗധരി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.